കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ച് വരികയാണ്. യുവാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും മാരകമായ മയക്കുമരുന്നിന്റെ ഉപയോഗം കുത്തനെയാണ് ഉയരുന്നത്. സർക്കാരോ ആഭ്യന്തര വകുപ്പോ കാര്യമായതൊന്നും ചെയ്യുന്നില്ലെന്ന ആരോപണം ശക്തമാകുന്നു. ഇപ്പോഴിതാ, ഈ നാട് നശിച്ചാലും സമൂഹത്തിന് എന്ത് ദോഷം വന്നാലും ഭരണം മാത്രം ലക്ഷ്യം എന്ന സിപിഎം നിലപാട് തന്നെയാണ് കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ് പറയുന്നു.
കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്തിലെ 5,6,7,8 വാർഡുകൾ ഉൾപ്പെട്ട മലയോര ഗ്രാമത്തിലെ അവസ്ഥ വിവരിച്ചാണ് ജോമോൾ ജോസഫിന്റെ വിമർശനം. ഇവിടെ യുവാക്കൾ കഞ്ചാവും എം.ഡി.എം.എയുമൊക്കെ അടിച്ചാണ് നടക്കുന്നതെന്നും, നാട്ടിൽ മറ്റുള്ളവർക്ക് സമാധാനമായി ഇറങ്ങിനടക്കാൻ പറ്റാത്ത അവസ്ഥയാണെന്നും ജോമോൾ പറയുന്നു. സി.പി.എം എന്ന പാർട്ടിക്ക് അപ്രമാദിത്യമുള്ള തങ്ങളുടെ നാട്ടിൽ, നാടൻ ചാരായം വാറ്റി വിൽക്കുന്നത് ആരാണെന്നും കഞ്ചാവും MDMA പോലുള്ള കൊടിയ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതും എത്തിക്കുന്നതും ആരാണെന്നും നാട്ടിലുള്ളവർക്ക് അറിയാമെന്നും ജോമോൾ പറയുന്നു.
‘സി.പി.എം എന്ന പാർട്ടി എന്ന് മുതൽ ഭരണം നേടുന്നതിലും ഭരണം നിലനിർത്തുന്നതിലും മാത്രം ശ്രദ്ധവെക്കാൻ തുടങ്ങിയോ, എന്ന് സിപിഎം എന്ന പാർട്ടിക്കും പാർട്ടി നേതാക്കൾക്കും അധികാരമോഹം ആരംഭിച്ചോ, എന്ന് അധികാരം സിപിഎം എന്ന പാർട്ടിയെയും പാർട്ടി നേതാക്കളെയും മത്തുപിടിപ്പിച്ചു തുടങ്ങിയോ, അന്ന് മുതൽ സിപിഎം എന്ന പാർട്ടിക്കും പാർട്ടി നേതാക്കൾക്കും ഈ നാടിനോടും ഈ സമൂഹത്തോടുമുള്ള പ്രതിബദ്ധത നഷ്ടപ്പെട്ടു തുടങ്ങി. ഏതു കൊള്ളരുതായ്മ കാണിക്കുന്നവനും സാമൂഹ്യ ദ്രോഹിയും മയക്കുമരുന്നു വിൽപ്പനക്കാരും ഇടപാടുകാരും വരെ ഗ്രാമങ്ങൾ മുതൽ സിപിഎം സഹയാത്രികരോ സിപിഎം അണികളോ അനുഭാവികളോ ഒക്കെയായി മാറി. ഈ നാട് നശിച്ചാലും സമൂഹത്തിന് എന്ത് ദോഷം വന്നാലും ഭരണം മാത്രം ലക്ഷ്യം എന്ന സിപിഎം നിലപാട് തന്നെയാണ് ഞങ്ങളുടെ ഈ കൊച്ചു ഗ്രാമത്തിലെയും കേരളത്തിലെയും ഇന്നത്തെ ഈ ദുരവസ്ഥക്ക് കാരണം എന്നതിൽ ആർക്കും ഒരു സംശയവും വേണ്ട’, ജോമോൾ വിമർശിക്കുന്നു.
