ഗുണ്ടൂര്‍: രോഹിത് വെമുലയുടെ ജാതി ഏതാണെന്ന് വീണ്ടും അന്വേഷിച്ച് ഉറപ്പു വരുത്തണമെന്ന് ഗുണ്ടൂര്‍ ജില്ലാ കളക്ടര്‍ കാന്തിലാല്‍ ഡാണ്ഡെ ഉത്തരവിട്ടു. രോഹിതിന്‍റെ ജാതി സംബന്ധിച്ച വാദങ്ങള്‍ അവ്യക്തമാണെന്നും, പുതിയ അന്വേഷണത്തിലൂടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നുമാണ് ജില്ലാ കളക്ടര്‍ തന്‍റെ ഉത്തരവില്‍ പറയുന്നത്. ഡാണ്ഡെയുടെ ഓഫീസില്‍ നിന്നും നേരത്തെ കൊടുത്തിട്ടുള്ള റിപ്പോര്‍ട്ടില്‍ രോഹിത് ദളിത് സമുദായാംഗമാണെന്നാണ് പറഞ്ഞിട്ടുള്ളത്.
ഗുണ്ടൂര്‍ നഗരവികസന സമിതിയുടെ റെവന്യൂ ഓഫീസര്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടിലും, ഗുര്‍ജാല മണ്ഡല്‍ റെവന്യൂ ഓഫീസര്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിലും രോഹിത്തിന്‍റേതായി രണ്ട് വ്യത്യസ്ത ജാതികള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതിനാലാണ് ഇപ്പോള്‍ ഒരു പുനരന്വേഷണം ആവശ്യമായി വന്നിരിക്കുന്നതെന്നും ഡാണ്ഡെ അറിയിച്ചു. ഗുണ്ടൂര്‍ റിപ്പോര്‍ട്ടില്‍ രോഹിത് ദളിത് ആണെന്ന് പറയുന്നുണ്ടെങ്കിലും, ഗുര്‍ജാല റിപ്പോര്‍ട്ടില്‍ രോഹിത് പിന്നോക്ക സമുദായത്തില്‍പ്പെട്ട ആളാണ് എന്ന് മാത്രമേ പറയുന്നുള്ളൂ.
രോഹിത് ജനിച്ചത് ഗുണ്ടൂരിലാണെങ്കിലും രോഹിതിന്‍റെ പിതാവ് ഗുര്‍ജാലക്കാരനാണ്. രോഹിത് ദളിത് സമുദായാംഗമാണെന്ന്‍ പറയുന്ന റിപ്പോര്‍ട്ട് മാത്രമേ പട്ടിക വര്‍ഗ്ഗ ദേശീയ കമ്മീഷന് മുന്‍പില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നുള്ളൂ.
കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ, ഹൈദരാബാദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അപ്പാ റാവു എന്നിവര്‍ക്കെതിരെ രോഹിതിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് എസ്.സി/എസ്.ടി അട്രോസിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് ചുമത്തി കേസെടുത്തിരിക്കുന്നതിനാല്‍ രോഹിതിന്‍റെ ജാതി സംബന്ധമായ വിഷയത്തിലെ അവ്യക്തത നീക്കേണ്ടത് അനിവാര്യമാണ്.
Post Your Comments