ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ സെക്രട്ടറി എന്ന നിലയിലുള്ള തന്‍റെ സ്ഥാനം രാജിവച്ച എസ്.എഫ്.ഐ. നേതാവ് രാജ്കുമാര്‍ സാഹു രോഹിത് വെമുലയ്ക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് സംയുക്ത സമരസമിതി നടത്തുന്ന പ്രതിഷേധങ്ങളെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തി. എസ്.എഫ്.ഐയില്‍ നിന്നും രാജി വച്ച സാഹു സംയുക്ത സമര സമിതി ചില പ്രത്യേക ആളുകളെ മാത്രം ലക്ഷ്യം വയ്ക്കുന്നതായും, സമിതിക്ക് ലഭിക്കുന്ന ഫണ്ടിന്‍റെ കാര്യത്തില്‍ അന്വേഷണം വേണമെന്നും അറിയിച്ചു. താനെഴുതിയ ഒരു കത്തില്‍ ആണ് സാഹു ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. രോഹിത് വെമുലയുമായി ബന്ധപ്പെട്ട അമ്പരപ്പിക്കുന്ന ഒട്ടനവധി മറ്റു വെളിപ്പെടുത്തലുകളും സാഹു നടത്തിയിട്ടുണ്ട്.
എസ്.എഫ്.ഐ. പാനലില്‍ മത്സരിച്ച് സര്‍വ്വകലാശാല ജെനറല്‍ സെക്രട്ടറിയായ സാഹു സംയുക്ത സമരസമിതിയിലും അംഗമായിരുന്നു. രോഹിത് വെമുലയുടെ ഉള്ളില്‍ വെറുപ്പിന്‍റെ കണങ്ങള്‍ കുത്തിവച്ചത് എസ്.എഫ്.ഐ. ആണെന്നും, എസ്.എഫ്.ഐ കൂടിയുള്‍പ്പെട്ട സംയുക്ത സമരസമിതി പ്രതിഷേധത്തിന്‍റെ മറവില്‍ ആഡംബര പാര്‍ട്ടികള്‍ സംഘടിപ്പിച്ച് ആനന്ദിക്കുകയാണെന്നും വെളിപ്പെടുത്തി.
“ഞാന്‍ കരുതിയിരുന്നത് ഈ സമരം സാമൂഹ്യനീതിക്ക് വേണ്ടിയാണെന്നായിരുന്നു. അതിന് എന്‍റെ പൂര്‍ണ്ണപിന്തുണ എന്നുമുണ്ടായേനെ. പക്ഷേ, വിദ്യാര്‍ഥി യൂണിയന്‍ സംയുക്ത സമരസമിതിയെ ഹൈജാക്ക് ചെയ്തെന്നും, ചില തിരഞ്ഞെടുത്ത വ്യക്തികളെ മാത്രം ആക്രമിക്കുന്നതില്‍ ഒതുങ്ങിപ്പോയെന്നും ഞാന്‍ വൈകിയാണ് മനസ്സിലാക്കിയത്. ഒരു വശത്ത് രോഹിത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുമ്പോഴും ഒരു ജുഡീഷ്യല്‍ കമ്മീഷന്‍റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കാന്‍ സമരസമിതി തയാറായില്ല,” സാഹു പറഞ്ഞു.
എസ്.എഫ്.ഐയും സമരസമിതിയും തങ്ങളെ പിന്തുണയ്ക്കുന്ന സ്ഥാപിത താത്പര്യക്കാരായ അധ്യാപകരുടെ പിന്തുണയോടെ ചില പ്രോഫസര്‍മാരെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കും. പക്ഷേ ഇവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാനോ, ചര്‍ച്ചയിലൂടെ വിഷയങ്ങള്‍ പരിഹരിക്കാനോ ഒരിക്കലും മുന്നോട്ടു വരികയുമില്ല,” സാഹു വെളിപ്പെടുത്തി.
കുറച്ചു നാള്‍ എസ്.എഫ്.ഐയില്‍ സജീവമായിരുന്ന രോഹിത് അവിടുത്തെ ഒറ്റപ്പെടുത്തല്‍ കാരണം പിന്നീട് വിട്ടുപോയി എന്നും, എസ്.എഫ്.ഐയില്‍ പലപ്പോഴും താന്‍ നേരിട്ടിട്ടുള്ള അനുഭവങ്ങള്‍ തന്നെയും രോഹിത് ചെയ്തതു പോലെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചുണ്ടെന്നും സാഹു പറഞ്ഞു.
രോഹിത് പ്രത്യേക സ്വഭാവക്കാരനായിരുന്നു എന്നും, പാവങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കടുത്ത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് അയാള്‍ വിശ്വസിച്ചു പോയത് നിര്‍ഭാഗ്യകരമായിപ്പോയി എന്നും സാഹു അഭിപ്രായപ്പെട്ടു.
“സമരസമിതിയുടെ അംഗങ്ങള്‍ ഉപയോഗിക്കുന്ന ടെന്‍റിനു മാത്രം അയ്യായിരം രൂപയാണ് വാടക. ഇപ്പോള്‍ത്തന്നെ മൂന്ന്‍ മാസങ്ങള്‍ കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി വിലകൂടിയ ഭക്ഷണപദാര്‍ഥങ്ങള്‍ പത്ത് ദിവസത്തേക്ക് വിതരണം ചെയ്തിരുന്നു. ആഡംബര പാര്‍ട്ടികള്‍ ദിവസേന നടന്നിരുന്നു. വന്‍തുകയുടെ ഫണ്ടിംഗ് സമിതിയുടെ കൈകളിലേക്ക് ഒഴുകുന്നുണ്ട്. ഇത് എവിടെ നിന്ന്‍ വരുന്നു എന്ന്‍ അടിയന്തിരമായി അന്വേഷിക്കണം,” സാഹു പറഞ്ഞു.
എസ്.എഫ്.ഐയും സമരസമിതിയും സാങ്കല്പിക വിവേചനക്കഥകള്‍ അടിച്ചേല്‍പ്പിച്ച് വിദ്യാര്‍ഥികളെ വഴിതെറ്റിക്കുന്നുണ്ടെന്നും സാഹു വെളിപ്പെടുത്തി.
സാഹുവിന്‍റെ വെളിപ്പെടുത്തലുകള്‍ വെളിയില്‍ വന്നയുടനെ എസ്.എഫ്.ഐ. സാഹുവിനെ പുറത്താക്കി.
Post Your Comments