ന്യൂഡല്‍ഹി : ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെയും വി.വി.പാറ്റിലേയും വോട്ട് കണക്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 20,687 പോളിംഗ് ബൂത്തുകളില്‍ നിന്നായി ഇത്തരത്തില്‍ എട്ട് സംഭവങ്ങളാണ് ശ്രദ്ധയില്‍പ്പെട്ടത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ യന്ത്രങ്ങളും വിവിപാറ്റും ഒത്തുനോക്കിയപ്പോഴാണ് എട്ടെണ്ണത്തിലെ കണക്കുകള്‍ ശരിയല്ലെന്ന് ബോധ്യമായതെന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലാണ് ഈ പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്. ഇതില്‍ ഭൂരിഭാഗം കേസുകളിലും ഒന്നോ രണ്ടോ വോട്ടുകളിലാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയതെന്നും ഒരു കേസില്‍ മാത്രം 34 വോട്ടുകളുടെ വ്യത്യാസം കണ്ടെത്തിയെന്നും അധികൃതര്‍ അറിയിച്ചു. പക്ഷേ ഇതിന് കാരണം മോക് പോള്‍ നടത്തിയ ശേഷം പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടിങ് തുടങ്ങുന്നതിന് മുമ്പ് വി.വി.പാറ്റ് മെഷീനില്‍ നിന്നും ആ സ്ലിപ്പുകള്‍ നീക്കം ചെയ്യാത്തതാകാമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഈ എട്ടു കേസുകളിലുമായി കണ്ടെത്തിയ പൊരുത്തക്കേടുകള്‍ വെറും 0.0004 ശതമാനമാണെന്നും ഇത് നിലവിലെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ അവകാശപ്പെട്ടു. പ്രഥമദൃഷ്ട്യാ ഈ പൊരുത്തക്കേടുകള്‍ക്ക് കാരണം മാനുഷിക പിശകുകളാണെന്നും അധികൃതര്‍ പറഞ്ഞു. ഇതാദ്യമായാണ് വോട്ടെണ്ണലിലെ പൊരുത്തക്കേടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments