റായ്പൂര്‍: സ്കൂള്‍ കുട്ടികള്‍ക്ക് മുട്ട നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പുതിയ നിര്‍ദേശവുമായി ഛത്തീസ്ഗഡ് സര്‍ക്കാര്‍. ഉച്ചഭക്ഷണത്തില്‍ പൊതുവായി മുട്ട വിളമ്പുന്നതിനോട് വിയോജിപ്പാണെങ്കില്‍ മുട്ട വേണ്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അത് വീട്ടില്‍ തന്നെ നല്കാന് അധികൃതര്‍ സൗകര്യമേര്‍പ്പെടുത്തണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. ഉച്ചഭക്ഷണത്തില്‍ മുട്ട ആവശ്യമില്ലാത്ത വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സ്കൂള്‍ വികസന സമിതികള്‍, രക്ഷിതാക്കള്‍ എന്നിവരുടെ യോഗം ചേരാനും സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുട്ട പ്രത്യേകം പാകം ചെയ്യണമെന്നും ഭക്ഷണം വിളമ്പുമ്പോള്‍ വെജിറ്റേറിയന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സിറ്റിംഗ് ക്രമീകരണം നടത്തണമെന്നും നിര്‍ദേശമുണ്ട്.
കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ആഴ്ചയില്‍ രണ്ടുതവണ ഉച്ചഭക്ഷണത്തില്‍ മുട്ടയോ പാലോ തുല്യമായ പോഷകാഹാര മൂല്യമുള്ള മറ്റൊരു ഭക്ഷണ ഇനമോ ഉള്‍പ്പെടുത്തണമെന്ന് ഈ വര്‍ഷം ജനുവരിയില്‍ സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഉച്ചഭക്ഷണത്തില്‍ മുട്ട കൂടി ഉള്‍പ്പെടുത്താനുള്ള ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രശ്നത്തില്‍ സര്‍ക്കാര്‍ അനുനയനീക്കം നടത്തിയത്.
സംസ്ഥാനത്തെ കബീര്‍ പന്തിന്റെ അനുയായികളാണ് ശക്തമായ എതിര്‍പ്പറിയിച്ചിരിക്കുന്നത്. പ്രതിഷേധം ശക്തമായതോടെ മന്ത്രിമാര്‍ അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ച് പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. സസ്യേതര ആഹാരശീലം പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടിയായാണ് പ്രതിഷേധക്കാര്‍ ഇതിനെ കാണുന്നത്. അതേസമയം സംസ്ഥാനത്തൊട്ടാകെ കുട്ടികളുടെ പോഷകാഹാരക്കുറവ് ഏകദേശം 40 ശതമാനമായി കണക്കാക്കപ്പെടുന്നെന്നും അവരുടെ ക്ഷേമത്തിനായി പോഷക സമ്പുഷ്ടമായ ഭക്ഷണം നല്‍കാനാണ് തീരുമാനിച്ചതെന്നും സര്‍ക്കാര്‍ നിയോഗിച്ച സമിതി വ്യക്തമാക്കി.
Post Your Comments