കൊല്ലം: സിപിഎം കൗൺസിലർക്കെതിരെ പരാതിയുമായി നാട്ടുകാർ. കൊല്ലം പള്ളിമുക്ക് കയ്യാലക്കലിൽ വെള്ളക്കെട്ടിനെക്കുറിച്ച് പരാതി പറയാനെത്തിയ നാട്ടുകാരെ കൗൺസിലറും ഭർത്താവും അസഭ്യം പറഞ്ഞ് ആട്ടിപ്പായിച്ചുവെന്നാണ് പരാതി. കൊല്ലം കോർപ്പറേഷൻ 35-ാം വാർഡിലെ സിപിഎം കൗൺസിലർ മെഹറുന്നിസയ്ക്കും ഭർത്താവിനുമെതിരെയാണ് നാട്ടുകാർ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് നാട്ടുകാർ പോലീസിൽ പരാതിപ്പെടുകയും ചെയ്തു.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി സിപിഎം കൗൺസിലർ രംഗത്തെത്തിയിട്ടുണ്ട്. തന്റെ വീട്ടിലെത്തി നാട്ടുകാർ മനപ്പൂർവം പ്രശ്‌നമുണ്ടാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് മെഹറുന്നിസ വ്യക്തമാക്കുന്നത്. വെള്ളക്കെട്ടിനെക്കുറിച്ച് പരാതി പറയാനെത്തിയപ്പോൾ അധിക്ഷേപിച്ച് ഇറക്കി വിട്ട് കൗൺസിലർ വീടിന്റെ ഗേറ്റ് പൂട്ടിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
കൗൺസിർ ഇടപെട്ട് ഇട്ട ഇന്റർലോക്ക് തറയോട് പാകി നടപ്പാത നവീകരിച്ചോതോടെയാണ് വെള്ളം ഒഴുകിപ്പോകാതെ വീടുകളിലെത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിനെ തുടർന്ന് എല്ലാ വീടുകളിലും വെള്ളം കയറി ആളുകൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നതോടെയാണ് കൗൺസിലറെ കണ്ട് പരാതി പറയാനെത്തിയത്. നടപ്പാതയിലെ പൂട്ടുകട്ട ഇളക്കി മാറ്റി വെള്ളം ഒഴുക്കി വിടണമെന്നാവശ്യപ്പെട്ടപ്പോഴായിരുന്നു കൗൺസിലറും ഭർത്താവും തങ്ങൾക്ക് നേരെ അസഭ്യം പറഞ്ഞതെന്നും നാട്ടുകാർ പറയുന്നു.
Post Your Comments