വയനാട്: നടി മഞ്ജു വാര്യര്‍ ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന പരാതിയില്‍ ഒത്തുതീര്‍പ്പായി. 10 ലക്ഷം രൂപ സര്‍ക്കാരിന് നല്‍കി കോളനിയുടെ നവീകരണത്തില്‍ പങ്കാളിയാകുമെന്നും ഈ വിഷയത്തില്‍ ഇനിയും അപമാനം സഹിക്കാന്‍ വയ്യെന്നും മഞ്ജു കത്തിലൂടെ ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ അറിയിച്ചു. ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചിട്ടില്ലെന്നായിരുന്നു മഞ്ജു വാര്യരുടെ മറുപടി.
ആദിവാസികളെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മഞ്ജു വാര്യര്‍ വിശദമാക്കിയിരുന്നു. പദ്ധതിക്ക് വേണ്ടി സര്‍വേ നടത്തിയിരുന്നു. എന്നാല്‍, തനിക്ക് മാത്രം ചെയ്യാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാറിന്റെ സഹായം തേടിയിരുന്നതായും മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വയനാട് പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വാഗ്ദാനം നല്‍കിയെന്നും ഇതുവരെ അത് പാലിച്ചില്ലെന്നുമായിരുന്നു കോളനി നിവാസികളുടെ പരാതി.
2017 ല്‍ നല്‍കിയ വാഗ്ദാനം ഒന്നര വര്‍ഷമായിട്ടും വാക്കുപാലിക്കുന്നില്ലെന്നാണ് ആരോപണം ഉയര്‍ന്നത്. മഞ്ജു വാര്യരുടെ വാഗ്ദാനമുള്ളതിനാല്‍ ഭവനനിര്‍മ്മാണത്തിനുള്ള സര്‍ക്കാരിന്റെ വിവിധ സഹായങ്ങള്‍ ലഭിക്കാതായെന്നും കോളനിക്കാര്‍ ആരോപിച്ചിരുന്നു. ഈ കാര്യത്തില്‍ ഒരു തീരുമാനമുണ്ടായില്ലെങ്കില്‍ മഞ്ജു വാര്യരുടെ വീടിന് മുന്നില്‍ കുടില്‍ കെട്ടി സമരം ചെയ്യുമെന്നും ആദിവാസികള്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ സഹായത്തിലൂടെയെങ്കിലും തങ്ങള്‍ക്ക് ഒരു വീട് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ കോളനി വാസികള്‍.
Post Your Comments