നെടുങ്കണ്ടം : പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് സര്‍ക്കാറിന് കത്തയച്ചു. അതീവ പ്രാധാന്യത്തോടെ പരിഗണിച്ച് റീ പോസ്റ്റ്‌മോര്‍ട്ടത്തിന് അനുമതി നല്‍കണമെന്നാണ് കത്തിലുള്ളത്. കഴിഞ്ഞ ദിവസം രാജ്കുമാറിന് മര്‍ദ്ദനമേറ്റത് ജയിലില്‍ നിന്നല്ലെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ജയില്‍ മേധാവി ഋഷിരാജ് സംഗിന്റെ നിര്‍ദേശ പ്രകാരം ഡി.ഐ.ജി സാം തങ്കയ്യനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
വിഷയം ഗൗരവമായി പഠിക്കാന്‍ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ നാല് കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ കമ്മീഷനെ ഏല്‍പ്പിച്ചിരിക്കുന്നത്. രാജ് കുമാറിന്റെ അറസ്റ്റിലേക്കും കസ്റ്റഡിയിലേക്കും പിന്നെ മരണത്തിലേക്കും നയിച്ച സാഹചര്യങ്ങളും വസ്തുതകളും പരിശോധിക്കുക എന്നതാണ് ആദ്യത്തെ പരിഗണനാ വിഷയം.
സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഉത്തരവാദിത്തപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് പരിശോധിച്ച് ശിപാര്‍ശ സമര്‍പ്പിക്കുക എന്നിവയ്‌ക്കൊപ്പം സാന്ദര്‍ഭികമായി ഉയര്‍ന്ന് വരുന്ന മറ്റ് വിഷയങ്ങളും പരിശോധിക്കാനുള്ള ചുമതലയും കമ്മീഷന് നല്‍കിയിട്ടുണ്ട്. ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
Post Your Comments