ഒറ്റപ്പാലം: നഗരസഭയില്‍ സ്ഥിരംസമിതി അധ്യക്ഷയുടെ ബാഗില്‍ നിന്നും 38,000 രൂപ മോഷ്ടിച്ച സിപിഎം കൗണ്‍സിലര്‍ ഒറ്റപ്പാലം വരോട് പെരുങ്കുറിശ്ശിവീട്ടില്‍ സുജാത (50) യ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മോഷണ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷയായ ടി. ലതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
പരാതിയെ തുടര്‍ന്ന് കേസില്‍ വിദഗ്ധ അന്വേഷണം നടത്തിയിരുന്നു. വിരലടയാളമടക്കമുള്ള രേഖകള്‍ പരിശോധിച്ച പോലീസ് പ്രതിചേര്‍ക്കപ്പെട്ടയാളുള്‍പ്പടെ രണ്ട് കൗണ്‍സിലര്‍മാരിലേക്ക് അന്വേഷണം എത്തിച്ചിരുന്നു. തുടര്‍ന്ന് നുണപരിശോധന നടക്കുമെന്നായതോടെ സുജാത കുറ്റം സമ്മതിക്കയായിരുന്നു. ഇതേത്തുടര്‍ന്നാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, കേസില്‍ അറസ്റ്റ് ഉണ്ടായേക്കില്ലെന്നാണ് സൂചന.
കഴിഞ്ഞമാസം 20നാണ് ഒറ്റപ്പാലം നഗരസഭയിലെ സ്ഥിരം സമിതി അംഗമായ ലതയുടെ 38000 രൂപ നഗരസഭ ഓഫീസില്‍വെച്ച് മോഷണം പോയത്.കൗണ്‍സിലര്‍മാര്‍, നഗരസഭ ജീവനക്കാര്‍, സന്ദര്‍ശകര്‍ എന്നിവരില്‍ നിന്നായി ആകെ 1.70 ലക്ഷം രൂപയും സ്വര്‍ണ നാണയവും മോഷണം പോയെന്നാണ് കണക്ക്. മോഷണവുമായി ബന്ധപ്പെട്ട ആരോപണം നിലനില്‍ക്കുന്നതിനാല്‍ ലോക്കല്‍ കമ്മിറ്റി അംഗമായ സുജാതയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി എന്നാണ് ഔദ്യോഗിക വിശദീകരണം.
Post Your Comments