ഹൈദരാബാദ്• ഹൈദരാബാദ് സര്‍വകലാശാലയില്‍ 29 കാരിയായ ഗവേഷക വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ വാഷ്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഹിന്ദിയില്‍ പി.എച്ച്.ഡി ചെയ്യുകയായിരുന്ന ഖരഗ്പൂര്‍ സ്വദേശിനിയായ ദിപിക മഹാപത്രയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ വാഷ്റൂമില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഹോസ്റ്റല്‍ സുഹൃത്തുക്കള്‍ വിവരം സര്‍വകലാശാല അധികൃതരെ അറിയിച്ചു. 8.30 ഓടെ വിദ്യാര്‍ത്ഥിനിയെ ഗച്ചിബൌളിയിലെ സിറ്റിസണ്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വിദ്യാര്‍ത്ഥിനിയുടെ ശരീരത്ത് മുറിവുകാലോ പാടുകളോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥിനിക്ക് നാഡീവ്യൂഹ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്നും അപസ്മാരത്തിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്നും മെഡിക്കല്‍ രേഖകള്‍ പറയുന്നു.
ഗച്ചിബൌളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ മരണത്തില്‍ സംശയിക്കേണ്ട സാഹചര്യമില്ലെന്നു പോലീസ് പറഞ്ഞു. ഇവര്‍ അപസ്മാര രോഗിയായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്നും ഗച്ചിബൗളി പൊലീസ് അറിയിച്ചു.
അതേസമയം, ദീപികയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.
Post Your Comments