തിരുവനന്തപുരം: നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ക്യാമറകൾ ഉപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്ന പദ്ധതിക്കെതിരെ കടുത്ത വിമർശനമാണുയരുന്നത്. പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുന്ന, അവരുടെ ചോരയും നീരും ഊറ്റിക്കുടിക്കുന്ന ഇത്തരം പദ്ധതികൾ നടപ്പിലാക്കും മുൻപ് കാര്യങ്ങൾ വിശദമായി പഠിക്കണമെന്ന് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നു. അന്നന്നത്തെ ആഹാരത്തിന് വേണ്ടി ജോലി ചെയ്യുന്ന, അനേകം ലക്ഷം ആളുകൾ ഉള്ള കേരളത്തിൽ ഈ പദ്ധതി വിജയം കാണില്ലെന്ന് ജനം അഭിപ്രായപ്പെടുന്നു. ഈ നാട്ടിലെ ഏകാധിപതിയാകാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്ന് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ് പറയുന്നു.
‘പാവപ്പെട്ട മനുഷ്യരെ ചൂഷണം ചെയ്യാനായി, ആ മനുഷ്യരിൽ നിന്നും പിന്നെയും പിന്നെയും പണം പിടുങ്ങാനായി, ആ മനുഷ്യരുടെ ചോരയും നീരും ഊറ്റികുടിക്കാനായി മുന്നിട്ടിറങ്ങുന്ന പിണറായി സർക്കാർ കമ്മ്യൂണിസം എന്താണെന്ന് മറന്നുതുടങ്ങിയിരിക്കുന്നു. പറയാതെ വയ്യ, ജനങ്ങളെ അറിയാതെ, അവരുടെ ജീവിതസാഹചര്യമറിയാതെ നിയമം അടിച്ചേൽപ്പിക്കുന്ന ഭരണാധികാരിയാണ് ഏകാധിപതി, ഈ ജനാധിപത്യ നാട്ടിൽ ഏകാധിപതിയാകാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കരുത്’, ജോമോൾ ഫേസ്‌ബുക്കിൽ കുറിച്ചു.
ജോമോൾ ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഈ നാട്ടിൽ ഏകാധിപതിയാകാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കരുത്.
ഒന്നാം പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങൾ, മികച്ച നിലയിൽ തന്നെയായിരുന്നു. സാധാരണ ജനങ്ങളെ, സാധാരണക്കാരിൽ സാധാരണക്കാരെ ചേർത്ത് നിർത്തിയും അവരെ സംരക്ഷിച്ചും മുന്നോട്ടു പോയ ഒന്നാം പിണറായി സർക്കാർ ഇടത് കമ്മ്യൂണിസ്റ്റ് മൂല്യങ്ങളോട് നീതി പുലർത്തി എന്നത് വാസ്തവമാണ്. ആ ഭരണം തന്നെയാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വരാൻ കാരണമായത്. എന്നാൽ രണ്ടാം പിണറായി സർക്കാർ ഭരണത്തിൽ വന്ന ശേഷം ഇടതു കമ്മ്യൂണിസ്റ്റ് നിലപാടുകളുടെ അടിസ്ഥാന തത്വങ്ങളായ സാധാരണക്കാരിൽ സാധാരണക്കാരെ ചേർത്ത് നിർത്തുന്ന നിലപാടുകൾക്ക് പകരം സാധാരണ മനുഷ്യരെ പിഴിയുന്ന, വലതുപക്ഷ നിലപാടുകളിലേക്ക് മാറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
1. കഴിഞ്ഞ ബഡ്‌ജറ്റിൽ സർക്കാർ മുന്നോട്ട് വെച്ച അടഞ്ഞു കിടക്കുന്ന വീടുകൾക്ക് അധിക നികുതി എന്ന ഇത്രയും വലിയൊരു തുഗ്ലക് നികുതി നിർദ്ദേശം നമ്മുടെ സംസ്ഥാനത്ത് ഇതുവരെ കേട്ടുകേൾവി ഇല്ലാത്തതാണ്.
