നെയ്യാറ്റിന്‍കര: പ്രദേശത്ത് പുലി ശല്യമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര കൊടങ്ങാവിള പറമ്പുവിളയില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ കെണി സ്ഥാപിച്ചു. കൊടങ്ങാവിളയിലെ കാടുപിടിച്ചു കിടക്കുന്ന മേഖലയിലാണ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വനംവകുപ്പ് കെണി സ്ഥാപിച്ചത്.
നാല് ആടുകളെ അജ്ഞാത ജീവി കൊന്നതോടെയാണ് കൊടങ്ങാവിളയും പരിസരവും ഭീതിയിലായത്. പിന്നീട് പുലിയോട് സാദൃശ്യമുളള ജീവിയെ കണ്ടതായി നാട്ടുകാരില്‍ ചിലര്‍ അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പ്രദേശത്ത് പുലിയുണ്ടെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെത്തി പരിശോധന നടത്തി. എന്നാല്‍ വലിയ കാല്‍പ്പാടുകള്‍ കണ്ടെത്തിയതല്ലാതെ പരിശോധനയില്‍ പുലിയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ വനംവകുപ്പിന് കിട്ടിയിട്ടില്ല. ഇവിടെ നിന്ന് ലഭിച്ച ജീവിയുടെ കാഷ്ഠവും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പ്രദേശത്ത് കാടുപിടിച്ചു കിടക്കുന്ന ഭൂമി വെട്ടിത്തളിക്കുന്ന ജോലികളും ഉടന്‍ തുടങ്ങുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
Post Your Comments