കൊല്ലം: ഗ്രൂപ്പര്‍ ഫിഷ് മുതല്‍ സ്റ്റാര്‍ ഫിഷ് വരെ ടെലിവിഷനില്‍ മാത്രം കണ്ട് പരിചയമുള്ള കടലിലെ വിസ്മയ കാഴ്ചകള്‍ കാണാന്‍ കൊല്ലം കോര്‍പ്പറേഷന്‍ അവസരം ഒരുക്കുന്നു. വിസ്മയ കാഴ്ചകളുമായി കൊല്ലം ബീച്ചില്‍ ഒരുക്കിയ മറൈന്‍ അക്വേറിയം പൊതുജനങ്ങള്‍ക്കായി കോര്‍പ്പറേഷന്‍ തുറന്ന് നല്‍കി. കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ അത്യാധുനിക രീതിയിലുള്ള ഈ മറൈന്‍ അക്വേറിയം ഒരുക്കിയിരിക്കുന്നത് ഒന്നരക്കോടി രൂപ ചിലവിട്ടാണ്.
കറുപ്പും സ്വര്‍ണവും കലര്‍ന്ന ഗ്രൂപ്പര്‍ ഫിഷ്, ഓസ്‌കാര്‍, സ്‌മോക്ക് ഫിഷ്, കടലിലെ അടിത്തട്ടില്‍ കാണുന്ന സ്റ്റാര്‍ ഫിഷ് തുടങ്ങി വൈവിധ്യമാര്‍ന്ന ഇരുപതിലധികം ഇനം കടല്‍ അലങ്കാര മത്സ്യങ്ങളാണ് മറൈന്‍ അക്വേറിയത്തില്‍ ഒരുക്കിയിട്ടുള്ളത്. ഹാര്‍ബര്‍ എന്‍ജിനിയറിങ്ങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ഈ വിസ്മയകാഴ്ച ഒരുക്കിയത്.
ഒരോ മത്സ്യത്തിനും ആവശ്യമായ ആവാസവ്യവസ്ഥയാണ് ചില്ല് കൂടിന് ഉള്ളില്‍ ഒരുക്കിയിട്ടുള്ളത്. ചില്ലുകൂടുകള്‍ ഒരുക്കാന്‍ മാത്രം 25 ലക്ഷം രൂപയാണ് ചിലവിട്ടത്. ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗത്തിനാണ് ആദ്യത്തെ രണ്ട് മാസം മറൈന്‍ അക്വേറിയത്തിന്റെ മേല്‍നോട്ട ചുമതല. തുടര്‍ന്ന് അക്വേറിയത്തിന്റെ ചുമതല മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനമെന്നും കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് പറഞ്ഞു.
Post Your Comments