തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തിനു പിന്നാലെ വെളിപ്പെട്ട ഉത്തരക്കടലാസ് ചോര്‍ച്ചയും വ്യാജ സീല്‍ നിര്‍മാണവും കേരള സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പിനെത്തന്നെ പ്രതിക്കൂട്ടിലാക്കിയതോടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി. സദാശിവത്തിന്റെ കര്‍ശന ഇടപെടല്‍. വൈസ് ചാന്‍സലര്‍ ഡോ. വി.പി. മഹാദേവന്‍ പിള്ള ഗവര്‍ണറുടെ നിര്‍ദേശപ്രകാരം നടപടികള്‍ വിശദീകരിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കി.
മന്ത്രി കെ.ടി. ജലീല്‍ അദ്ദേഹത്തെ രാജ്ഭവനില്‍ സന്ദര്‍ശിച്ച് പരിഹാര നടപടികള്‍ ഉറപ്പു നല്‍കി. കോളജിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കും കര്‍ശന നടപടി സ്വീകരിക്കുമെന്നാണു മന്ത്രി ജലീല്‍ ഗവര്‍ണര്‍ക്കു ഉറപ്പ് നല്‍കിയത്. കോളജ് പ്രശ്‌നത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും വിശദീകരിച്ചപ്പോള്‍ ഇക്കാര്യത്തില്‍ തുടര്‍നടപടി ഉണ്ടാകണമെന്നു ഗവര്‍ണര്‍ നിര്‍ദേശിച്ചു.
കുത്തുകേസിലെ ഒന്നാം പ്രതി ആര്‍. ശിവരഞ്ജിത്തിന്റെ വീട്ടിലും കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ഓഫിസിലും കണ്ടെത്തിയ പരീക്ഷാ ഉത്തരക്കടലാസ് ചോര്‍ന്നത് എവിടെ നിന്നെന്നറിയാന്‍ എല്ലാ കോളജുകളിലും കണക്കെടുപ്പ് തുടങ്ങിയെന്നു ഗവര്‍ണര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ വിസി അറിയിച്ചു. ഉപയോഗിക്കാത്ത ഉത്തരക്കടലാസുകള്‍ കര്‍ശന സുരക്ഷയോടെ സൂക്ഷിക്കാന്‍ കോളജുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആയിരക്കണക്കിനു പരീക്ഷകള്‍ക്കായി ലക്ഷക്കണക്കിന് ഉത്തരക്കടലാസുകള്‍ വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ട്. കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ചോര്‍ന്നത് എവിടെ നിന്നെന്നു വ്യക്തമാകുമെന്നും അറിയിച്ചു. പ്രതിയുടെ വീട്ടില്‍ നിന്നു ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തില്‍ കോളജിലെ 3 അനധ്യാപക ജീവനക്കാരെ സ്ഥലം മാറ്റി.
Post Your Comments