തിരുവനതപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥിക്കെതിരെയുള്ള വധശ്രമ കേസിൽ പ്രതിയായ ശിവരഞ്ജിത്തിനെതിരെ പോലീസ് രണ്ടു കേസുകൾ കൂടി എടുത്തു.
മോഷണക്കേസും വ്യാജ രേഖ കേസുമാണ് പൊലീസ് പുതിയതായി എടുത്തത്. സർവകലാശാല ഉത്തരപേപ്പർ മോഷ്ടിച്ചതിനും, ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീലുണ്ടാക്കിയതിനുമാണ് കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
പന്ത്രണ്ട് വർഷത്തിനിടെ ജില്ലാതല മൽസരത്തിൽ പോലും ശിവരഞ്ജിത് പങ്കെടുത്തിട്ടില്ലെന്ന് ആർച്ചറി അസോസിയേഷൻ വ്യക്തമാക്കിയതോടെ സർട്ടിഫിക്കറ്റുകളും വ്യാജമാണോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ശിവരഞ്ജിത്ത് അമ്പെയ്‌ത്ത് മൽസരങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും സർട്ടിഫിക്കറ്റിനെ പറ്റി അന്വേഷണം വേണമെന്നും ആർച്ചറി അസോസിയേഷൻ ദേശീയ പ്രസിഡന്റും വ്യക്തമാക്കി. അധിക മാർക്കിനായി പി.എസ്.സിയിൽ നൽകിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് പരിശോധിച്ച്, ആ മൽസരങ്ങളിൽ ശിവരഞ്ജിത്ത് പങ്കെടുത്തിട്ടുണ്ടോയെന്ന് അന്വേഷിക്കാനാണ് പൊലീസ് നീക്കം.
അതേസമയം സംഘർഷത്തിനിടെ തന്നെ കുത്തിയത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണെന്ന് കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള അഖിൽ ഇന്ന് പൊലീസിന് മൊഴി നൽകിയിരുന്നു. യൂണിറ്റ് സെക്രട്ടറി നസീം തന്നെ പിടിച്ചു നിർത്തിക്കൊടുത്തെന്നും ശിവരഞ്ജിത്ത് കുത്തിയെന്നുമാണ് അഖിൽ മൊഴി നൽകിയത്. ഇരുവർക്കും തന്നോട് മുൻവൈരാഗ്യമുണ്ടായിരുന്നെന്നും അഖിലിന്റെ മൊഴിയിലുണ്ട്.
Post Your Comments