ജോമോൾ ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
“അവരൊക്കെ കഞ്ചാവും എംഡിഎമ്മേയുമാ… ”
നമ്മുടെയൊക്കെ നാട്ടിലെ ചില യുവാക്കളെ പറ്റി പലരും ഇങ്ങനെ പറയുന്നത് നമ്മൾക്കൊക്കെ കേട്ടു ശീലിച്ചിട്ട് അധികകാലം ആയിട്ടില്ല.
ഞങ്ങളുടെ നാട്ടിലെ കുറച്ചു ചെറുപ്പക്കാരെ കുറിച്ച് മിക്ക ആളുകളും ഇങ്ങനെ പറയുന്നത് കഴിഞ്ഞ ദിവസങ്ങളിൽ ഞാനും കേട്ടു.
കാര്യം വിശദീകരിക്കാം..
കഴിഞ്ഞ ശനിയാഴ്ച ആദിയുടെ സ്കൂളിന്റെ (ഫാത്തിമ എയുപി സ്കൂൾ, പെരുവണ്ണാമൂഴി, കോഴിക്കോട്) എഴുപതാം വാർഷീക ആഘോഷങ്ങൾ ആയിരുന്നു. അതോടൊപ്പം തന്നെ സ്കൂളിനായി അത്യാധുനീക സൗകര്യങ്ങളോട് കൂടുയ പുതിയ കെട്ടിട സാമൂച്ഛയം യാഥാർധ്യമായ സന്തോഷത്തിൽ കുട്ടികളും മാതാപിതാക്കളും നാട്ടുകാരും ഒക്കെ മനസ്സുതുറന്നു ആഘോഷിക്കുന്ന രാത്രി. വൈകീട്ട് ആറുമണിയോടെ തുടങ്ങിയ ഉദ്ഘാടന പരിപാടിപാടികൾ കഴിഞ്ഞു, ഏഴു മണിയോടെ കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു, വലിയ ഗ്രൗണ്ട് നിറയെ കുട്ടികളും, അവരുടെ മാതാപിതാക്കളും, നാട്ടുകാരും, മറ്റു സ്കൂളിൽ പഠിക്കുന്ന കുട്ടികളും, ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളും, മുമ്പ് ഈ സ്കൂളിൽ പഠിപ്പിച്ച മുൻ അധ്യാപകരും അവരുടെ ബന്ധുക്കളും, അയൽ നാട്ടുകാരും ഒക്കെയായി വലിയയൊരു ജനക്കൂട്ടം വളരെ അച്ചടക്കത്തോടെ പരിപാടികൾ ആസ്വദിക്കുന്നു, കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു. എല്ലാവരുടെയും മനസ്സുകളിൽ സന്തോഷം മാത്രം..
കുട്ടികളുടെ കലാപരിപാടികൾ കഴിയുന്നതിന് അനുസരിച്ച് അവർക്കും മാതാപിതാക്കൾക്കും, പരിപാടി കാണാൻ വന്നവർക്കും ഒക്കെ PTA യുടെ ആഭിമുഖ്യത്തിൽ ഭക്ഷണം നൽകുന്നു.
കുട്ടികളുടെ പരിപാടി കഴിഞ്ഞു, അധ്യാപകരുടെ പാട്ടും ഡാൻസും ഒക്കെയായി ആഘോഷ പരിപാടികൾ തകർത്തു മുന്നേറുന്നു, അവിടെ വന്നവരൊക്കെ മനസ്സും വയറും നിറഞ്ഞു നിൽക്കുമ്പോൾ, പൂർവ വിദ്യാർഥികളുടെ കരോക്കെ ഗാനമേളയും മിമിക്രിയും ഒക്കെ ആരംഭിച്ചു.
