മണ്ണാര്‍ക്കാട് : എംഇഎസ് കല്ലടി കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര റാഗിങ്ങിനെത്തുടര്‍ന്നു ദേശീയ കായികതാരത്തിനു ചെവിക്കു ഗുരുതരമായി പരുക്കേറ്റു. 6 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ റാഗിങ് നിരോധന നിയമപ്രകാരം കേസെടുത്തു. വിദ്യാര്‍ഥിയുടെ പരാതി കോളജ് അധികൃതര്‍ തന്നെയാണു പൊലീസിനു കൈമാറിയത്. യുജിസിയുടെ ആന്റി റാഗിങ് സെല്ലിനും പരാതി നല്‍കിയിട്ടുണ്ടെന്നും 2 സീനിയര്‍ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്‌തെന്നും പ്രിന്‍സിപ്പല്‍ ഡോ. ഒ.പി. സലാഹുദ്ദീന്‍ അറിയിച്ചു.
ദേശീയ വുഷു സ്വര്‍ണ മെഡല്‍ ജേതാവും ഒന്നാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥിയുമായ കൊടക്കാട് ചേരങ്ങല്‍തൊടി മുഹമ്മദ് ദില്‍ഷാദിന്റെ (19) കര്‍ണപുടം പൊട്ടിയിട്ടുണ്ട്. ശനിയാഴ്ച തുടങ്ങുന്ന സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവില്ല. സീനിയര്‍ വിദ്യാര്‍ഥികളായ മുഹമ്മദ് ഷിബില്‍ (20), ഷനില്‍ (20) എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 4 പേര്‍ക്കുമെതിരെ റാഗിങ് നിരോധന നിയമപ്രകാരമാണു കേസെടുത്തത്.
ഇവിടെ, വര്‍ഷങ്ങള്‍ക്കു മുന്‍പു സംഘം തിരിഞ്ഞുള്ള റാഗിങ്ങിനെത്തുടര്‍ന്നു വിദ്യാര്‍ഥിക്കു കണ്ണു നഷ്ടമായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കാണു 15 അംഗ സംഘം കോളജിനു മുന്നിലുള്ള ബസ് സ്റ്റോപ്പില്‍ വച്ചു തന്നെ മര്‍ദിച്ചതെന്നു ദില്‍ഷാദ് പറഞ്ഞു. ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ അസഭ്യം പറയുകയും അടിക്കുകയുമായിരുന്നു. ചെവിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നു വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ വര്‍ഷം മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണു ദില്‍ഷാദിനെ ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞത്. ചെവിക്കു സാരമായ പരുക്കാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments