മുടിയൂര്‍ക്കോണം : അയല്‍ വീട്ടിലെ നായ ഓരിയിടുന്നത് എന്തുകൊണ്ടെന്ന വിചിത്രമായ ചോദ്യവുമായി വിവരാവകാശ കമ്മീഷനെ സമീപിച്ച അപേക്ഷകന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോളിന്റെ താക്കീത്. പന്തളം മുടിയൂര്‍ക്കോണം സ്വദേശി അശോകനോട് വിവരാവകാശനിയമം ദുര്‍വിനിയോഗം ചെയ്യരുതെന്ന് കമ്മീഷണര്‍ മുന്നറിയിപ്പു നല്‍കി.
2014ല്‍ അയല്‍ക്കാരന്റെ നായ ഓരിയിടുന്നത് സംബന്ധിച്ചാണ് വിവരാവകാശ നിയമപ്രകാരം വിചിത്രമായ ചോദ്യവുമായി മൃഗസംരക്ഷണ വകുപ്പിനെ അശോകന്‍ സമീപിച്ചത്. ഉത്തരം ലഭ്യമല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ആദ്യമേ അറിയിച്ചിരുന്നു. തുടര്‍ന്നാണ് അശോകന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മറ്റു പരാതികളോടൊപ്പം അശോകന്റെ ആവലാതിയും വിവരാവകാശ കമ്മീഷണര്‍ ചൊവ്വാഴ്ച പരിഗണിച്ചത്.
വീഡിയോ കോണ്‍ഫറന്‍സ് മുറിയില്‍ പരാതിക്കാരനും മൃഗസംരക്ഷണ വകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ ബിജുമാത്യു, ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ബി.എസ്. ബിന്ദു എന്നിവരും ഹാജരായിരുന്നു. വിവരാവകാശ നിയമത്തെ പറ്റി ധാരണയില്ലാതെയുള്ള അപേക്ഷ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരുടെയും തന്റെയും സമയം പാഴാക്കുന്നതാണെന്നും വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു. എന്നാല്‍ അരിയാനുള്ള അവകാശംകൊണ്ടാണ് എന്നായിരുന്നു അശോകന്റെ വാദം.
Post Your Comments