KeralaLatest News

രാഖിമോള്‍ കൊലപാതകം: അന്വേഷണം ഊര്‍ജിതം, പ്രതിയെ തേടി പൊലീസ് സംഘം ഡല്‍ഹിയില്‍

തിരുവനന്തപുരം: അമ്പൂരിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതികളെ കണ്ടെത്താനായി പൊലീസ് സംഘം ഡല്‍ഹിയില്‍ . സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന സൈനികനായ അഖിലിനേയും സഹോദരന്‍ രാഹുലിനേയും കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് സംഘം ഡല്‍ഹിയിലെത്തിയത്. സൈനിക ഉദ്യോഗസ്ഥന്റെ വീട്ടിലാണ് അഖില്‍ ജോലി ചെയ്തിരുന്നതെന്നാണ് പൊലീസ് പറയുന്നത്.

തിരുവനന്തപുരം പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്തിന്റെ നിര്‍മ്മാണം നടക്കുന്ന വീടിന് സമീപത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം ഇരുപത്തിയൊന്നാം തീയതിയാണ് പൂവാര്‍ സ്വദേശിയായ രാഖിയെ കാണാതായത്. എറണാകുളത്ത് കോള്‍സെന്റര്‍ ജീവനക്കാരിയായ രാഖി ജോലിസ്ഥലത്തേക്ക് പോകുന്നു എന്ന് അറിയിച്ച് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. രാഖിയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് സുഹൃത്തായ സൈനികന്‍ അഖിലിലേക്ക് പൊലീസ് എത്തിയത്. ഒരു മിസ്‌കോളില്‍ തുടങ്ങിയ ഇവരുടെ ബന്ധം പ്രണയമായി മാറുകയായിരുന്നു.

ആറ് വര്‍ഷമായി രാഖിയും അഖിലും പ്രണയത്തിലായിരുന്നു എന്നാണ് വിവരം. വിവാഹം കഴിക്കണമെന്ന് രാഖി നിര്‍ബന്ധം പിടിച്ചതോടെയാണ് രാഖിയെ കൊലപ്പെടുത്താന്‍ അഖില്‍ തീരുമാനിച്ചത്. അതിനിടെ അഖില്‍ മറ്റൊരു യുവതിയുമായി അടുപ്പത്തിലായി എന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. അഖിലും സഹോദരന്‍ രാഹുലും അഖിലിന്റെ സുഹൃത്ത് ആദര്‍ശും ചേര്‍ന്ന് കാറില്‍ വച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനോട് ചേര്‍ന്ന പറമ്പില്‍ കുഴിച്ചുമൂടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button