യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മാതൃഭൂമി നൽകിയത് വ്യജചിത്രങ്ങളാണ് നൽകിയതെന്ന് വ്യക്തമാക്കി മോഡൽ ജോമോൾ ജോസഫ്. ഫേസ്ബുക്കിലൂടെയാണ് ജോമോൾ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എത്രത്തോളം തെറ്റായ വാർത്തകളാണ് മാധ്യമങ്ങൾ ഓരോ ദിവസവും പടച്ചു വിടുന്നതെന്നും ഇത് കേവലം കയ്യബദ്ധമോ പിശകോ മാത്രമാണോയെന്നും ജോമോൾ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
വീണ്ടും മാധ്യമങ്ങളെ കുറിച്ചും അവരുടെ പിതൃശൂന്യതകളെ കുറിച്ചും തന്നെയാണ് പറയാനുള്ളത്..
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജിൽ, ഒരു വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിക്കുന്നു. പ്രതികൾ എസ്എഫ്ഐ നേതാക്കൾ. അക്രമം നടത്തിയ പ്രതികൾ വൈകുന്നേരം സ്റ്റുഡന്റ്സ് കൗൺസിൽ റൂമിൽ അഭയം തേടി, രാത്രി അവിടെ നിന്നും ഒളിവിൽ പോയി, പോലീസിന് ഇതുവരെ പ്രതികളെ പിടിക്കാനായിട്ടില്ല. അവരെ സംരക്ഷിച്ചത് എസ്എഫ്ഐ നേതൃത്വമാണ് എന്നതിൽ യാതൊരു സംശയവും ആർക്കും വേണ്ട. ക്രൂരതയുടെ നേർക്കാഴ്ചയും, മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത മറ്റൊന്നിനോടും ഉപമിക്കാനാകാത്ത സംഭവും തന്നെയാണിത്. ആരും ആ സംഭവത്തെ ന്യായീകരിച്ച് വിഷമിക്കേണ്ടതില്ല.
എന്നാൽ രണ്ട് ദിവസമായി ദൃശ്യ പത്ര മാധ്യമങ്ങളിൽ വായിക്കുകയും നമ്മൾ കേൾക്കുകയും, കാണുകയും, വായിക്കുകയും ചെയ്യുന്ന വാർത്തകളുടെ സത്യാവസ്ഥ എന്താണ്? എത്രത്തോളം തെറ്റായ വാർത്തകളാണ് മാധ്യമങ്ങൾ ഓരോ ദിവസവും പടച്ചു വിടുന്നത്? ഇത് കേവലം കയ്യബദ്ധമോ പിശകോ മാത്രമാണോ? അതോ കൃത്യമായ അജണ്ടയും ഗൂഢാലോലചനും ഇചിന് പിന്നിലുണ്ടോ? ഇന്നത്തെ ദിവസം മലയാളത്തിലെ മുൻനിരയിലുള്ള ദിനപ്പത്രത്തിൽ വന്ന ചിത്രസഹിതമുള്ള രണ്ട് വാർത്തകൾ നമുക്ക് നോക്കാം.
