മല്ലപ്പള്ളി: ഗള്‍ഫില്‍ ജോലിയിലാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും നാട്ടിലെത്തി കാമുകിയെയും കൂട്ടി വാടകവീട്ടില്‍ താമസമാക്കുകയും ചെയ്‌ത യുവാവിനെ ബന്ധുക്കളുടെ പരാതിയിന്മേല്‍ കോടതിയില്‍ ഹാജരാക്കി. ഇന്നലെ കീഴ്‌വായ്‌പൂര്‍ പോലീസ് സ്‌റ്റേഷന്‍, തിരുവല്ല കോടതി വളപ്പ് എന്നിവിടങ്ങളിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.മാന്താനം സ്വദേശി മദീഷാണ് (31) ഗള്‍ഫില്‍ ജോലി ചെയ്യുന്നുവെന്ന് വരുത്തി തീര്‍ത്ത് നാട്ടിലെത്തി കാമുകിയേയും അവരുടെ മകളെയും കൂട്ടി പുതുജീവിതം ആരംഭിച്ചത്.മൂന്നു വര്‍ഷം മുമ്പാണ് ഡ്രൈവര്‍ വിസയില്‍ മദീഷ് വിദേശത്ത് ജോലിക്ക് പോയത്.
അതിന് ഒന്നര വര്‍ഷം മുമ്പ് തൃക്കൊടിത്താനം സ്വദേശിനിയെ വിവാഹം ചെയ്‌തു. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുമുണ്ട്. ആദ്യമായി വിദേശത്തു നിന്ന് മദീഷ് മടങ്ങി വന്നത് ഒന്നര വര്‍ഷം മുമ്പാണ്. രണ്ടു മാസം നാട്ടില്‍ നിന്ന ശേഷം ജോലി സ്‌ഥലത്തേക്ക് തിരികെ പോയി. നാട്ടില്‍ പ്ലംബര്‍, ഇലക്‌ട്രീഷ്യന്‍, പെയിന്റര്‍ തുടങ്ങിയ പണികളും മദീഷ് ചെയ്‌തിരുന്നു. ആദ്യ തവണ നാട്ടില്‍ വന്നതിന്റെ ഇടവേളയില്‍ പെയിന്റിങ്ങിന് പോയ കോട്ടമുറിയിലെ വീട്ടിലെ യുവതിയുമായി ഇയാള്‍ അടുപ്പത്തിലായി. യുവതിക്ക് രണ്ടു പെണ്‍മക്കളാണുള്ളത്.നാട്ടില്‍ വന്നു പോയതിന് ശേഷം ഇയാള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി മാത്രമാണ് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നത്.
മദീഷ് നാട്ടിലെത്തി കോട്ടമുറി സ്വദേശിനിയുമായി മുങ്ങി എന്നൊരു പ്രചാരണവും ഇതിനിടെ പുറത്തു വന്നു.മൂത്തകുട്ടിയെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് പിണങ്ങി ഇറങ്ങിയ യുവതി ഇളയ കുട്ടിയുമായി മദീഷിനൊപ്പം നാടുവിടുകയായിരുന്നു. എട്ടു മാസം മുമ്പ് നാട്ടിലെത്തിയ മദീഷ് യുവതിയെയും കൂട്ടി കണ്ണൂര്‍ ജില്ലയില്‍ വാടകയ്‌ക്ക് വീട് എടുത്ത് താമസിക്കുകയായിരുന്നു.ഈ വിവരമറിഞ്ഞ മദീഷിന്റെ ഭാര്യ രണ്ടാഴ്‌ച മുമ്പ് കീഴ്‌വായ്‌പൂര്‍ സ്‌റ്റേഷനില്‍ ഭര്‍ത്താവിനെ കാണാനില്ലെന്നു പരാതി നല്‍കി. മദീഷ് വീട്ടുകാരെ ബന്ധപ്പെടുന്നതിനാല്‍ മാന്‍ മിസിങ്ങിന് കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. തന്നെ കാണാനില്ലെന്ന് ഭാര്യ പോലീസില്‍ പരാതി നല്‍കിയെന്ന് അറിഞ്ഞ മദീഷ് താന്‍ ബംഗളൂരുവില്‍ ഉണ്ടെന്ന് വീട്ടുകാരെ അറിയിച്ചു.