2. കഴിഞ്ഞ ദിവസം വന്ന പുതിയ തീരുമാനം നോക്കൂ..
സാധാരണ മനുഷ്യരുടെ യാത്രക്കായി അവർ ആശ്രയിക്കുന്ന വാഹനമാണ് ഇരുചക്ര വാഹനങ്ങൾ. ആ വാഹനങ്ങളിൽ കൈക്കുഞ്ഞിനെ കൂടെ കൊണ്ടുപോയാൽ പോലും മൂന്നാമത്തെ വ്യക്തിയായി കണകാക്കി ഫൈൻ ഈടാക്കും പോലും!!
ഇതെന്താ നമ്മൾ തുഗ്ലക്കിന്റെ നാട്ടിലോ ഏകാധിപത്യ ഭരണം നിലനിൽക്കുന്ന നാട്ടിലോ ആണോ ജീവിക്കുന്നത്?
എന്താണ് നമ്മുടെ അവസ്ഥ? നമ്മുടെ ഗ്രാമങ്ങലിലോ നഗരങ്ങളിലൊ പൊതു ഗതാഗത സംവിധാനങ്ങൾ എല്ലായിടത്തും എത്തിയിട്ടുണ്ടോ?
ഞങ്ങളുടെ ഗ്രാമമായ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപറ പഞ്ചായത്തിലെ 5,6,7,8 വാർഡുകൾ കൂടുന്ന മുതുകാട് പ്രദേശത്തിന്റെ അവസ്ഥ മാത്രം നോക്കാം. മുതുകാട് അങ്ങാടിയിൽ നിന്നും പ്രധാനമായി നാലു സ്ഥലങ്ങളിലേക്കാണ് (നാല് റൂട്ടുകൾ) കണക്ടിവിറ്റി ഇല്ലാത്തത്.
1. മുതുകാട് നിന്നും നാലാം ബ്ലോക്ക് പ്രദേശത്തേക്ക്, 4 കിലോമീറ്റർ ദൂരം, മുതുകാട് നിന്നും ഓട്ടോ വന്ന് ആളെ കയറ്റി മുതുകാട് ഇറക്കാൻ 120 രൂപ ഓട്ടോ ചാർജ്
2. മുതുകാട് നിന്നും മൂന്നാം ബ്ലോക്ക് പ്രദേശത്തേക്ക് 3 കിലോമീറ്റർ ദൂരം, മുതുകാട് നിന്നും ഓട്ടോ വന്ന് ആളെ കൂട്ടി മുതുകാട് ഇറക്കാൻ 90-100 രൂപ
3. മുതുകാട് നിന്നും ചെങ്കോട്ടക്കൊല്ലി കോളനിയിലേക്ക്, 3 കിലോമീറ്റർ ദൂരം, 90-100 രൂപ ഓട്ടോ ചാർജ്
4. പ്ലാന്റേഷൻ കോർപറേഷൻ ന്റെ പേരാമ്പ്ര എസ്റ്റേറ്റിലേക്ക് 4 കിലോമീറ്റർ ദൂരം, ഓട്ടോ ചാർജ് 120 രൂപ
ഈ ഗ്രാമത്തിൽ അകെയുള്ള ഓട്ടോ സ്റ്റാൻഡ് മുതുകാട് അങ്ങാടിയിലാണ്. ഈ പ്രദേശങ്ങളിലേക്ക് മുതുകാട് അങ്ങാടിയിൽ നിന്നും വേണം ഓട്ടോ വന്ന് യാത്രക്കാരെ കയറ്റി പോകുകയോ ഇറക്കി പോകുകയോ ചെയ്യാൻ, return ട്രിപ്പൊക്കെ കിട്ടാൻ പാടാണ്, കൂടാതെ മലമ്പ്രദേശവും ആയതിനാൽ റിട്ടേൺ ചാർജ് കൂടെ കിട്ടിയില്ലേൽ ഓട്ടോക്കാർക്ക് മുതലാകില്ല.
