മുക്കം: രാജ്യം പട്ടിണിയില്‍ മുന്നേറുമ്പോള്‍ പട്ടിണി രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷീര കര്‍ഷകര്‍ക്ക് വേതനം നല്‍കുന്ന രാജ്യത്തെ ആദ്യ നഗരസഭയായ മുക്കം നഗരസഭയുടെ ‘ക്ഷീര നഗരം ‘ പദ്ധതി ഉദ്ഘാടനം ചെയ്യുക യായിരുന്നു മന്ത്രി.
ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കും. ആരോഗ്യമേഖലയില്‍ കാരുണ്യ പദ്ധതി സര്‍ക്കാര്‍ ഒഴിവാക്കിയിട്ടില്ല, കൂടുതല്‍ വിപുലീകരിക്കുകയാണ് ചെയ്തത്. നേരത്തെ 30,000 രൂപയായിരുന്നു ചികിത്സാ സഹായം ലഭിച്ചിരുന്നത്. ഇത് അഞ്ച് ലക്ഷമായി വര്‍ധിക്കാന്‍ പോവുകയാണ്. പാല്, മുട്ട, പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മുക്കം നഗരസഭയുടെ പദ്ധതി മാതൃകാപരമാണന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷനായി. ക്ഷീര സഹകരണ സംഘം പ്രസിഡന്റുമാര്‍ക്ക് തീറ്റപ്പുല്‍കെട്ട് കൈമാറിയാണ് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള തൊഴില്‍ കാര്‍ഡ് ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ എസ് ശ്രീകുമാര്‍ വിതരണം ചെയ്തു.
Post Your Comments