കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിലെ ഇരുവിഭാഗങ്ങളും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് രംഗത്തെത്തി. കേരളാ കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി തങ്ങൾ പ്രഖ്യാപിച്ച ആളുതന്നെയാണെന്ന് ജോസ് കെ മാണി നിലപാട് വ്യക്തമാക്കി. പി ജെ ജോസഫ് നിർദ്ദേശിക്കുന്ന ആളിനെ യുഡിഎഫ് അംഗീകരിക്കണമെന്നു മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
ആരെ പിന്തുണയ്ക്കണമെന്ന് ആശയക്കുഴപ്പമുണ്ടായതോടെ ഇന്ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നു. തുടര്‍ന്ന് നാളെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അറിയിക്കുകയും ചെയ്തു. പ്രതിസന്ധി പരിഹരിക്കാനായി ചർച്ചകൾ തുടരുകയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി അറിയിച്ചത്.
കേരളാ കോണ്‍ഗ്രസ് എമ്മിന് അവകാശപ്പെട്ട പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതോടെയാണ് കോട്ടയത്തെ യുഡിഎഫില്‍ പ്രതിസന്ധി ഉണ്ടായത്. കേരളാ കോണ്‍ഗ്രസ് എം അംഗങ്ങള്‍ക്ക് വിപ്പ് നൽകാനുള്ള അധികാരം പി.ജെ ജോസഫിനാണ്. വിപ്പ് അനുസരിച്ചാണ് കേരളാ കോൺഗ്രസ് അംഗങ്ങൾ വോട്ട് ചെയ്യേണ്ടതെന്നും മോന്‍സ് ജോസഫ് പറഞ്ഞു. എന്നാല്‍, വിപ്പിന്റെ പേരിൽ ജോസഫ് വിഭാഗം വ്യാജ പ്രചാരണം നടത്തുകയാണെന്ന് ജോസ് കെ മാണി ആരോപിച്ചു.
Post Your Comments