തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സിപിഐ മാര്‍ച്ചിനിടെ പോലീസ് നടത്തിയ അക്രമ നടപടികളില്‍ കാനം രാജേന്ദ്രന്റെ നിലപാടിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം പാര്‍ട്ടിയില്‍ പെട്ട എംഎല്‍എയുടെ കൈ പോലീസ് തല്ലിയൊടിച്ചിട്ടും പ്രതികരിക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ തയ്യാറാകുന്നില്ല. കാനത്തിന്റെ നിലപാട് അപഹാസ്യമാണെന്ന് ചെന്നിത്തല പറഞ്ഞു. ആട്ടും തുപ്പും സഹിച്ച് എത്രകാലം ഇടത് മുന്നണിയില്‍ തുടരുമെന്നും കാനത്തിനോട് ചെന്നിത്തല ചോദിച്ചു.
അതേസമയം സമരം ചെയ്യുന്നവരെ എല്ലാം തല്ലിച്ചതയ്ക്കുന്ന പോലീസായി കേരളാ പോലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാറ്റിയെടുത്തെന്നും, ഭരണകക്ഷിയില്‍പ്പെട്ട എംഎല്‍എയുടെ തന്നെ കൈ തല്ലിയൊടിക്കുന്ന വിധത്തിലാണ് കേരളാ പൊലീസ് ഇടപെടുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഞാറയ്ക്കല്‍ സിഐയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം ഐജി ഓഫീസിലേയ്ക്ക് സിപിഐ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂവാറ്റുപ്പുഴ എംഎല്‍എ എല്‍ദോ എബ്രഹാമിനടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. കൂടാതെ എറണാകുളം എസിപി കെ ലാല്‍ജിയടക്കം മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Post Your Comments