ഈ പ്രദേശങ്ങളിൽ 80 ശതമാനത്തിനും മുകളിൽ കൂലിപ്പണിക്കാരാണ്, ഇവിടെ നിന്നും കുട്ടികൾ ഉള്ളത് കൊണ്ട് ടൂവീലർ എടുക്കാതെ ഓട്ടോ വിളിച്ച് മുതുകാട് അങ്ങാടിയിൽ പോയി അവിടെ നിന്നും ബസിൽ ഗ്രാമത്തിന് പുറത്തേക്ക് പോയി, ബസിൽ തിരികെ മുതുകാട് എത്തി അവിടെ നിന്നും വീണ്ടും ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോകേണ്ടി വരുന്ന ഒരു ഭാര്യയും ഭർത്താവിനും കൂടെ അധികമായി വരുന്ന ചിലവ് ഒരു യാത്രയിൽ ശരാശരി 200 രൂപയാണ്!!
ഇങ്ങനെ ഓരോ സാധാരണ മനുഷ്യരുടെയും, ഓരോ കുടുംബങ്ങളെയും നേരിട്ട് ബാധിക്കുന്ന അധിക ചിലവ്. ഈ അധിക ചിലവ് ഒഴിവാക്കാനായി കുട്ടികളെയുമായി ഇരുചക്ര വാഹനത്തിൽ പോയി പോലീസ് പിടിച്ചാൽ ഒഴിവാക്കാൻ നോക്കിയ ഈ അധിക ചിലവിന്റെ നാലോ അഞ്ചോ ഇരട്ടി അധികം സർക്കാരിന് ഫൈൻ അടക്കണ്ട അവസ്ഥ!!
ഇത് ഞങ്ങളുടെ ഗ്രാമത്തിലെ മാത്രം അവസ്ഥയല്ല, മിക്കവാറും എല്ലാ ഗ്രാമങ്ങളിലെയും അവസ്ഥ ഇതാണ്.
…….
ഇനി ഇതിനെ ന്യായീകരിക്കാൻ വരുന്ന അന്ധരായ മനുഷ്യരോടാണ്..
1. 70 കിലോമീറ്റർ പരമാവധി സ്പീഡ് നിശ്ചയിക്കപ്പെട്ട റോഡിലൂടെ 120 കിലോമീറ്റർ സ്പീഡിൽ കുതിച്ചു പായുന്ന മന്ത്രിയുടെ വാഹനത്തിന്റെ ചിത്രം റോഡ് സേഫ്റ്റി ക്യാമറകളിൽ പതിഞ്ഞിട്ടും മന്ത്രി വാഹനത്തിനോ, ആക്‌സിലേറ്ററിൽ നിന്നും കാലെടുക്കാതെ പായേണ്ട ആംബുലൻസിനും ഫൈൻ അടക്കേണ്ടി വരുന്നില്ല ഈ നാട്ടിലെങ്കിൽ, ഓവർ സ്പീഡിന് ഫൈൻ എന്ന നിയമം നിലനിൽക്കുമ്പോളും ആരോടൊക്കെ ആരിൽനിന്നൊക്കെ ഫൈൻ ഒഴിവാക്കാം എന്ന വിവേചനാധികാരം ഈ നാട് ഭരിക്കുന്ന സർക്കാരിനും നിയമം നടപ്പിലാക്കാൻ ചുമതലയുള്ള പോലീസിനും റോഡ് ട്രാൻസ്‌പോർട് ഡിപ്പാർട്മെന്റിനും ഒക്കെയുണ്ട് എന്ന് വ്യക്തമാണ്.
