ചെന്നൈ: നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റുചെയ്ത തമിഴ്നാട്ടില്‍ നിന്നുള്ള പതിനാല് പേര്‍ ഇന്ത്യയില്‍ ഐസിസ് സെല്‍ രൂപീകരിക്കാന്‍ ദുബായില്‍ നിന്നും പണം സ്വരൂപിച്ചതായി അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ മറ്റൊരു തീവ്രവാദ ഗ്രൂപ്പായ അല്‍-ക്വയ്ദയെ പിന്തുണയ്ക്കുന്നുവെന്നും യെമനിലെ തീവ്രവാദ ഗ്രൂപ്പായ അന്‍സറുല്ലയുമായി ബന്ധമുണ്ടെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. വഹാദത്ത്-ഇ-ഇസ്ലാം, ജമാഅത്ത് വഹാദത്ത്-ഇ-ഇസ്ലാം അല്‍ ജിഹാദിയേ, ജിഹാദി ഇസ്ലാമിക് യൂണിറ്റ് തുടങ്ങി വിവിധ പേരുകളില്‍ അവ പ്രവര്‍ത്തിക്കുന്നു.
കഴിഞ്ഞയാഴ്ച ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനുമുമ്പ് യുഎഇ അവരെ ആറുമാസം ജയിലില്‍ അടച്ചിരുന്നു. തിങ്കളാഴ്ച അന്വേഷണ ഏജന്‍സി ചെന്നൈയില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ ജൂലൈ 25 വരെ കോടതി കസ്റ്റഡിയില്‍ വിട്ടു. മാനേജ്മെന്റ് പ്രൊഫഷണലുകളായ ഈ സംഘം യുഎഇ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവരില്‍ ഒരാള്‍ 32 വര്‍ഷമായി ദുബായില്‍ താമസിക്കുകയാണ്. ഭീകരാക്രമണത്തിനായി അവര്‍ ധനസമാഹരണം നടത്തിയിട്ടുണ്ടെന്നും ഇന്ത്യന്‍ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്ത് ഇന്ത്യയില്‍ ഐസിസ് സ്ഥാപിക്കുക എന്നതാണ് ഇവരുടെ പ്രത്യയശാസ്ത്രമെന്നും എന്‍ഐഎ പബ്ലിക് പ്രോസിക്യൂട്ടര്‍ സിഎസ് പിള്ള പറഞ്ഞു.
Post Your Comments