കബഡി എന്നത് തികച്ചും സ്വദേശിയായ ഒരു കായിക വിനോദമാണെന്ന് പറയാം. ഭാരതത്തിന്റെ സ്വന്തം കബഡി. കരുത്തിനൊപ്പം തന്ത്രവും കൗശലവും വേഗവും ഒരുപോലെ വന്നാല്‍ കബഡിയില്‍ കപ്പുയര്‍ത്താമെന്നതില്‍ സംശയമില്ല. ക്രിക്കറ്റിനോ ഫുട്ബോളിനോ ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളൊന്നും കബഡിക്കുവേണ്ട. കബഡി പിറന്നത് ചെളിയിലായിരുന്നു. ഒഴിഞ്ഞ പറമ്പുകളില്‍.. കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍. മണല്‍വിരിച്ച പുഴയോരങ്ങളില്‍ മരച്ചില്ലകളാല്‍ കളങ്ങള്‍ കുത്തിവരച്ച് കബഡി.. കബഡി… വിളിച്ച് മത്സരപ്പോര് മുറുകിയ സമയമുണ്ടായിരുന്നു.
പാശ്ചാത്യ കായിക ഇനങ്ങളുടെ അധിനിവേശം, ഹോക്കിയ്ക്കൊപ്പം വയ്ക്കാവുന്ന നമ്മുടെ സ്വന്തം കബഡിക്ക് അവഗണനയുടെ ദിനങ്ങള്‍ സമ്മാനിച്ചു എന്നതില്‍ സംശയമില്ല. എന്നാല്‍ ഇന്ന് നൈസര്‍ഗികമായ കബടികളിക്ക് പുനര്‍ജന്‍മം വന്നു എന്നു തന്നെ പറയാം. കളങ്ങളിലും ആരാധകരുടെ മനസിലും ഉത്സവംതീര്‍ത്ത പ്രോ കബഡി ലീഗിലൂടെ. ടെലിവിഷന്‍ കാഴ്ച്ചകള്‍ക്കും കച്ചവടതാത്പര്യങ്ങള്‍ക്കും ഇണങ്ങുന്നതാണു കബഡിയെന്നു തെളിയിച്ചതാണ് പ്രോ ലീഗിന്റെ ഏറ്റവും വലിയനേട്ടം. ടിവി ഫോര്‍മാറ്റില്‍ കബഡി അന്താരാഷ്ട്ര നിലവാരത്തില്‍ ദൃശ്യവത്കരിക്കപ്പെട്ടു. വിവിധ വര്‍ണങ്ങളിലെ ജഴ്സികളും ബൂട്ടുകളുമണിഞ്ഞ പടയാളികള്‍ ഓരോ സംഘത്തിനുവേണ്ടിയും പൊരുതാനിറങ്ങി.
മറ്റു കളികളെ അപേക്ഷിച്ച് കബടിക്ക് ഉപകരണങ്ങള്‍ കുറച്ചുമതി. ഒരു ബനിയനും ജഴ്സിയുമുണ്ടെങ്കില്‍ കളത്തിലറങ്ങാം. മണ്ണ് തട്ടി നിരത്തി ഉറപ്പിച്ചുണ്ടാക്കുന്ന കോര്‍ട്ടിലാണ് കളി. അല്പം കുമ്മായവും രണ്ട് റഫറിമാരും ഉണ്ടെങ്കില്‍ കളിക്കളം തയ്യാര്‍. എന്നാല്‍ കടുപ്പംകൂടിയ കളിമണ്‍ കോര്‍ട്ടിലെ കളി എന്നും അപകടം പിടിച്ചതായിരുന്നു. കളിയുടെ ആവേശത്തിലും കാണികളുടെ ആര്‍പ്പുവിളിയിലും ഡൈവ് ചെയ്യുന്നവര്‍ക്ക് മണ്ണിലുരഞ്ഞും മുട്ടിയും ചര്‍മം അടര്‍ന്നുപോകുന്നത് ഭീഷണിയായിരുന്നു. ഓരോ കളി കഴിയുമ്പോഴും അപകടം പറ്റുന്നവര്‍ ഏറെ. സ്വതന്ത്രമായ കളിയെയും ഇത് ബാധിച്ചിരുന്നു. കളിക്കാര്‍ക്ക് മുഴുവന്‍ കഴിവുകളുമെടുത്ത് ഡൈവ് ചെയ്യാന്‍ സാധിച്ചിരുന്നില്ല.