2. 49 പേർക്ക് ഇരുന്നും 10 പേർക്ക് നിന്നും യാത്ര ചെയ്യാവുന്ന സർക്കാർ ബസുകളിലും പ്രൈവറ്റ് ബസുകളിലും കാലുകുത്താൻ ഇടമില്ലാതെ നിയമവിരുദ്ധമായി ആളുകൾക്ക് യാത്രചെയ്യേണ്ടി വരുന്നതിനും, വാതിലുകളിൽ തൂങ്ങിനിന്നുപോലും തീവണ്ടികളിൽ ആളുകൾക്ക് നിയമവിരുദ്ധമായി യാത്രചെയ്യേണ്ടി വരുന്നതിനും ഈ നാട്ടിലെ സർക്കാരുകൾ ആണ് ഉത്തരവാദി (പൗരന്മാർക്ക് പൊതു ഗതാഗത സംവിധാനം ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്, അത് ലഭിക്കേണ്ടത് ഓരോ പൗരന്റെയും അവകാശവുമാണ്). അതുപോലെ തന്നെ ഈ നാട്ടിലെ ഓരോ കുടുംബത്തിനും ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുമായി യാത്രചെയ്യേണ്ടി വരുന്നതിന്റെയും ഉത്തരവാദി സർക്കാരുകൾ തന്നെയാണ്.
3. ഇന്നും വരുമാനം കൊണ്ട് സാധാരണക്കാരിൽ സാധാരണക്കാരായ ഈ നാട്ടിലെ ബഹുഭൂരിഭാഗം കുടുംബങ്ങൾ ജീവിക്കുന്ന ഈ നാട്ടിൽ, ആ മനുഷ്യരുടെ പ്രധാന യാത്രാമാർഗമായ ഇരുചക്ര വാഹനങ്ങളിൽ കുട്ടികളെയും കൈകുഞ്ഞുങ്ങളെയും ഓവർലോഡ് ആയി കണക്കാതിരിക്കാനുള്ള വിവേചനാധികാരവും ഈ നാട്ടിലെ അധികാരവർഗ്ഗത്തിനുണ്ട്.
4. അറബ് നാട്ടിലും അമേരിക്കയിലും യൂറോപ്പിലും ഒക്കെ ട്രാഫിക് നിയമങ്ങൾ അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് പറയുന്നവരോട്,
ആ നാടുകളിൽ കുടുംബങ്ങൾ വരുമാനമുള്ളവരാണ്, ആ നാടുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടതാണ്, ആ നാടുകളിലേ ഓരോ പൗരന്റെയും ജീവനും ജീവിതവും ആ നാടുകളിലെ സർക്കാരുകളുടെ ഉത്തരവാദിതമാണ്.
നമ്മുടെ നാട്ടിലെ സർക്കാരും ഇത്തരമൊരു സാഹചര്യത്തിലേക്ക് വളരുകയും, ആളുകളുടെ വരുമാനം ഉയരുകയും, നമ്മുടെ നാട്ടിലെ ഓരോ പൗരന്റെയും ഉത്തരവാദിത്തം സർക്കാരിന് ഉണ്ടാകുകയും ചെയ്തിട്ട് ഇമ്മാതിരി നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ നോക്കാവൂ, സർക്കാരിന് ഉത്തരവാദിത്തം തീരെയില്ലാത്ത മനുഷ്യർ എങ്ങനെയെങ്കിലുമൊക്കെ തട്ടിയും മുട്ടിയും കുഞ്ഞുകുട്ടി പ്രാരാബ്ധങ്ങളുമായി ജീവിച്ചു പോട്ടെ..
……………
ആ മനുഷ്യരെ ചൂഷണം ചെയ്യാനായി, ആ മനുഷ്യരിൽ നിന്നും പിന്നെയും പിന്നെയും പണം പിടുങ്ങാനായി, ആ മനുഷ്യരുടെ ചോരയും നീരും ഊറ്റികുടിക്കാനായി മുന്നിട്ടിറങ്ങുന്ന പിണറായി സർക്കാർ കമ്മ്യൂണിസം എന്താണെന്ന് മറന്നുതുടങ്ങിയിരിക്കുന്നു.
പറയാതെ വയ്യ
ജനങ്ങളെ അറിയാതെ, അവരുടെ ജീവിതസാഹചര്യമറിയാതെ നിയമം അടിച്ചേൽപ്പിക്കുന്ന ഭരണാധികാരിയാണ് ഏകാധിപതി,
ഈ ജനാധിപത്യ നാട്ടിൽ ഏകാധിപതിയാകാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കരുത്.
Post Your Comments