KeralaLatest NewsIndia

സിപിഎം എന്ന പാർട്ടി സ്വയം വിമർശനവും, വിമർശനവും അംഗീകരിച്ച് ഉൾപാർട്ടി ചർച്ചകളാൽ ആശയദൃഢത വരുത്തി മുന്നോട്ട് പോകേണ്ടതുണ്ട് , ജോമോൾ ജോസഫ്

ഏതൊരു രാഷ്ട്രീയ പാർട്ടിയെ സപ്പോർട്ട് ചെയ്യുന്നവരായാലും, അവർ അവരുടെ പാർട്ടിയെ ന്യായീകരിച്ചുകൊണ്ടേയിരിക്കും.

ഫേസ്‌ബുക്കിലൂടെ വിവാദ പോസ്റ്റുകളിട്ട് പ്രശസ്തയായ യുവതിയാണ് ജോമോൾ ജോസഫ്. ഇപ്പോൾ അവർ രാഷ്ട്രീയത്തെക്കുറിച്ചാണ് പുതിയ പോസ്റ്റ് ഇട്ടിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ, രാഷ്ട്രീയം സംസാരിക്കുമ്പോൾ മലയാളികളുടെ വലിയ കുഴപ്പം എന്താണെന്ന് നിങ്ങൾക്കറിയാവോ?

ഏതൊരു രാഷ്ട്രീയ പാർട്ടിയെ സപ്പോർട്ട് ചെയ്യുന്നവരായാലും, അവർ അവരുടെ പാർട്ടിയെ ന്യായീകരിച്ചുകൊണ്ടേയിരിക്കും. അവരുടെ പാർട്ടിക്ക് തെറ്റ് പറ്റിയെന്ന് തുറന്ന് സമ്മതിക്കാനോ, പറ്റിയ തെറ്റ് തിരുത്താനും, പരിഹാരം കണ്ടെത്താനുമുള്ള ബാധ്യത പാർട്ടിക്കുണ്ട് എന്ന് പറയാൻപോലും മിക്കവരും തയ്യാറാകില്ല. അന്ധമായി പാർട്ടികളെ പിന്തുണക്കുക എന്നതിൽ നിന്നും മാറി യാഥാർത്ഥ്യബോധത്തോടെ പാർട്ടികളെ വിമർശിക്കേണ്ടതിന് വിമർശിക്കാനും, പിന്തുണക്കേണ്ടതിന് പിന്തുണക്കാനും മിക്കവരും തയ്യാറാകുന്നില്ല എന്നതാണ് ഏറെ പരിതാപകരം.

എതിർ രാഷ്ട്രീയത്തോടും ഇതേ നിലപാടു തന്നെയാണ് മിക്കവർക്കും. എതിർ രാഷ്ട്രീയത്തെ അന്ധമായി എതിർക്കുക എന്നതിനപ്പുറം, എതിർ രാഷ്ട്രീയം കാഴ്ചവെക്കുന്ന നല്ല പ്രവർത്തനങ്ങളെ മാതൃകയായി സ്വീകരിക്കാനോ അഭിനന്ദിക്കാനോ പലർക്കും കഴിയാറില്ല. നല്ലത് ചെയ്താലും എതിർ രാഷ്ട്രീയക്കാർ ചെയ്തതായതുകൊണ്ട് എതിർക്കപ്പെട്ടേ മതിയാകൂ എന്ന നിർബന്ധബുദ്ധിയിൽ തന്നെയാണ് മിക്കവരും രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്.