1. യൂണിവേഴ്സിറ്റി കോളജ് യൂണിയൻ ഓഫീസിൽ നിന്ന് കണ്ടെടുത്ത ഉത്തരക്കടലാസ്സുകൾ എന്നുപറഞ്ഞ് ചിത്രം സഹിതം മാതൃഭൂമിയുടെ മുൻപേജിൽ വന്ന വാർത്തയാണ് ഒന്നാമത്തെ ചിത്രത്തിൽ. യൂണിവേഴ്സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസ്സിന്റെ ഫ്രണ്ട് പേജിലോ എവിടെയെങ്കിലുമോ കാൻഡിഡേറ്റിന്റെ പേര് എഴുതാൻ പാടില്ല എന്നതാണ് നിയമം. ഇവിടെ പേരിനായി പ്രത്യേക കോളം കൊടുത്തിരിക്കുന്നു!! കോളത്തിൽ പേരും എഴുതിയിരിക്കുന്നു. അടുത്ത കോളത്തിൽ ഐറ്റം എന്ന് കാണാം, അതിന് നേരേ Light M എന്നും കാണുന്നു. ബാക്കി മറച്ചിരിക്കുകയാണ്. എനിക്ക് മനസ്സിലാക്കാനാകുന്നത് ലൈറ്റ് മ്യൂസിക് എന്നാണ് എഴുതിയിരിക്കുന്നത് എന്നതാണ്. തൊട്ടു മുകളിലെ കോളത്തിൽ ഡിപ്പാർട്ട്മെന്റ് എന്ന് കാണാം, അതിന് നേരേ ഹിന്ദിയെന്നും രേഖപ്പെടുത്തിയിരിക്കുന്നു. അവസാന കോളമാണ് രസകരം, സോളോ ഓർ നമ്പർ ഓഫ് പാർട്ടിസിപ്പന്റ്സ് എന്നാണ് കോളത്തിൽ, അതിന് നേരേ സോളോ എന്ന് രേഖപ്പെടുത്തിയിരിക്കുന്നതും കാണാം. മുകളിൽ സെക്ഷനെന്നതിന് നേരേ മ്യൂസിക് എന്ന് എഴുതിയിരിക്കുന്നതും, വെണ്ടക്കാ അക്ഷരത്തിൽ രഡിസ്ട്രേഷൻ ഫോം എന്ന് പ്രിന്റ് ചെയ്തിരിക്കുന്നതും വ്യക്തമായി കാണാം.
അല്ല മാതൃഭൂമീ, യൂണിവേഴ്സിറ്റി ഉത്തരകടലാസ്സിൽ റെജിസ്ട്രേഷൻ ഫേം എന്നാണോ പ്രിന്റ് ചെയ്യാറ്? കേരളത്തിലെ ഏതെങ്കിലും കോളജിൽ ഹിന്ദി ഡിപ്പാർട്ട്മെന്റിന് കീഴിൽ ലൈറ്റ് മ്യൂസികിന് എഴുത്ത് പരീക്ഷ നടത്തുന്നുണ്ടോ? ഒരു കാൻഡിഡേറ്റിന് ഒറ്റക്ക് എഴുത്തു പരീക്ഷ എഴുതാനാകും, എന്നാൽ ഏതെങ്കിലും യൂണിവേഴിസിറ്റിയിലോ സ്കൂളിലോ ഗ്രൂപ്പായി എഴുത്തു പരീക്ഷ എഴുതാനാകുമോ? കോളജിന്റെ പടി കയറിയിട്ടുള്ളവക്ക് കൃത്യമായി അറിയാവുന്ന കാര്യമാണ് ഇതെല്ലാം, ഇത് കൃത്യമായി വായിച്ച് നോക്കുന്ന ഒരാളും വിശ്വസിക്കുകയുമില്ല.
2. അടുത്തതായി ചിത്രം സഹിതം കൊടുത്തിരിക്കുന്ന വാർത്തയാണ് വകുപ്പുമേധാവിയുടെ സീൽ ഇടിമുറിയെന്നറിയപ്പെടുന്ന കോളജ് യൂണിയൻ ഓഫീസിൽ നിന്ന് കണ്ടെത്തിയന്ന്!!
രണ്ടാമത്തെ ചിത്രം എല്ലാവരും നോക്കുക, അതിലുള്ളത് സീലാണോ അതോ പ്രിന്റഡ് നെയിം കാർഡോ? സീലിൽ അക്ഷരങ്ങൾ മുദ്ര ചെയ്യുന്നത് നമുക്ക് നേരേ നോക്കിയാൽ വായിക്കാനാകുന്ന രീതിയിലാണൊ? മിറർ ടൈപ്പിലല്ലേ അക്ഷരങ്ങളുടെ ഇമേജിങ് സീലിലേക്ക് നടത്തുക? ഇതൊക്കെ നിങ്ങൾക്കറിയാഞ്ഞിട്ടാണോ മാധ്യമ പ്രവർത്തകരേ? നിങ്ങൾ ആരെയാണ് പറ്റിക്കാൻ നോക്കുന്നത്?
