ടിബറ്റന്‍ ആത്മീയ ആചാര്യനായിരുന്ന 14-ാം ദലൈ ലാമ ഉപയോഗിച്ചിരുന്ന ലാന്‍ഡ് റോവര്‍ ലേലത്തിനൊരുങ്ങുന്നു. ലാന്‍ഡ് റോവര്‍ സീരീസ് ഐഐഎ എന്ന ഈ വാഹനം 1966 മുതല്‍ 1976 വരെയുള്ള കാലഘട്ടത്തില്‍ അദ്ദേഹം ഉപയോഗിച്ചിരുന്നു. ഓഗസ്റ്റ് 29-നാണ് ഈ വാഹനത്തിനായുള്ള ലേലം നടക്കുന്നതെന്നാണ് വിവരം. ഏകദേശം 70 ലക്ഷം രൂപ മുതല്‍ 1.2 കോടി രൂപ വരെയാണ് ഈ വാഹനത്തിന് വില പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ടിബറ്റിനെ ചൈന ആക്രമിച്ചതിനെ തുടര്‍ന്ന് ദലൈലാമ ഇന്ത്യയിലെ ധര്‍മ്മശാലയിലേക്ക് പാലായനം ചെയ്തിരുന്നു. ഈ കാലഘട്ടില്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന വാഹനമാണിതെന്നാണ് സൂചനകള്‍. ഒരിക്കല്‍ പോലും ഈ വാഹനം അദ്ദേഹം ഓടിച്ചിട്ടില്ലെങ്കിലും യാത്രകള്‍ മുഴുവല്‍ ഇതിലായിരുന്നു. ഹിമാലയന്‍ മലനിരകള്‍ അനായാസം കീഴടക്കിയിട്ടുള്ള ഈ ലാന്‍ഡ് റോവര്‍ ഇന്ത്യന്‍ നിരത്തുകളില്‍ മാത്രമല്ല ഓടിയിട്ടുള്ളത്. അതിര്‍ത്തി രാജ്യമായ നേപ്പാളിലേക്കുള്ള ദലൈ ലാമയുടെ യാത്രകളും ഈ ലാന്‍ഡ് റോവറിലായിരുന്നു.
1966-ല്‍ ബ്രിട്ടണിലെ ലാന്‍ഡ് റോവര്‍ പ്ലാന്റിലെത്തിയാണ് ദലൈ ലാമ ഈ വാഹനം സ്വന്തമാക്കിയത്. അതിനുശേഷമുള്ള 10 വര്‍ഷം അദ്ദേഹം ഈ വാഹനം ഉപയോഗിച്ചിരുന്നെങ്കിലും 1976-ന് ശേഷം ഈ വാഹനത്തെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. പിന്നീട് 2005-ല്‍ വെസ്റ്റ് കോസ്റ്റ് ബ്രിട്ടീഷ് എന്ന സ്ഥാപനത്തില്‍ അറ്റക്കുറ്റപണിക്കെത്തിയപ്പോഴാണ് ഈ ലാന്‍ഡ് റോവര്‍ വീണ്ടും ശ്രദ്ധനേടുന്നത്. അപ്പോഴേക്കും ഏകദേശം 1.10 ലക്ഷം കിലോമീറ്റര്‍ ഓടിയെന്നാണ് അപ്പോള്‍ മീറ്ററില്‍ രേഖപ്പെടുത്തിയിരുന്നത്.
പ്രായം തളര്‍ത്തിയിട്ടില്ലാത്ത ഷാസിയായിരുന്നു ഈ വാഹനത്തിന്റെ എന്നത്തെയും ഹൈലൈറ്റ്. വാഹനം മോടിപിടിപ്പിക്കനുള്ള പ്രവൃത്തികള്‍ ഒഴിവാക്കിയാല്‍ എന്‍ജിനും എക്സ്റ്റീരിയറും ഇന്റീരിയറും പഴയതുപോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. ഒരുവര്‍ഷമെടുത്താണ് ഈ വാഹനത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കിയതെന്നതും ശ്രദ്ധേയമാണ്. ലോകത്തില്‍ തന്നെ വിന്റേജ് കാറുകളുടെ ഗണത്തിലാണ് ഇന്ന് ലാന്‍ഡ് റോവര്‍ സീരീസ് ഐഐഎയുടെ സ്ഥാനം. 2.25 ലിറ്റര്‍ ഫോര്‍ സിലണ്ടര്‍ എന്‍ജിനിലായിരുന്നു ഈ വാഹനം പുറത്തിറങ്ങിയിരുന്നത്.
Post Your Comments