പേരാമ്പ്ര: ‘കണ്ണൂരിലൊക്കെ മുസ്ലീം കല്യാണത്തിന് സ്ത്രീകൾക്ക് ഭക്ഷണം നൽകുന്നത് അടുക്കള ഭാഗത്ത്, ഇന്നും അങ്ങനെ തന്നെ’, നടി നിഖില വിമലിന്റെ ഈ പ്രസ്താവനയെ ചുറ്റിപ്പറ്റി നിരവധി ചർച്ചകൾ സോഷ്യൽ മീഡിയകളിൽ നടന്നിരുന്നു. നിരവധി പേർ നടിക്ക് പിന്തുണ നൽകിയപ്പോൾ, മറ്റൊരു വിഭാഗം താരത്തെ കടന്നാക്രമിക്കുകയായിരുന്നു. മതപരമായ ചില ആചാരങ്ങളെ വിവേചനമെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു ഇക്കൂട്ടർ വാദിച്ചത്. ഇപ്പോഴിതാ, ഒരു മുസ്ലിം മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴുണ്ടായ തന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്.
‘മുസ്ലീം സമുദായത്തിൽ ഒരു പെൺകുട്ടി ജനിക്കുമ്പോൾ മുതൽ വളർന്നു വലുതാകുന്നതുവരെ മാത്രമല്ല, പ്രായമായി മരിക്കുമ്പോൾവരെ വിവേചനം നേരിടുകയാണെന്ന കടുത്ത യാഥാർഥ്യം ഞാൻ തിരിച്ചറിഞ്ഞിട്ട് ഒരുമാസമേ ആയിട്ടുള്ളൂ. മുസ്ലീം സമുദായത്തിൽ സ്ത്രീകൾ വിവേചനം നേരിടുന്നില്ല എന്നാരാ പറഞ്ഞെ? സ്ത്രീകൾ ഇത്തരം മാറ്റിനിർത്തലുകളോ അപമാനിക്കപ്പെടലുകളോ നേരിടാത്ത എത്ര മുസ്ലീം കുടുംബങ്ങൾ നമ്മുടെ നാട്ടിലുണ്ട്? ഇതിനെയൊക്കെ മറികടുന്നു മുന്നോട്ട് വരുന്ന, സ്ത്രീകളെ മനുഷ്യരായി കാണുന്ന വളരെ ചെറിയൊരു ശതമാനം ആളുകൾ മുസ്ലീം സമുദായത്തിൽ ഇന്നുണ്ട് എന്നത് മാത്രമാണ് ചെറിയൊരു ആശ്വാസം’, ജോമോൾ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
ജോമോൾ ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
മുസ്ലീം സ്ത്രീ മരിച്ചാൽ പോലും ആ സ്ത്രീയെ അപമാനിക്കും :- മുസ്ലീം സമുദായത്തിൽ പെണ്ണായി ജീവിച്ചതുകൊണ്ട് മാത്രം..
“കണ്ണൂരിലൊക്കെ മുസ്ലീം കല്യാണത്തിന് സ്ത്രീകൾക്ക് ഭക്ഷണം നൽകുന്നത് അടുക്കള ഭാഗത്ത്, ഇന്നും അങ്ങനെ തന്നെ” ഇത്തരം ഒരു പ്രസ്താവന നടത്തിയതിന്റെ പേരിൽ നിഖിലയെ കല്ലെറിയുന്നവരെ ചിലത് ഓർമ്മിപ്പിക്കട്ടെ
1. മുസ്ലീം കല്യാണങ്ങൾക്ക് പോയാൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും രണ്ട് പന്തലുകളിൽ ഭക്ഷണം നൽകുന്നതോ, ഒരു പന്തലാണ് എങ്കിൽ ആ പന്തലിൽ തന്നെ ഒരു ഭാഗം തുണികൊണ്ട് മറച്ച് ആ മറച്ചു കെട്ടിയ കൂട്ടിനുള്ളിൽ സ്ത്രീകളെ ഇരുത്തി അവിടെ വെച്ച് അവർക്ക് വേണ്ടി ഭക്ഷണം വിളമ്പി കൊടുക്കുന്നത് കാണാത്ത എത്ര ആളുകൾ ഉണ്ടാകും നമുക്കിടയിൽ?
വിരലിലെണ്ണാവുന്ന മുസ്ലീം കല്യാണങ്ങൾ മാത്രമാണോ ഇങ്ങനെ നടക്കുന്നത്? സ്ത്രീകൾക്ക് വേണ്ടി പ്രത്യേകം സ്ഥലം ഒരുക്കാത്ത മുസ്ലീം കല്യാണങ്ങൾ അല്ലെ വിരലിൽ എണ്ണാവുന്നത്?
ഇനി ഒരു മാസം മുന്നേ ഞങ്ങളുടെ നാട്ടിൽ നടന്ന ഇതിലും കൂടിയ കടുംകൈ ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാം..
ഇനി പറയാൻ പോകുന്നത് മുസ്ലീം കല്യാണത്തിന് നടന്ന വിശേഷമല്ല, മുസ്ലീം മരണത്തിനു നടന്ന ബഹുവിശേഷമാണ്..