പെട്ടനാണ് ഏറ്റവും പുറകിലായി സ്കൂൾ ഗേറ്റിനു മുന്നിൽ വലിയ ഒച്ചയും ബഹളവും കേട്ടു നോക്കുമ്പോൾ ഇരുപതോളം ചെറുപ്പക്കാർ രണ്ടു ചേരികളിൽ ആയി തമ്മിൽ തല്ലുന്നു, കൂട്ടം കൂടി ആക്രമണം അഴിച്ചു വിടുന്നു, പിടിച്ചു മാറ്റാൻ ചെന്നവരെയും ഓകെ സംഘം ചേർന്ന് ആക്രമിക്കുന്നു, വീട്ടിലേക്ക് പോകാനായി സ്കൂൾ ഗേറ്റ് വഴി പുറത്തേക്ക് പോകുന്ന അമ്മമാരും കുട്ടികളുടെയും നേരെ വരെ ആക്രോശിച്ചുകൊണ്ട് അക്രമിസംഘം പാഞ്ഞടുക്കുന്നു, PTA ഭാരവാഹികളും മാനേജ്മെന്റ് പ്രതിനിധികളും നാട്ടുകാരും ഒക്കെ ചേർന്ന് കുട്ടികളെയും സ്ത്രീകളെയും ഒക്കെ സ്കൂൾ ഗേറ്റിന് അകത്താക്കി ഗേറ്റ് പൂട്ടുന്നു. എൽപി, യുപി ക്ലാസ്സുകളിൽ പഠിക്കുന്ന കൊച്ചു കുട്ടികളും അവരുടെ അമ്മമാരും പേടിച്ചു വിറച്ചു സ്കൂൾ ഗേറ്റിന് അകത്ത്. ആഘോഷ പരിപാടികൾ നിർത്തി വെക്കുന്നു..
അരമണിക്കൂറോളം ഈ സംഘർഷവും കൊലവിളിയും കൊടിയ ആക്രമണങ്ങളും കൊച്ചു കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിൽ വെച്ച് നടക്കുന്നു. പോലീസ് ജീപ്പിന്റെ ലൈറ്റ് അകലെ നിന്നേകണ്ടപ്പോൾ അക്രമികൾ സ്ഥലം കാലിയാക്കുന്നു.
പിറ്റേന്ന് ഞായറാഴ്ച..
അന്ന് വൈകീട്ട് ഇതേ ആക്രമി സംഘത്തിലെ ഒരു വിഭാഗം ഞങ്ങളുടെ നാട്ടിലെ ഒരു ചെറുപ്പക്കാരനെ അങ്ങാടിയിൽ വെച്ച് കൂട്ടം കൂടി അടിക്കുന്നു. പതിനഞ്ചോളം ആളുകൾ കൂടി ഒരുത്തനെ കൂട്ടം കൂടി അടിച്ചു വീഴിച്ചതിന്റെ കാരണം, തലേന്ന് രാത്രി സ്കൂളിൽ നടന്ന അക്രമത്തിനിടയിൽ ആ ചെറുപ്പക്കാരൻ ഇവരെയൊക്കെ പിടിച്ചു മാറ്റാൻ നോക്കിയത്രേ. അടികൊണ്ട് വീണ ആ ചെറുപ്പക്കാരൻ എങ്ങനെയൊക്കെയോ അവിടെ നിന്നും രക്ഷപ്പെട്ടു. ഇത് കണ്ടു കൊണ്ട് ആ നൂറോളം കടകൾ ഉള്ള ആ അങ്ങാടിയിൽ നിന്ന ഒരാൾ പോലും അക്രമം തടയാൻ ശ്രമിച്ചില്ല.
അക്രമം കഴിഞ്ഞിട്ടും ആക്രമിസംഘം അങ്ങാടിയിൽ തന്നെ തുടർന്നു. “പത്തു പതിനഞ്ചു പേര് കൂടി ഒരുത്തനെ ഇങ്ങനെ കൂട്ടം കൂടി തല്ലാൻ നിനക്കൊന്നും നാണമില്ലേ” എന്ന് അൽപ്പ സമയം കഴിഞ്ഞപ്പോൾ മറ്റൊരു ചെറുപ്പക്കാരൻ ഈ ആക്രമി സംഘത്തോട് ചോദിച്ചു.
