![workers](/wp-content/uploads/2019/07/workers.jpg)
ന്യൂഡല്‍ഹി : മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പുപദ്ധതി എക്കാലവും തുടരാനുള്ളതല്ലെന്നു കേന്ദ്ര ഗ്രാമവികസനമന്ത്രി നരേന്ദ്രസിങ് തോമര്‍. ലോക്സഭയില്‍ ഗ്രാമവികസന-കാര്‍ഷിക മന്ത്രാലയങ്ങളുടെ ധനാഭ്യര്‍ഥനചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പുപദ്ധതിയെ തഴയുന്നതായുള്ള പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയിലാണ് അതു ദീര്‍ഘകാലത്തേക്കുള്ളതല്ലെന്ന മന്ത്രിയുടെ പ്രസ്താവന.
ദാരിദ്ര്യം തുടച്ചുനീക്കുകയാണു മോദിസര്‍ക്കാരിന്റെ ലക്ഷ്യം. ആ ദിശയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പാവങ്ങള്‍ക്കുവേണ്ടിയുള്ള തൊഴിലുറപ്പു പദ്ധതി എക്കാലവും തുടരണമെന്നതിനോട് യോജിപ്പില്ല. പദ്ധതി ഞങ്ങള്‍ കൂടുതല്‍ ജനസൗഹൃദമാക്കി. ഇടനിലക്കാരോ ദല്ലാളുമാരോ ഇല്ലാതെ തൊഴിലാളികളില്‍ 99 ശതമാനത്തിനും വേതനം ബാങ്കു വഴി ലഭിക്കുന്നു. തൊഴിലുറപ്പു പദ്ധതിക്കുള്ള ബജറ്റുവിഹിതം കഴിഞ്ഞവര്‍ഷം 55,000 കോടിയായിരുന്നത് ഇത്തവണ 60,000 കോടി രൂപയായി ഉയര്‍ത്തി എന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്പാദനച്ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില എന്ന സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കിയതു മോദി സര്‍ക്കാരെന്നും മന്ത്രി അവകാശപ്പെട്ടു. ഗ്രാമങ്ങളില്‍ കൂടുതല്‍ സംഭരണശാലകളും തുറക്കും. വയലുകളില്‍ കര്‍ഷകര്‍ സൗരോര്‍ജം ഉത്പാദിപ്പിച്ചാല്‍ സര്‍ക്കാര്‍ അതു സംഭരിക്കുമെന്നും മന്ത്രി അറിയിച്ചു.
കൃഷിയെയും കര്‍ഷകരെയും ഇന്ത്യയെയും സ്മാര്‍ട്ടാക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും തോമര്‍ പറഞ്ഞു. പി.എം.ജി.എസ്.വൈ. പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ 80,000 കോടി രൂപ മുതല്‍മുടക്കില്‍ ഒന്നേകാല്‍ ലക്ഷം കിലോമീറ്റര്‍ ഗ്രാമീണറോഡുകള്‍ നിര്‍മിക്കും. മൂന്നുവര്‍ഷത്തിനകം പ്രധാനമന്ത്രി ആവാസ് യോജനയില്‍ 1.95 ലക്ഷം വീടുകള്‍ പാവങ്ങള്‍ക്കു നിര്‍മിച്ചുനല്‍കുമെന്നാണു മറ്റൊരു പ്രഖ്യാപനം.
മുന്‍സര്‍ക്കാരുകളുടെ കാലത്ത് ദിവസം 76 കിലോമീറ്റര്‍ ഗ്രാമീണറോഡുകളേ നിര്‍മിച്ചിരുന്നുള്ളൂ. മോദി സര്‍ക്കാര്‍ വന്നശേഷം ഇതു ദിവസത്തില്‍ 135 കിലോമീറ്ററായി വര്‍ധിച്ചു. പാവപ്പെട്ടവര്‍ക്കായി ഒന്നരലക്ഷത്തിലേറെ വീടുകളും നിര്‍മിച്ചു- മന്ത്രി അവകാശപ്പെട്ടു.
ഗ്രാമീണമേഖലകളില്‍ തൊഴിലവസരങ്ങളൊരുക്കുന്ന വനിതാ സ്വയംസഹായ സംഘങ്ങളെ മന്ത്രി പ്രശംസിച്ചു. കിട്ടാക്കടത്തിന്റെ കാര്യത്തില്‍ അവരെ കണ്ടു പഠിക്കണമെന്നാണു കോര്‍പ്പറേറ്റുകള്‍ക്കുള്ള മന്ത്രിയുടെ ഉപദേശം. കേവലം 2.7 ശതമാനം മാത്രമാണ് ഈ സംഘങ്ങളുടെ കിട്ടാക്കടമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
Post Your Comments