റാസല്‍ഖൈമ: ഭക്ഷണം പാചകം ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ കുത്തിയ പ്രവാസി അറസ്റ്റിൽ. റാസല്‍ഖൈമയിലാണ് സംഭവം. പ്രവാസിയെ കോടതിയില്‍ ഹാജരാക്കി. കുത്തേറ്റയാളുടെ കൈകക്ക് സ്ഥിരമായ വൈകല്യം സംഭവിച്ചതായും റാസല്‍ഖൈമ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഒരുമിച്ച് താമസിച്ചിരുന്ന ഇരുവരും തമ്മില്‍ ഭക്ഷണമുണ്ടാക്കിയതിലെ ചേരുവകളെച്ചൊല്ലിയായിരുന്നു തര്‍ക്കം ആരംഭിച്ചത്. ഭക്ഷണമുണ്ടാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സുഹൃത്ത് കുറ്റപ്പെടുത്തി സംസാരിച്ചത് വാഗ്വാദത്തിലേക്കും കൈയാങ്കളിയിലേക്കും മാറി. ഇതിനിടെ പ്രവാസി അടുക്കളയില്‍ പോയി കത്തിയുമായി വന്ന് സുഹൃത്തിന്റെ കൈയില്‍ കുത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത ഇരുവരെയും പോലീസ് പ്രോസിക്യൂഷന് കൈമാറി. ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തന്നെ അപമാനിച്ചതുകൊണ്ടാണ് കുത്തിയതെന്ന് പ്രതി കോടതിയില്‍ പറഞ്ഞപ്പോള്‍ താന്‍ അപമാനിച്ചിട്ടില്ലെന്നായിരുന്നു സുഹൃത്ത് വാദിച്ചു. കുത്തേറ്റ കൈയ്ക്ക് സ്ഥിരവൈകല്യം സംഭവിച്ചതായി കോടതിയില്‍ സമര്‍പ്പിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രാഥമിക വാദം കേട്ട കോടതി കേസ് പിന്നീട് പരിഗണിക്കാനായി മാറ്റിവെച്ചു.
Post Your Comments