അവരോട് ആ ചോദ്യം ചോദിച്ചതെ ആ ചെറുപ്പക്കാരന് ഓർമ്മയുള്ളൂ, പിന്നെ ആ അങ്ങാടിയിൽ കണ്ടത് ഇതേ ആക്രമി സംഘം സംഘം ചേർന്ന് ആ ചെറുപ്പക്കാരനെ മൃഗീയമായി ആക്രമിക്കുന്ന കാഴ്ചയാണ്. വായിൽ നിന്നും മൂക്കിൽ നിന്നും ചോരയോഴുകി തളർന്നു വീണ ആ ചെറുപ്പക്കാരനെ അവിടെ നടുറോഡിൽ ഇട്ട് ആക്രമിസംഘം പോയ ശേഷം മാത്രമാണ് നാട്ടുകാർ ആ ചെറുപ്പക്കാരനെ എടുത്തു വാഹനത്തിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചത്. അതുവരെ ആരും അങ്ങോട്ടേക്ക് വരാൻ ധൈര്യപ്പെട്ടില്ല.
വിവരം അറിഞ്ഞ ഞാൻ പലരോടും ചോദിച്ചു, നിങ്ങളാരും എന്താ പ്രതികരിക്കാത്തത് ?
“അവരൊക്കെ കഞ്ചാവും MDMA യും അടിച്ചു വെളിവില്ലാതെ നടക്കുന്നവരല്ലേ, നമ്മളെന്തു ചെയ്യാനാ” എന്നായിരുന്നു എല്ലാവരുടെയും മറുപടി
സ്കൂളിൽ വെച്ച് നടന്ന ആക്രമണത്തിൽ സ്കൂൾ PTA ഇവർക്കെതിരെ പോലീസ് കേസ് കൊടുക്കണം എന്ന നിർദ്ദേശം PTA executive ൽ ഞങ്ങൾ അവതരിപ്പിച്ചു.
“അവരൊക്കെ കഞ്ചാവും MDMA യും അടിച്ചു വെളിവില്ലാതെ നടക്കുന്നവരല്ലേ, ഇനി ഇതിന്റെ പേരിൽ നമുക്ക് നേരെ ആകും ഇവന്മാരുടെ തോന്ന്യവാസം,” എന്നായിരുന്നു എല്ലാവരുടെയും മറുപടി. ഭയം മൂലം PTA യിൽ ആരും പിന്തുണക്കാതിരുന്നത് കൊണ്ട് കുട്ടികളുടെ സംരക്ഷണത്തിനായി ഈ നാട്ടിൽ നിലവിലുള്ള POSCO നിയമം അനുസരിച്ചുള്ള നിയമപരിരക്ഷയിൽ അധിഷ്ഠിതമായ നീതി ഈ കൊച്ചു കുട്ടികൾക്ക് ലഭിക്കാതെ പോയി.
ഇനി ഞങ്ങളുടെ നാടിനെ കുറിച്ച്..
കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്തിലെ 5,6,7,8 വാർഡുകൾ ഉൾപ്പെട്ട മലയോര ഗ്രാമമാണ് ഞങ്ങളുടെ നാട്. സാധാരണക്കാരിൽ സാശാരണക്കാരായ നാട്ടുകാർ. ഭൂരിഭാഗം ആളുകളും ദിവസക്കൂലിക്ക് ജോലിചെയ്ത് വരുമാനം കണ്ടെത്തുന്നവർ. ഈ വാർഡുകളിൽ 5,6,8 വാർഡുകളിൽ വാർഡ് മെമ്പർമാർ സിപിഎം പ്രതിനിധികൾ, സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റ് 5 ആം വാർഡിലെ പ്രതിനിധി. ഈ പ്രദേശത്തു നിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. അദ്ദേഹവും സിപിഎം നേതാവ്. ഈ പ്രദേശത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ആണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. അവരും സിപിഎം നേതാവാണ്. ഈ പ്രദേശത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട MLA സിപിഎം നേതാവ്. അതായത് സിപിഎം എന്ന പാർട്ടിക്ക് അപ്രമാദിത്യമുള്ള മേഖലയാണ് ഞങ്ങളുടെ നാട്.