ഞങ്ങളുടെ നാട്ടിലെ ഒരു പ്രായമായ മുസ്ലീം സ്ത്രീ മരിച്ചു. മരണവിവരം അറിഞ്ഞ് അയൽക്കാരും നാട്ടുകാരിൽ പലരും മരണപ്പെട്ട ആ സ്ത്രീയെ അവസാനമായി ഒരുനോക്ക് കാണാനും അവർക്ക് അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനുമായി മരണവീട്ടിലേക്ക് ചെന്നപ്പോൾ, “മരണപ്പെട്ട സ്ത്രീയുടെ ബോഡി അടുത്ത ബന്ധുക്കൾ അല്ലാതെ മറ്റു പുരുഷന്മാർ കാണാൻ പാടില്ല എന്നാണ് ഞങ്ങളുടെ മതാചാരം” എന്ന് പറഞ്ഞ് നാട്ടുകാരെ മുഴുവൻ മടക്കിയയക്കുകയാണ് മരണപ്പെട്ട ആ മുസ്ലീം സ്ത്രീയുടെ മക്കളും മക്കളുടെ മക്കളും മത നേതാക്കളും ഒക്കെക്കൂടെ ചെയ്തത്.
മരിച്ചു ജീവൻ നഷ്ടപ്പെട്ട ആ ശരീരം, ഒരു പെണ്ണായി ജനിച്ച്, ഒരു പെണ്ണായി ജീവിച്ച്, പെണ്ണായി മരിച്ചത് മുസ്ലീം മതത്തിലായതു കൊണ്ട് മാത്രമാണ്, ആ സ്ത്രീക്ക് മരണശഷം പോലും അപമാനം നേരിടേണ്ടി വന്നത്.
അതേസമയം ആ കുടുംബത്തിലെ ഒരു പുരുഷനാണ് മരണപ്പെട്ടിരുന്നത് എങ്കിൽ മരണപ്പെട്ട ആളെ കാണാനും അന്ത്യോപചാരങ്ങൾ അർപ്പിക്കാനും ചെല്ലുന്ന ഒരാളെ എങ്കിലും ആ വീട്ടുകാരോ മത നേതാക്കളോ കൂടി തിരിച്ചയക്കുമായിരുന്നോ?
മുസ്ലീം സമുദായത്തിൽ ഒരു പെൺകുട്ടി ജനിക്കുമ്പോൾ മുതൽ വളർന്നു വലുതാകുന്നതുവരെ മാത്രമല്ല, പ്രായമായി മരിക്കുമ്പോൾവരെ വിവേചനം നേരിടുകയാണെന്ന കടുത്ത യാഥാർഥ്യം ഞാൻ തിരിച്ചറിഞ്ഞിട്ട് ഒരുമാസമേ ആയിട്ടുള്ളൂ.
മുസ്ലീം സമുദായത്തിൽ സ്ത്രീകൾ വിവേചനം നേരിടുന്നില്ല എന്നാരാ പറഞ്ഞെ?
സ്ത്രീകൾ ഇത്തരം മാറ്റിനിർത്തലുകളോ അപമാനിക്കപ്പെടലുകളോ നേരിടാത്ത എത്ര മുസ്ലീം കുടുംബങ്ങൾ നമ്മുടെ നാട്ടിലുണ്ട്? ഇതിനെയൊക്കെ മറികടുന്നു മുന്നോട്ട് വരുന്ന, സ്ത്രീകളെ മനുഷ്യരായി കാണുന്ന വളരെ ചെറിയൊരു ശതമാനം ആളുകൾ മുസ്ലീം സമുദായത്തിൽ ഇന്നുണ്ട് എന്നത് മാത്രമാണ് ചെറിയൊരു ആശ്വാസം.
ഇനി ഇത് പറഞ്ഞത്കൊണ്ട് എന്നെ കല്ലെറിയാൻ ആർക്കേലും തോന്നുന്നു എങ്കിൽ, നിങ്ങൾ ആ കല്ലേറ് നിങ്ങളുടെ മതത്തിലെ നെറികേടുകൾക്ക് നേരെ നടത്തിയാൽ, നിങ്ങളുടെ അമ്മൂമ്മയോ, അമ്മയോ, ഭാര്യയോ, മകളോ, മരുമകളോ, കൊച്ചുമകളോ ഒക്കെ മരിച്ചാൽ അവരെ പള്ളിക്കാട്ടിലേക്ക് എടുക്കുന്ന സമയത്തെങ്കിലും ഇങ്ങനെ അപമാനം നേരിടേണ്ട ഗതികേട് അവർക്കുണ്ടാകില്ല..
ഈ അവസ്ഥ പെണ്ണിന് വേണ്ടി ഒരുക്കിയ, ഈ അവസ്ഥ പെണ്ണിന് വേണ്ടി കല്പിച്ച നിങ്ങൾക്ക് അവർ അപമാനിക്കപ്പെടുന്ന കാഴ്ച അഭിമാനം നൽകുകയും നിങ്ങളെ ഹരം കൊള്ളിക്കുകയും ചെയ്യുന്നെങ്കിൽ പോലും, ജീവിച്ചിരിക്കുന്ന ഓരോ പെണ്ണിനും നാളെ മരിക്കേണ്ട ഓരോ പെണ്ണിനും ഇതൊക്കെ അപമാനം തന്നെയാകും..
കാരണം, ആത്മാഭിമാനം എന്നത് ആണിന് മാത്രമായി ഉള്ള ഒരു പ്രത്യേക സാധനമല്ല..
…………
പെണ്ണിന്റെ അഭിമാനത്തെ കുറിച്ച് ഞാനാരോടാ ഈ പറയുന്നേ?!!
നല്ല പഷ്ട് ടീമിനോട് തന്നെയാ
Post Your Comments