ദുബായ് : അപകടകരമായ ദൗത്യങ്ങള്‍ക്കു റോബട്ടുകളെ നിയോഗിക്കാന്‍ യുഎഇ. യുഎഇ യൂണിവേഴ്‌സിറ്റിയിലെ കോളജ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സിഐടി) ഗവേഷകര്‍ റോബോട്ടുകളെ വികസിപ്പിച്ചു. സ്‌ഫോടകവസ്തു നിര്‍വീര്യമാക്കല്‍ ഉള്‍പ്പെടെയുള്ള ദുഷ്‌കരദൗത്യങ്ങള്‍ക്ക് ഇവയെ ഉപയോഗിക്കാമെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കുന്ന അസിസ്റ്റന്റ് പ്രഫസര്‍ ഡോ.ഫാദി നജ്ജാര്‍ പറഞ്ഞു. ദുരന്തനിവാരണ മേഖലകളില്‍ മനുഷ്യരേക്കാള്‍ മികവോടെ പ്രവര്‍ത്തിക്കാനാകും. ബഹിരാകാശ ദൗത്യങ്ങള്‍ക്കും നിയോഗിക്കാം. ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യയാണ് വികസിപ്പിച്ചത്.
2 രീതിയില്‍ റോബോട്ടിനെ പ്രവര്‍ത്തിപ്പിക്കാം. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സാധാരണ റോബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുക. ഇതിനു പുറമെ, നിയന്ത്രിക്കുന്നയാളുടെ അതേ ചലനങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനും യുഎഇയുടെ റോബോട്ടിനു കഴിയും. നിയന്ത്രിക്കുന്നയാള്‍ ഇതിനായി ‘മോഷന്‍ സെന്‍സര്‍’ ധരിക്കണം. അതോടെ റോബട്ട് ‘അപരനാകും’. സാധാരണക്കാര്‍ക്കുപോലും നിയന്ത്രിക്കാനാകുമെന്നതാണ് ഈ സാങ്കേതിക വിദ്യയുടെ നേട്ടം. റോബോട്ട് വാങ്ങുമ്പോള്‍ വിവിധ ഉപകരണങ്ങളോടു കൂടിയ പെട്ടിയാണു കിട്ടുക. ഓരോ ദൗത്യത്തിനും ആവശ്യമായ ഉപകരണങ്ങള്‍ റോബോട്ടില്‍ ഘടിപ്പിക്കാം. അതുകൊണ്ടുതന്നെ കാര്യക്ഷമത കൂട്ടാനാകും.
ഒരു ഹൈടെക് റോബോട്ട് നിര്‍മിക്കാന്‍ ശരാശരി 2 ലക്ഷം ഡോളര്‍ വേണ്ടിവരുമെങ്കില്‍ ഇതിന് 25,000 ഡോളര്‍ മതിയാകും. ഒരു റോബട്ട് നിര്‍മിക്കാന്‍ 6 മാസം വേണ്ടിവരും. ഇതിന്റെ കാര്യനിര്‍വഹണ ശേഷി കൂട്ടാനുള്ള ഗവേഷണം അന്തിമഘട്ടത്തിലാണ്. നിയന്ത്രിക്കുന്നയാളിനു റോബോട്ട് കൈകാര്യം ചെയ്യുന്ന വസ്തുവിന്റെ സ്വഭാവം മനസിലാക്കാനുള്ള സെന്‍സറുകളാണു വികസിപ്പിക്കുന്നത്. വസ്തുവിന് ചൂടുണ്ടോ, മൃദുവാണോ, പരുക്കനാണോ, ഭാരമുണ്ടോ എന്നെല്ലാം അറിയാം. മനുഷ്യശരീരത്തിന്റെ അതേ വഴക്കത്തോടെ റോബട്ട് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി. റോബോട്ടിന്റെ സുരക്ഷ ഉറപ്പാക്കുകയെന്നതും പ്രധാനമാണ്. ഇവ ശേഖരിക്കുന്ന വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ സംവിധാനമൊരുക്കണം.
വാഹനങ്ങളുടെ തകരാര്‍ കണ്ടെത്തുന്ന റോബട്ടുകളെ നിലവില്‍ ആര്‍ടിഎ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ട്. പെട്രോള്‍ സ്റ്റേഷനുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ഇവയെത്തും. വാഹനമോടിക്കുന്നവര്‍ക്ക് ആര്‍ടിഎ ജീവനക്കാരുടെ സഹായമില്ലാതെ റോബട്ടിനെ സമീപിക്കാം. വാഹനത്തിന്റെ തകരാറുകള്‍ കണ്ടെത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. റോബോട്ടിന്റെ ഇന്ററാക്ടീവ് സ്‌ക്രീനില്‍ വിവിധ സേവനങ്ങള്‍ മനസിലാക്കാനാകും.
ലൈസന്‍സ് പുതുക്കല്‍, റജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍, നോല്‍ കാര്‍ഡ് വിവരങ്ങള്‍ എന്നിവയെക്കുറിച്ച് അറിയാനും ഇതില്‍ സംവിധാനമുണ്ട്. 90 സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലെത്തുന്ന കൊച്ചുകൂട്ടുകാരുടെ പേടിമാറ്റാനുള്ള റോബട്ടുകളാണ് മറ്റൊന്ന്. ദിബ്ബ ആശുപത്രിയില്‍ തുടക്കം കുറിച്ച പദ്ധതി ഇതര ആശുപത്രികളിലേക്കു വ്യാപിപ്പിക്കും. ദുബായില്‍ പല ഫാര്‍മസികളിലും റോബോട്ടുകള്‍ രംഗപ്രവേശം ചെയ്തുകഴിഞ്ഞു. മെട്രോ സ്റ്റേഷനുകളില്‍ ശുചീകരണ ജോലികള്‍ക്ക് റോബോട്ടുകളെ പരീക്ഷണാടിസ്ഥാനത്തില്‍ നിയോഗിച്ചിട്ടുണ്ട്.
Post Your Comments