ഈ നാട്ടിൽ മിക്കർക്കും അറിയാം ഈ നാട്ടിൽ നാടൻ ചാരായം വാറ്റി വിൽക്കുന്നത് ആരൊക്കെയെന്നും, കഞ്ചാവും MDMA പോലുള്ള കൊടിയ മയക്കു മരുന്നുകൾ ഈ നാട്ടിൽ ആരൊക്കെയാണ് ഉപയോഗിക്കുന്നതെന്നും, ആരൊക്കെയാണ് വിൽപ്പന നടത്തുന്ന ഏജന്റുമാർ എന്നും. രണ്ടു ചെറുപ്പക്കാരെ സംഘം ചേർന്ന് അടിച്ചു വീഴിച്ച അങ്ങാടിയിൽ ഓട്ടോ ഡ്രൈവർമാരും ടാക്സി ഡ്രൈവർമാരും ചുമട്ടു തൊഴിലാളികളും ആയ CITU അംഗങ്ങളായി അതായത് സിപിഎം ന്റെ തൊഴിലാളി സംഘടനയിലെ നൂറിലധികം ആളുകൾ ഉള്ളിടത്തു വെച്ചാണ്, അവരുടെയൊക്കെ കണ്ണിനു മുന്നിൽ വെച്ചാണ്, സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന്റെ 100 മീറ്റർ പരിസരത്തു വെച്ചാണ് ഈ ആക്രമണം നടന്നത്.
നാടൻ വാറ്റും, കഞ്ചാവും, MDMA പോലുള്ള രാസ ലഹരികളും അനധികൃത മദ്യക്കച്ചവടവും ഈ നാട്ടിൽ അനുവദിക്കില്ല എന്ന് സിപിഎം ഒരു രാഷ്ട്രീയ തീരുമാനമെടുത്താൽ ഇതൊന്നും ഈ നാട്ടിൽ പിന്നെ കാണികാണാൻ കിട്ടില്ല എന്ന് എനിക്കുറപ്പുണ്ട്. ആഴ്ചയിൽ പല ദിവസങ്ങളിലും എക്സൈസ് സംഘം നടത്തുന്ന റെയിഡിൽ നൂറു കണക്കിന് ലിറ്റർ വാഷ് (അഥവാ കോട : വാറ്റ് ചാരായം ഉണ്ടാക്കാൻ വേണ്ടി കലക്കി വെക്കുന്ന മിശ്രിതം) കണ്ടെടുത്തിട്ടും, ഈ കോട കലക്കി വെച്ച ഒരു പ്രതിയെ പോലും പിടിക്കാനോ കണ്ടെത്താനോ എക്സൈസ് പോലീസ് സംഘത്തിന് കഴിയാത്തത് എന്തുകൊണ്ടാകും?
എന്തുകൊണ്ടാകും നാടൻ വാറ്റുചാരായവും, അനധികൃത മദ്യ വിൽപ്പനയും, കഞ്ചാവ് MDMA വിൽപ്പനയും ഒക്കെ ഈ നാട്ടിൽ നിന്നും ഇല്ലാതാക്കണം എന്ന രാഷ്ട്രീയ തീരുമാനം സിപിഎം എടുക്കാത്തത് ?
