റായ്പൂര്‍: കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ഉച്ചഭക്ഷണത്തില്‍ മുട്ട കൂടി ഉള്‍പ്പെടുത്താനുള്ള ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. സാമൂഹിക സംഘടനകളും പ്രതിപക്ഷമായ ബിജെപിയുമാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ കബീര്‍ പന്തിന്റെ അനുയായികളാണ് ശക്തമായ എതിര്‍പ്പറിയിച്ചിരിക്കുന്നത്. പ്രതിഷേധം ശക്തമായതോടെ മന്ത്രിമാര്‍ അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ച് പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. സസ്യേതര ആഹാരശീലം പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടിയായാണ് പ്രതിഷേധക്കാര്‍ ഇതിനെ കാണുന്നത്. പോഷകാഹാരക്കുറവ് നേരിടാന്‍ മറ്റ് വെജിറ്റേറിയന്‍ ഓപ്ഷനുകള്‍ ഉണ്ടെന്നും വിദ്യാ ക്ഷേത്രങ്ങളായ സ്കൂളുകളില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം പാടില്ലെന്നും കബീര്‍ ആശ്രമം ചൂണ്ടിക്കാണിക്കുന്നു. തങ്ങള്‍ ഇതിനെതിരെ പ്രചാരണം നടത്തുമെന്നും ആശ്രമം വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്തൊട്ടാകെ കുട്ടികളുടെ പോഷകാഹാരക്കുറവ് ഏകദേശം 40 ശതമാനമായി കണക്കാക്കപ്പെടുന്നെന്നും അവരുടെ ക്ഷേമത്തിനായി പോഷക സമ്പുഷ്ടമായ ഭക്ഷണം നല്‍കാനാണ് തീരുമാനിച്ചതെന്നും സര്‍ക്കാര്‍ നിയോഗിച്ച് സമിതി വ്യക്തമാക്കി. കബീര്‍ പന്ത് ഉള്‍പ്പെടെയുള്ള ചില സംഘടനകള്‍ മുട്ട ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും സമിതി അംഗങ്ങള്‍ അറിയിച്ചു. അതേസമയം സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നതിനുമുമ്പ് മതവിശ്വാസം കൂടി കണക്കിലെടുക്കണമെന്ന് മുന്‍ ഛത്തീസഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് പറഞ്ഞു
Post Your Comments