യൂണിവേഴ്സിറ്റി കോളേജിൽ സ്വന്തം പ്രവർത്തകനെ തന്നെ കുത്തിക്കൊല്ലാൻ തയ്യാറായ എസ്.എഫ്.ഐ നേതാക്കൾ ക്യാമ്പസ് ഫ്രണ്ട് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ ഒത്താശയോടെ കേരളത്തിലെ ക്യാമ്പസുകളിൽ ഭീതി വിതച്ച് തീവ്രവാദ കേന്ദ്രങ്ങൾ ആക്കുകയും യൂണിവേഴ്സിറ്റി പരീക്ഷകളുടെയും പി.എസ്.സി നിയമനങ്ങളുടെയും വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യത്തക്ക രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടും സർക്കാർ അതിന് ഒത്താശ ചെയ്യുക ആണെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി.വിനോദ് കുമാർ പറഞ്ഞു.
ചെങ്ങന്നൂരിൽ ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികളുടെ കുത്തേറ്റു മരിച്ച വിശാലിന്റെ കേസിൽ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്ന ആവശ്യം സർക്കാർ തള്ളിയത് തന്നെ മത തീവ്രവാദികളെ സംരക്ഷിക്കാനാണ്. കേരളത്തിലെ കലാലയങ്ങളിൽ തീവ്രവാദ സംഘടനകളുടെ സ്ലീപ്പിങ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട് എന്ന വാർത്ത പല കോണുകളിൽ നിന്നും വന്നിട്ടും അതേക്കുറിച്ച് അന്വേഷിക്കുവാൻ പോലും സർക്കാർ തയ്യാറാകാത്തത് വിദ്യാർത്ഥികളിൽ ഭീതി ജനിപ്പിക്കുന്നു. വിശ്വസിച്ച ആദർശത്തിനു വേണ്ടി ക്യാമ്പസിൽ സമാധാനം കാത്തു സൂക്ഷിക്കുവാൻ ജീവൻ ബലി നൽകിയ സ്വർഗ്ഗീയ വിശാൽ എന്നും വിദ്യാർഥി മനസ്സുകളിൽ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
യുവമോർച്ച ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വിശാൽ അനുസ്മരണത്തിൽ പുഷ്‌പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവമോർച്ച ജില്ലാ മീഡിയ സെൽ കൺവീനർ വിശ്വവിജയ പാൽ അദ്ധ്യക്ഷത വഹിച്ചു.
നാരായണീയ സഭ സംസ്ഥാന അധ്യക്ഷൻ സൻജിത്ത് ശിവാനന്ദൻ , യുവമോർച്ച മണ്ഡലം പ്രസിഡണ്ട് എസ്.വരുൺ, ജനറൽ സെക്രട്ടറി കെ.എസ്.സുമിത്ത്, സെക്രട്ടറി മാരായ സി.ആനന്ദ്, ശരത് പ്രകാശ്, യുവമോർച്ച ടൗൺ ഭാരവാഹികളായ വിശാഖ്, സന്ദീപ് എന്നിവർ സംസാരിച്ചു
Post Your Comments