സ്കൂളിലും അങ്ങാടിയിലും മാത്രമാണോ ആക്രമി സംഘം അക്രമം അഴിച്ചു വീട്ടിട്ടുള്ളത്? കിഡ്നി രോഗം ബാധിച്ച് ജോലിക്ക് പോലും പോകാൻ കഴിയാതെ കിടക്കുന്ന, ഒന്നിടവെട്ട ദിവസങ്ങളിൽ ഡയാലിസിസിനു വിധേയനായി കഴിയുന്ന രോഗിയായ മനുഷ്യന്റെ വീട്ടിൽ കയറി കൂടലിനും ഈ നാട്ടിലെ തന്നെ അമ്പലത്തിലെ ഉൽസവത്തിനും വരെ ഇതേ ആക്രമിസംഘം അക്രമം അഴിച്ചു വിട്ട് അഴിഞ്ഞാടിയിട്ടും ഈ പ്രദേശത്തെ മുഖ്യ രാഷ്ട്രീയ പാർട്ടിക്ക് ഈ ആക്രമിസംഘത്തെ നിയന്ത്രിക്കാനും ഒതുക്കാനും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും കഴിയാത്തത് എന്തുകൊണ്ടാകും?
ശനിയാഴ്ച സ്കൂളിൽ വെച്ചും ഞായറാഴ്ച അങ്ങാടിയിൽ വെച്ചും നടന്ന ഗുണ്ടാ അഴിഞ്ഞാട്ടത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സും സിപിഐ യും പോലും ( സിപിഐ എന്ന പാർട്ടിക്ക് ഈ നാട്ടിൽ നൂറു വോട്ടുകൾ പോലും തികച്ചുണ്ടോ എന്ന് സംശയമാണ് ) അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തിയിട്ടുപോലും ഈ അക്രമത്തെയോ അക്രമികളെയോ തള്ളിപ്പറയാനോ, ഗുണ്ടാ വിളയാട്ടത്തിൽ പ്രതിഷേധിക്കാനോ ഒരു പ്രകടനം പോലും നടത്താനോ സിപിഎം എന്ന പാർട്ടിക്ക് കഴിയാതെ പോയത് എന്തുകൊണ്ടാകും?
ഇത് ഞങ്ങളുടെ ഈ കൊച്ചു ഗ്രാമത്തിലെ മാത്രം പ്രശ്നമാണോ ? ആണെന്ന് എനിക്ക് തോന്നുന്നില്ല. ഇതാണ് കേരളം മുഴുവനും ഇന്നുള്ള അവസ്ഥ. എന്താകും ഈ അവസ്ഥക്ക് കാരണം ?
സിപിഎം എന്ന പാർട്ടി എന്ന് മുതൽ ഭരണംനേടുന്നതിലും ഭരണം നിലനിർത്തുന്നതിലും മാത്രം ശ്രദ്ധവെക്കാൻ തുടങ്ങിയോ, എന്ന് സിപിഎം എന്ന പാർട്ടിക്കും പാർട്ടി നേതാക്കൾക്കും അധികാരമോഹം ആരംഭിച്ചോ, എന്ന് അധികാരം സിപിഎം എന്ന പാർട്ടിയെയും (പ്രദീശിക തലം മുതൽ മുകളിലേക്ക്) പാർട്ടി നേതാക്കളെയും മത്തുപിടിപ്പിച്ചു തുടങ്ങിയോ, അന്ന് മുതൽ സിപിഎം എന്ന പാർട്ടിക്കും പാർട്ടി നേതാക്കൾക്കും ഈ നാടിനോടും ഈ സമൂഹത്തോടുമുള്ള പ്രതിബദ്ധത നഷ്ടപ്പെട്ടു തുടങ്ങി. ഏതു കൊള്ളരുതായ്മ കാണിക്കുന്നവനും സാമൂഹ്യ ദ്രോഹിയും മയക്കുമരുന്നു വിൽപ്പനക്കാരും ഇടപാടുകാരും വരെ ഗ്രാമങ്ങൾ മുതൽ സിപിഎം സഹയാത്രികരോ സിപിഎം അണികളോ അനുഭാവികളോ ഒക്കെയായി മാറി. അവരുടെയും അവരുടെ കുടുംബങ്ങളിൽ നിന്നും നഷ്ടപ്പെടുന്ന വോട്ടുകൾ വരും കാല തിരഞ്ഞെടുപ്പിൽ സിപിഎം എന്ന പാർട്ടിക്ക് നഷ്ടപ്പെടുമോ എന്ന ഭീതിയിൽ അധികാരത്തിലും അധികാര മോഹത്തിലും കഴിയുന്ന സിപിഎം നേതാക്കൾ ഇവരെയാരെയും തള്ളിപ്പയാനോ തിരുത്താനോ ഒറ്റപ്പെടുത്താനോ തയ്യറാകാതെ അവരെയൊക്കെ പാർട്ടി സഹായത്ത്രികരും വോട്ടുബാങ്കും ആയി കൊണ്ടുനടക്കുന്നു.
