വാഷിങ്ടന്‍: ഡേറ്റാചോര്‍ച്ച കേസില്‍ സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കിന് 5 ബില്യന്‍ ഡോളര്‍ (ഏകദേശം 34,300 കോടി രൂപ) പിഴ. കേസ് ഈ തുകയ്ക്ക് ഒത്തുതീര്‍പ്പാക്കാന്‍ യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ (എഫ്ടിസി) തയ്യാറായതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒരു സിവില്‍ കേസില്‍ ഫെയ്‌സ്ബുക്ക് അടയ്‌ക്കേണ്ടിവരുന്ന ഏറ്റവും വലിയ തുകയാണിത്.
87 മില്യന്‍ ഉപയോക്താക്കളുടെ ഡേറ്റ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ബ്രിട്ടിഷ് കമ്പനി കേംബ്രിജ് അനലിറ്റിക്കയുമായി പങ്കുവച്ച സംഭവത്തിലാണു ഫെയ്‌സ്ബുക്കിന് കനത്ത പിഴ ചുമത്തിയത്. രണ്ട് ഡെമോക്രാറ്റുകള്‍ എതിര്‍ത്തപ്പോള്‍ മൂന്ന് റിപ്പബ്ലിക്കന്‍സ് ഒത്തുതീര്‍പ്പ് വ്യവസ്ഥയെ പിന്തുണച്ചെന്നാണു വിവരം. ഒത്തുതീര്‍പ്പില്‍ നിക്ഷേപകര്‍ സന്തോഷത്തിലാണ്. ഫെയ്‌സ്ബുക്കിന്റെ ഓഹരിമൂല്യം 1.8% ഉയര്‍ന്നു.
ഡേറ്റാ ചോര്‍ച്ച സംഭവത്തില്‍ ലോകത്തൊട്ടാകെ ഫെയ്‌സ്ബുക്കിലൂടെ 8.70 കോടി പേരുടെ വ്യക്തിവിവരങ്ങള്‍ നഷ്ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവുമധികം യുഎസിലാണ്. യുഎസ്: 7,06,32,350 (81.6%), ഫിലിപ്പീന്‍സ്: 11,75,870 (1.4%), ഇന്തൊനീഷ്യ: 10,96,666 (1.3%), ബ്രിട്ടന്‍: 10,79,031 (1.2%), മെക്‌സിക്കോ: 7,89,880 (0.9%), കാനഡ: 6,22,161 (0.7%), ഇന്ത്യ: 5,62,455 (0.6%), ബ്രസീല്‍: 4,43,117 (0.5%), വിയറ്റ്നാം: 4,27,446 (0.5%), ഓസ്‌ട്രേലിയ: 3,11,127 (0.4%) എന്നിങ്ങനെയാണു ചോര്‍ന്ന ഡേറ്റയുടെ കണക്ക്. 5.64 ലക്ഷം പേരുടെ സ്വകാര്യവിവരങ്ങള്‍ നഷ്ടമായ ഇന്ത്യ ഏഴാം സ്ഥാനത്താണ്.
കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകനായ അലക്‌സാണ്ടര്‍ കോഗന്‍ വികസിപ്പിച്ച ‘ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ്’ എന്ന തേര്‍ഡ് പാര്‍ട്ടി ആപ് വഴിയാണു ഡേറ്റകള്‍ ചോര്‍ത്തിയത്. വ്യക്തികളുടെ താല്‍പര്യങ്ങള്‍, അഭിരുചികള്‍, ഇഷ്ടങ്ങള്‍, ബന്ധങ്ങള്‍ എന്നിവയടങ്ങിയ വിവരശേഖരം കേംബ്രിജ് അനലിറ്റിക്ക കമ്പനിക്കു കൈമാറുകയായിരുന്നു.
അതേസമയം, ഫെയ്‌സ്ബുക്കിന് ചുമത്തിയിരിക്കുന്ന പിഴ വളരെ കുറഞ്ഞുപോയെന്ന് ചില ഡെമോക്രാറ്റ് ജനപ്രതിനിധികള്‍ ആരോപിച്ചു. പിഴത്തുക ഫെയ്‌സ്ബുക്കിന്റെ വാര്‍ഷിക വരുമാനത്തിലെ ചെറിയൊരു ഭാഗം മാത്രമാണെന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനെപ്പറ്റി ചിന്തിപ്പിക്കാന്‍ പോന്നതല്ലെന്നും ഡെമോക്രാറ്റ് പ്രതിനിധി ഡേവിഡ് സിസിലിന്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ ഫെയ്‌സ്ബുക്കിന്റെ വരുമാനം 15.1 ബില്യന്‍ ഡോളറാണ്. പിഴത്തുക അടച്ച് കേസില്‍നിന്ന് രക്ഷപെടാന്‍ കഴിഞ്ഞത് ഫെയ്‌സ്ബുക്കിന് ആശ്വാസകരമാണ്. ഇടപാടിനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും. പിഴത്തുകയെപ്പറ്റി പ്രതികരിക്കാന്‍ ഫെയ്‌സ്ബുക്കോ എഫ്ടിസിയോ തയാറായില്ല.
Post Your Comments