ലണ്ടൻ: സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡിനെ വിലക്കിക്കൊണ്ടുള്ള ഐസിസിയുടെ തീരുമാനം വേദനിപ്പിച്ചു എന്ന കാരണത്താൽ സിംബാബ്‌വെ ക്രിക്കറ്റ് താരം സോളമന്‍ മിറെ വിരമിക്കൽ പ്രഖ്യാപിച്ചു.
വിലക്ക് വന്നതോടെ സിംബാബ്‌വെ ക്രിക്കറ്റ് കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ഐസിസിയുടെ തീരുമാനത്തില്‍ മനം നൊന്താണ് ഓൾറൗണ്ടർ സോളമന്‍ മിറെ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നതായി പ്രഖ്യാപിച്ചത്. 29കാരനായ താരം ബാറ്റുകൊണ്ടും പന്തുകൊണ്ടും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തിട്ടുള്ളയാളാണ്. ബംഗ്ലാദേശ് ക്രിക്കറ്റ് ക്ലബ്ബായ കോമില വിക്ടോറിയാസിനുവേണ്ടിയും താരം കളിച്ചിട്ടുണ്ട്. അദ്ദേഹം ക്ലബ്ബിനുവേണ്ടി കളി തുടരുമെന്നാണ് വിവരം.
വികാരഭരിതമായ കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ മിറെ വിരമിക്കല്‍ വിവരം പങ്കുവെച്ചത്. രണ്ട് ടെസ്റ്റില്‍ നിന്ന് 78 റണ്‍സ് ഒരു വിക്കറ്റും 47 ഏകദിനത്തില്‍ നിന്ന് 955 റണ്‍സ് 12 വിക്കറ്റും ഒമ്പത് ട്വന്റി20യില്‍ നിന്ന് 253 റണ്‍സ് ഒരു വിക്കറ്റ് എന്നിങ്ങനെയാണ് മിറെയുടെ നേട്ടം.
Post Your Comments