അതിന്റെ ബാക്കിപത്രമാണ് നമ്മുടെ നാട്ടിൽ തഴച്ചു വളരുന്ന മയക്കു മരുന്ന് മാഫിയയും, ഗുണ്ടാ സംഘങ്ങളും. ഈ നാട് നശിച്ചാലും സമൂഹത്തിന് എന്ത് ദോഷം വന്നാലും ഭരണം മാത്രം ലക്ഷ്യം എന്ന സിപിഎം നിലപാട് തന്നെയാണ് ഞങ്ങളുടെ ഈ കൊച്ചു ഗ്രാമത്തിലെയും കേരളത്തിലെയും ഇന്നത്തെ ഈ ദുരവസ്ഥക്ക് കാരണം എന്നതിൽ ആർക്കും ഒരു സംശയവും വേണ്ട..
കൊച്ചിയെന്ന മെട്രോ നഗരത്തിൽ ജനിച്ചു വളർന്ന ഞാൻ ഈ നാട്ടിൽ വന്നു സ്ഥിരതാമസമാക്കിയിട്ട് കേവലം 32 മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. കൊച്ചി നഗരങ്ങളിലും പരിസര പ്രദേശങ്ങളിലും പോലും ഇത്ര വ്യാപകമായോ പരസ്യമായോ അനധികൃത മദ്യ വിൽപ്പനയോ മയക്കുമരുന്ന് ഇടപാടുകരെയോ കുറിച്ച് എന്റെ 33 വർഷത്തെ ജീവിതകാലത്ത് ഞാൻ കണ്ടിട്ടും കേട്ടിട്ടും ഇല്ല. നഗരങ്ങൾ അല്ല ഗ്രാമങ്ങൾ ആണ് മയക്കുമരുന്ന് മാഫിയയുടെ കൈകളിൽ.
???
ഇതെഴുതിയതിന്റെ പേരിൽ ഈ മയക്കുമരുന്ന് ഗുണ്ടാ സംഘങ്ങൾക്കെതിരെ നിലപാട് എടുത്തതിന്റെ പേരിൽ നാളെ ഞാനും എന്റെ കുടുംബവും ആക്രമിക്കപ്പെട്ടേക്കാം, ചിലപ്പോൾ കരുതിക്കൂട്ടി ഉണ്ടാക്കിയ അപകടത്തിൽ ഞങ്ങൾ കൊല്ലപ്പെട്ടേക്കാം, എങ്കിൽ പോലും ഞാനോ ഞങ്ങളോ ഇവരെ ഭയക്കുന്നില്ല, ഞങ്ങളുടെയും നിങ്ങളുടെയും മക്കൾക്ക് വേണ്ടി, ഞാൻ ആരെയും ഭയക്കാതെയും ജീവനിൽ പേടിയില്ലാതെയും ഇതിവിടെ എഴുതി വെക്കുന്നു.
നമ്മുടെ മക്കൾക്ക് വേണ്ടി, വരും തലമുറക്ക് വേണ്ടി..
ഉയരാൻ മടിക്കുന്ന കൈകളും പറയാൻ മടിക്കുന്ന നാവുകളും അടിമത്തത്തിന്റേതാണ് എന്ന ഉറച്ച ബോധത്തോടെയും ബോധ്യത്തോടെയും..
Post Your Comments