ദുബായ് : വ്യാജ ഉല്‍പ്പന്നങ്ങള്‍ തടയാന്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയുമായി ദുബായ് സാമ്പത്തിക വിഭാഗം. യുഎസ് കമ്പനി എന്‍ട്രുപ്പി വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് ദുബായിലെ മുഴുവന്‍ വ്യാജ ഉല്‍പ്പന്നങ്ങളും പിടിക്കാന്‍ ഒരുങ്ങുകയാണ് സാമ്പത്തിക വിഭാഗത്തിനു കീഴിലുള്ള ദ് കൊമേഴ്‌സിയല്‍ കംപ്ലയന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (സിസിസിപി) വിഭാഗം.
ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ സൂക്ഷ്മ ചിത്രങ്ങള്‍ ശേഖരിച്ച് സാങ്കേതിക വിദ്യയെ ഈ ഡേറ്റാബേസുമായി ബന്ധിപ്പിച്ചാണു പ്രവര്‍ത്തനം. പുതിയ സംവിധാനത്തില്‍ ട്രേഡ് മാര്‍ക്ക് റജിസ്റ്റര്‍ ചെയ്യാന്‍ കമ്പനികള്‍ക്ക് അവസരമുണ്ടാകും. വ്യാജ ഉല്‍പ്പന്നങ്ങള്‍ തടയാന്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കുന്ന ആദ്യ സര്‍ക്കാര്‍ സ്ഥാപനമാണ് ദുബായ് സാമ്പത്തിക വിഭാഗമെന്ന് സിസിസിപി സിഇഒ മുഹമ്മദ് അലി റാഷിദ് ലൂത്ത അറിയിച്ചു.
നിലവില്‍ ഒരു ഉല്‍പന്നം വ്യാജനാണെന്നു തെളിയിക്കാന്‍ ലാബ് പരിശോധനയും മറ്റും ആവശ്യമായി വരാറുണ്ട്. ട്രേഡ് മാര്‍ക്ക് ഓഫിസുകള്‍ പലതും മറ്റ് രാജ്യങ്ങളിലായതിനാല്‍ പരിശോധനയ്ക്കും മറ്റും രണ്ടാഴ്ച മുതല്‍ രണ്ടുമാസം വരെ സമയമെടുക്കും. ഇതെല്ലാം ഒഴിവാക്കി വ്യാജ ഉല്‍പന്ന പരിശോധന എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തിയാക്കാന്‍ ഫീല്‍ഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സാധിക്കുമെന്നതാണു പുതിയ സാങ്കേതിക വിദ്യയുടെ നേട്ടം.
Post Your Comments