ഈ വിവരം ബന്ധുക്കള്‍ പോലീസിന് െകെമാറിയതോടെ എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തു. കണ്ണൂരിലെത്തിയ ബന്ധുക്കള്‍ മദീഷിനെയും കൂട്ടി ഇന്നലെ രാവിലെ കീഴ്‌വായ്‌പൂര്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്നു.കാമുകിയും മകളും ഒപ്പമുണ്ടായിരുന്നു. താന്‍ നാട്ടില്‍ വന്നിട്ട് എട്ടു മാസമായെന്നും കോട്ടമുറിയില്‍ നിന്ന് കാമുകിയെയും കൂട്ടി കണ്ണുരിലെത്തി അവിടെ വീട് എടുത്ത് താമസിക്കുകയായിരുന്നുവെന്നും മദീഷ് പോലീസിനോട് പറഞ്ഞു. കാണാനില്ലെന്ന പരാതിയില്‍ കേസ് എടുത്ത സ്‌ഥിതിക്ക് മദീഷിനെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് ഒരുങ്ങി.
ഏതു കോടതിയിലാണ് ഹാജരാക്കുന്നത് എന്ന കാമുകിയുടെ ചോദ്യത്തിന് പത്തനംതിട്ട എന്നായിരുന്നു ഉദ്യോഗസ്‌ഥരുടെ മറുപടി. ഇതു കേട്ട് പത്തനംതിട്ട കോടതി വളപ്പിലെത്തിയ യുവതി ഏറെ സമയം കാത്തു നിന്നിട്ടും മദീഷുമായി പോലീസ് എത്തിയില്ല. കീഴ്‌വായ്‌പൂര്‍ സ്‌റ്റേഷനിലേക്ക് വിളിച്ചു തിരക്കിയപ്പോള്‍ മദീഷുമായി പോലീസ് പോയത് തിരുവല്ല കോടതിയിലേക്കാണെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് തിരുവല്ല കോടതിയില്‍ എത്തിയ യുവതിയെ മദീഷിനെ കാണാന്‍ പോലീസ് അനുവദിച്ചില്ല.താന്‍ മൂന്നു മാസം ഗര്‍ഭിണിയാണെന്നും തനിക്ക് മദീഷിനെ കണ്ടേ തീരൂവെന്നും യുവതി വാശി പിടിച്ചു.
പോലീസ് അനുവദിക്കാതെ വന്നതോടെ കോടതി പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്‌റ്റേഷന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ കയറിയാണ് യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ആദ്യം കൈവശമിരുന്ന ബാഗ് താഴേക്ക് വലിച്ചെറിഞ്ഞു. പിന്നാലെ കുഞ്ഞിനെ എറിയുമെന്നായിരുന്നു ഭീഷണി. പോലീസും അഭിഭാഷകരും ചേര്‍ന്ന് യുവതിയെ അനുനയിപ്പിച്ച് താഴെ ഇറക്കി.ഇതിനിടെ ഭാര്യയ്‌ക്കും കുഞ്ഞിനുമൊപ്പം താന്‍ പൊക്കോളാമെന്ന് മദീഷ് കോടതിയെ അറിയിച്ചു. കോടതി അനുവദിക്കുകയും ചെയ്‌തു.
തന്നെ വിവാഹ വാഗ്‌ദാനം ചെയ്‌ത് പീഡിപ്പിച്ച യുവാവിനെതിരേ പരാതി നല്‍കുമെന്ന നിലപാടാണ് ഇപ്പോള്‍ കാമുകിയെന്നാണ് പോലീസ് പറയുന്നത്.
Post Your Comments