ഇത്തരം അണികളോ പ്രവർത്തകരോ നേതാക്കളോ സപ്പോർട്ടേഴ്സോ ഉള്ള പാർട്ടികളിൽ നിന്നും എന്ത് നന്മയാണ് ജനങ്ങളും നാടും പ്രതീക്ഷിക്കേണ്ടത്? മറിച്ച് നാടിന്റെയും ജനങ്ങളുടേയും നന്മയാണ് ഈ ആളുകളും രാഷ്ട്രീയക്കാരും പാർട്ടികളും ലക്ഷ്യം വെക്കുന്നത് എങ്കിൽ അവിടെ യോജിപ്പിന്റേയും വിയോജിപ്പിന്റേയും വിമർശനത്തിന്റേയും എതിർപ്പിന്റേയും ഒക്കെ സാധ്യതകൾ ഉയർന്നുവരണം. മറിച്ച് സ്വന്തം പാർട്ടിയിൽ നിന്നും തെറ്റ് സംഭവിക്കുമ്പോൾ പോലും പാർട്ടിയെ കുറിച്ച് നല്ലതേ പറയൂ എന്നത് കടുത്ത ശരികേട് തന്നെയാണ്. തിരുത്തേണ്ടത് തിരുത്തി, നിലപാടുകളിൽ കൂടുതൽ വ്യക്തത വരുത്തി, ജനങ്ങളെ കൂടി ബോധ്യപ്പെടുത്തി തന്നെവേണം ഓരോ രാഷ്ട്രീയപാർട്ടിയും മുന്നോട്ട് പോകേണ്ടത്.

സിപിഎം എന്ന പാർട്ടി സ്വയം വിമർശനവും, വിമർശനവും അംഗീകരിച്ച് ഉൾപാർട്ടി ചർച്ചകളാൽ ആശയദൃഢത വരുത്തി മുന്നോട്ട് പോകേണ്ട പാർട്ടിയാണ്. ഭരണത്തിലിരിക്കുന്നത് ഏത് പാർട്ടിയായാലും ആ പാർട്ടിക്ക് ഭരണത്തിലെ പോരായ്കകളുടെ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂ. മറിച്ച് ഉദ്യോഗസ്ഥ വീഴ്ചയെന്നൊക്കെ പറഞ്ഞ് തടിതപ്പുക എന്നത് യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോടൽ ആയിമാറും. സ്വയം വിമർശനം അടിസ്ഥാന പാഠമായി ഉൾക്കൊള്ളുന്ന പാർട്ടിയുടെ പ്രവർത്തകരോ അണികളോ സപ്പോർട്ടേഴ്സോ, സിപിഎമ്മിനെതിരായതോ സർക്കാരിനെതിരായതോ ആയ വിമർശനങ്ങളെ ഉൾക്കൊള്ളാനുള്ള മാനസീകാവസ്ഥ കാണിക്കാൻ മടികാണിക്കുന്നു എന്നത് അവർ ഇടപെടുന്ന കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ സംശുദ്ധി തന്നെ ഇല്ലാതാക്കും.

എന്റെ അഭിപ്രായത്തിൽ ജനങ്ങളെ ബാധിക്കുന്നതോ ബുദ്ധിമുട്ടിക്കുന്നതോ ആയ ഏതൊരു കാര്യത്തിനും ഉത്തരവാദിത്തം നാട് ഭരിക്കുന്ന സർക്കാരിനും, ആ സർക്കാരിനെ നിയന്ത്രിക്കുന്ന പാർട്ടിക്കും ഉണ്ട്. ജനങ്ങൾക്ക് ബുദ്ധിമുട്ടുളവാക്കുന്ന എന്തിനും പരിഹാരം കാണാൻ, ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ സർക്കാരിനും സർക്കാരിനെ നിയന്ത്രിക്കുന്ന പാർട്ടിക്കും കഴിയണം. അല്ലാത്ത പക്ഷം ശക്തമായ വിമർശനങ്ങളും ചോദ്യങ്ങളും ചർച്ചകളും സർക്കാരിനും പാർട്ടിക്കും എതിരായി ഉയർത്തിക്കൊണ്ടുവരാൻ പാർ​ട്ടി പ്രവർത്തകർക്കും അണികൾക്കും സപ്പോർട്ടേഴിസിനും ജനങ്ങൾക്കും ബാധ്യതയുണ്ട്. എന്തിനും ഏതിനും കണ്ണുമടച്ച് സർക്കാരിനും പാർട്ടികൾക്കും ക്ലീൻചിറ്റ് നൽകുക എന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാകും.