പരിക്കു കാരണം പലരും കളി നിര്‍ത്തുക പോലും ചെയ്തു. എന്നാല്‍ പ്രോ കബഡിയുടെ ആവേശം മലയോരത്തെ കബഡിക്കും മാറ്റം വരുത്തി. പരുപരുത്ത കളിമണ്‍ കോര്‍ട്ടിനുപകരം പതുപതുത്ത കബഡി മാറ്റ് ഇവിടെയുമെത്തി. വര്‍ണപ്പകിട്ടാര്‍ന്ന മാറ്റില്‍ കുത്തിമറിഞ്ഞാലും ഡൈവ് ചെയ്താലും കളിക്കാര്‍ക്ക് പരിക്കേല്ക്കില്ല. നിരപ്പായ കോര്‍ട്ടില്‍ മാറ്റ് വിരിച്ചാല്‍ മതി. രണ്ടുലക്ഷം മുതല്‍ പത്ത് ലക്ഷം രൂപവരെ വിലയുള്ള സിന്തറ്റിക് മാറ്റ് ലഭ്യമാണ്. മാറ്റിന്റെ കനം അനുസരിച്ച് വിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാവും. 200 ചതുരശ്ര മീറ്റര്‍ വരുന്ന കോര്‍ട്ട് ഓരോ പീസും യോജിപ്പിച്ച് ഒരു മണിക്കൂറിനുള്ളില്‍ തയ്യാറാക്കാം.
സാധാരണ ഷൂ ഉപയോഗിച്ചാല്‍ മാറ്റിന് കേടുപറ്റും. മാറ്റ് ഷൂ പ്രത്യേകം ലഭ്യമാണ്. മാറ്റ് നിരത്തുന്ന തറ നിരപ്പുള്ളതായിരിക്കണം. അറക്കപ്പൊടി വിരിച്ച് കോര്‍ട്ട് നിരപ്പാക്കി അതിനു മുകളില്‍ നിരത്തിയാല്‍ മാറ്റ് സുരക്ഷിതം.ഒരു ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള മാറ്റ് കൂട്ടിയോജിപ്പിച്ച് കോര്‍ട്ടില്‍ നിരത്തും. ലൈന്‍ മാര്‍ക്ക് ചെയ്യാന്‍ ടേപ്പും ഒട്ടിക്കും. കളിക്കാര്‍ക്ക് ധൈര്യമായി ഡൈവ് ചെയ്യാം. കളിക്കാന്‍ മാറ്റ് ഷൂ കൂടി ഉണ്ടെങ്കില്‍ ഗംഭീരമായി. വിയര്‍പ്പ് വീണാലും മഞ്ഞ് പെയ്താലും മാറ്റ് തെന്നുമെന്നതാണ് ഏക പോരായ്ക. ഇത് മറികടക്കാന്‍ മുകളില്‍ ഗ്രീന്‍ നെറ്റ് കെട്ടുകയോ ഇടയ്ക്ക് തുടച്ച് കൊടുക്കുകയോ വേണം.
ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ കബഡിക്കളത്തിലേക്ക് ഇറങ്ങിയവരുടെ കൂട്ടത്തില്‍ ഇന്ത്യയ്ക്കും ബംഗ്ലാദേശിനും പുറമെ ചൈനീസ് തായ്പേയ്, ഇറാന്‍, നേപ്പാള്‍, മലേഷ്യ, ദക്ഷിണകൊറിയ, തായ്ലന്റ് തുടങ്ങിയവരും ഉള്‍പ്പെട്ടിരുന്നു. കുറഞ്ഞത് 50 രാജ്യങ്ങളിലെങ്കിലും പ്രചാരമുള്ള കളിക്കുമാത്രമേ ഒളിംപിക്സില്‍ ഇടംലഭിക്കൂ. നിലവില്‍ 32 രാജ്യങ്ങളില്‍ പ്രൊഫഷണല്‍ കബഡി കളിക്കുന്നുണ്ടെന്നാണ് വയ്പ്പ്. അതിനാല്‍ത്തന്നെ പ്രചാരം വര്‍ധിപ്പിക്കാനുള്ള തീവ്രയത്നങ്ങള്‍ 2020ഓടെ കബഡിയെ മഹാകായിക മാമാങ്ക വേദിയിലെത്തിക്കുമെന്ന് പ്രത്യാശിക്കാം. ഇടക്കാലം കൊണ്ട് പ്രതാപം മങ്ങിയ കബഡി തിരിച്ചുവരവിന്റെ പാതയിലാണ്. പ്രോകബഡി വന്നതോടെയാണ് കബഡിക്ക് താരപരിവേഷം ലഭിക്കുന്നത്.
Post Your Comments