ഇവിടെ കാര്യങ്ങൾ വ്യക്തമാണ്. ഈ വാർത്ത എഴുതിയ റിപ്പോർട്ടർക്കും, വാർത്ത കമ്പോസ് ചെയ്ത ആളുകൾക്കും, വാർത്ത എഡിറ്റ് ചെയ്ത ന്യൂസ് എഡിറ്റർക്കും ഒക്കെ ഇത് കാണുമ്പോൾ തന്നെ അറിയാം തെറ്റായ വാർത്തയാണ് എന്ന്. എന്നിട്ടും ഈ വാർത്തകൾ എങ്ങനെ ഫ്രണ്ട് പേജിൽ ഇടം പിടിച്ചു? ഇവിടെയാണ് മാധ്യമങ്ങളുടെ അജണ്ട വ്യക്തമാകുന്നത്. ആ അജണ്ട സിപിഎം വിരോധമാണ്. ആ അജണ്ട നടപ്പിലാക്കാനായി അവർ ഏതറ്റം വരെയും പോകും. പ്രമുഖയായ മാധ്യമ പ്രവർത്തക മാസങ്ങൾക്ക് മുമ്പ് മാതൃഭൂമിയിൽ നിന്ന് രാജിവെച്ചിറങ്ങിയതിന് കാരണം, സംഘപരിവാർ അനുകൂല വാർത്തകൾ പബ്ലിഷ് ചെയ്ത് വരുന്നതിനായി മാനേജ്മെന്റ് നിർബന്ധിക്കുന്നു എന്ന കാരണം പറഞ്ഞായിരുന്നു. അതിനായി തെറ്റായ വാർത്തകൾ കൊടുക്കാനായി മാനേജ്മെന്റ് നിഴബന്ധിക്കുകയും, അതിന് വഴങ്ങാതിരുന്നപ്പോൾ അവർ നിരവധി മാനസീക പീഢനങ്ങൾ നേരിട്ടതായും, അവരുടെ സീനിയോരിറ്റിയെ പോലും നോക്കുകുത്തിയാക്കി തീരുമാനങ്ങൾ പിന്നാമ്പുറത്തു കൂടി നടക്കുന്നതിനാൽ, റബർസ്റ്റാമ്പാകാൻ അഭിമാനമുള്ള തനിക്ക് സാധിക്കില്ല എന്ന് മാതൃഭൂമിക്ക് തുറന്ന കത്തെഴുതിയാണ് അവർ രാജിവെച്ചിറങ്ങിയത്!!
മാധ്യമ സ്ഥാപനങ്ങളേ, നിങ്ങളുടെ അജണ്ട നടപ്പിലാക്കാനായി നിങ്ങൾ ഉപയോഗിക്കുന്നത് അഭിമാനബോധമുള്ള ജേർണലിസ്റ്റുകളുടെ നട്ടെല്ല് റബറാക്കിയാണ് നിങ്ങൾ ഈ നെറികേടിന്റെ പ്രവർത്തനം കാഴ്ചവെക്കുന്നത്, ഇതിനെ മാധ്യമപ്രവർത്തനം എന്ന് വിളിക്കാനാകില്ല.
ഞാനടക്കമുള്ള ഓരോ വായനക്കാരനും അറിയാനായി ആഗ്രഹിക്കുന്നത് സത്യസന്ധമായ വിവരങ്ങളാണ്. അതായിരിക്കണം വാർത്തകളെന്ന പേരിൽ അച്ചടിച്ചോ ദൃശ്യമാധ്യമങ്ങളിലോ വരേണ്ടത്. അല്ലാതെ നിങ്ങളുടെ അജണ്ട നടപ്പിലാക്കാനായി ഞങ്ങൾ വായനക്കാരെ ഉപയോഗിക്കരുത്.
നബി – ഞാനൊരു മുൻ എസ്എഫ്ഐക്കാരിയോ, എസ്എഫ്ഐക്കാരിയോ അല്ല എന്ന് വിനയപൂർവ്വം അറിയിക്കുന്നു.
Post Your Comments