ജനോപകാരപ്രദമായ ഭരണമോ, ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കലോ, അവർക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്തലോ ആണ് രാഷ്ട്രീയം കൊണ്ടും രാജ്യഭരണം കൊണ്ടും ഉദ്ദേശിക്കുന്നത് എങ്കിൽ, ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അഡ്ഡ്രസ്സ് ചെയ്യാനായി മടിക്കുന്ന പാർട്ടികളും സർക്കാരും ശക്തമായി വിമർശിക്കപ്പെടുക തന്നെവേണം. ആ വിമർശനം യാഥാർത്ഥ്യ ബോധത്തോടെ ഉൾക്കൊള്ളാനായി പാർട്ടികളും സർക്കാരും തയ്യാറാകുകയും ചെയ്താൽ മാത്രമേ നമ്മുടെ നാട്ടിലെ രാഷ്ട്രീയം ഉത്തരവാദിത്ത രാഷ്ട്രീയമാണ് എന്ന് നമുക്ക് പറയാൻ സാധിക്കൂ, നിർഭാഗ്യവശാൽ ഈ ഉത്തരവാദിത്ത രാഷ്ട്രീയം നമ്മുടെ നാട്ടിൽ നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. മതാന്ധതയോടൊപ്പം രാഷ്ട്രീയാന്ധതകൂടെ നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്നു.

ഇവിടെ മാറ്റം ഓരോ വ്യക്തിയിൽ നിന്നും തന്നെ തുടങ്ങേണ്ടതുണ്ട്, നമ്മളിൽ നിന്നും തന്നെ ചിന്തകളും ചോദ്യങ്ങളും ഉയർന്നുതുടങ്ങിയാൽ, അടുത്ത തലമുറക്കെങ്കിലും ഉത്തരവാദിത്തമുള്ള രാഷ്ട്രീയം കാണാനുള്ള യോഗമുണ്ടാകും, അല്ലാത്ത പക്ഷം മതങ്ങളുടെ പൊള്ളത്തരം ജനങ്ങൾ മനസ്സിലാക്കി മതങ്ങളിൽ നിന്നും മതവിശ്വാസങ്ങളിൽ നിന്നും അകന്നു തുടങ്ങിയതുപോലെ, വരും തലമുറ രാഷ്രീയത്തിൽ നിന്നും അകലുമെന്നതിൽ യാതൊരു സംശയവും വേണ്ട. ഇപ്പോൾ തന്നെ ചെറുപ്പക്കാരിൽ നല്ലൊരു വിഭാഗവും യാതൊരു രാഷ്ട്രീയ താൽപര്യവും ഇല്ലാത്തവരാണ് എന്നത് കാണാതെ പോകരുത്.

നബി 1 – രാഷ്ട്രീയം രാഷ്ട്രനന്മക്കാകണം, അല്ലാതെ എന്റെ പാർട്ടി എന്തു ചെയ്താലും അതിന് രണ്ടുകൈയ്യും ഉയർത്തി പിന്തുണക്കുന്നതാകരുത് രാഷ്ട്രീയം. അല്ലാതെ വന്നാൽ മതവിശ്വാസവും രാഷ്ട്രീയവും തമ്മിൽ വലിയ വ്യത്യാസം ഉണ്ടാകില്ല, മാത്രമല്ല മതങ്ങളേക്കാൾ അപകടം രാഷ്ട്രീയം കൊണ്ട് നാടിന് സംഭവിക്കുകയും ചെയ്യും.

നബി 2 – നിലവിലുള്ള, നിലനിൽക്കുന്ന രാഷ്ട്രീയ ചിന്തകളിലും കാതലായ മാറ്റം സംഭവിക്കേണ്ടതുണ്ട്, ആ മാറ്റം നാടിനും സമൂഹത്തിനും ഗുണമേ നൽകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button