തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച അത്യാഹിതവിഭാഗത്തിലെ ഐസിയുവിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. വെന്റിലേറ്റര്‍ സൗകര്യമടക്കമുള്ള ഏഴ് കിടക്കകളോടെ വിപുലമായ സൗകര്യമാണ് പുതിയ തീവ്രപരിചരണ വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്നത്. പഴയ അത്യാഹിതവിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തില്‍ മൂന്നു കിടക്കകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ തീവ്രപരിചരണ വിഭാഗത്തിന്റെ ട്രയല്‍ റണ്‍ ഇന്നു മുതല്‍ നടത്താനാണ് അധിതൃതരുടെ തീരുമാനം. രോഗികളെ പ്രവേശിപ്പിച്ച് പോരായ്മകളെന്തെങ്കിലും കണ്ടെത്തിയാല്‍ ഉടന്‍ തന്നെ അത് പരിഹരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പുതിയ അത്യാഹിതവിഭാഗത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി രോഗികള്‍ക്ക് തുറന്നു കൊടുക്കാന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അത്യാഹിതവിഭാഗത്തിനു പുറമേ വാര്‍ഡുകളുടെ നിര്‍മ്മാണവും അവസാനഘട്ടത്തിലാണ്.
മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും രോഗികളുടെ തിരക്കനുഭവപ്പെടാറുണ്ട്. അതിനാല്‍ തന്നെ രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ എത്രയും വേഗം ചികിത്സ ലഭ്യമാക്കാനും ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും രോഗികളെ പരിശോധിക്കാനും ചികിത്സ നല്‍കാനും യാതൊരു തടസവുമുണ്ടാകാത്ത തരത്തിലാണ് അത്യാഹിതവിഭാഗം രൂപകല്പന ചെയ്തിരിക്കുന്നത്. വാഹനങ്ങള്‍ വന്നുപോകുന്നതിനുള്ള തടസവും ഗതാഗതക്കുരുക്കും ഒഴിവാക്കും വിധത്തിലാണ് അത്യാഹിതവിഭാഗത്തിന്റെ മുന്‍വശവും തയ്യാറായി വരുന്നത്.
Post Your Comments