ആര്യനാട്: അപൂര്‍വ ശംഖ് വില്‍ക്കാന്‍ ശ്രമിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു കിലോയോളം തൂക്കം വരുന്ന ശംഖാണിത്. 150 വര്‍ഷം പഴക്കമുള്ള ശംഖ് വീട്ടില്‍ സൂക്ഷിച്ചാല്‍ ധനവും ഐശ്വര്യവും ലഭിക്കുമെന്ന് പറഞ്ഞ് പണം തട്ടാന്‍ ശ്രമിക്കുന്നതിനിടെ ആണ് റൂറല്‍ ഷാഡോ പോലീസ് കസ്റ്റഡിയിലെടുത്തത്. ശംഖ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടിയ ഉഴമലയ്ക്കല്‍ പുളിമൂട് സ്വദേശികളായ മൂന്നുപേരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സംഭവത്തില്‍ ആരെയും പ്രതിയാക്കി പോലീസ് കേസെടുത്തിട്ടില്ല. എന്നാല്‍ ശംഖ് പരിശോധനയ്ക്കയച്ച് കൂടുതല്‍ വിരങ്ങള്‍ ലഭ്യമായാല്‍ ഇവര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.
കസ്റ്റഡിയിലെടുത്ത രണ്ട് കിലോ തൂക്കം വരുന്ന ശംഖ് പരിശോധനയ്ക്ക് ആര്‍ക്കിയോളജി ലാബില്‍ അയയ്ക്കും. പരിശോധന ഫലം കിട്ടിയ ശേഷം മാത്രമായിരിക്കും തുടര്‍ നടപടികളെന്ന് നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കീലറും ആര്യനാട് ഇന്‍സ്‌പെക്ടര്‍ യഹ്യയും പറഞ്ഞു. നെടുമങ്ങാട് ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നായിരുന്നു ഷാഡോ പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്. പോലീസുകാരന്‍ തന്നെയാണ് ശംഖ് വാങ്ങാനുള്ള ആളായി എത്തിയത്.
ശംഖ് വില്‍ക്കാന്‍ ശ്രമിക്കുന്നവരെ ബന്ധപ്പെട്ടപ്പോള്‍ ആദ്യം ആവശ്യപ്പെട്ടത് 35 ലക്ഷം രൂപയായിരുന്നു. ഒടുവില്‍ 25 ലക്ഷത്തില്‍ വില്‍പ്പന ഉറപ്പിച്ചു. കഴിഞ്ഞ വ്യാഴം രാവിലെ ആയിരുന്നു വില്‍പന എന്ന് പോലീസ് പറഞ്ഞു. വില്‍പന ദിവസം രാവിലെ എത്തിയപ്പോള്‍ തെളിവിനു കുറച്ച് പണം കാണിക്കാന്‍ ഇതില്‍ ഒരാള്‍ ആവശ്യപ്പെട്ടു. കുളപ്പടയ്ക്ക് സമീപം തുക കണ്ട് ബോധ്യപ്പെട്ട ശേഷമാണ് ശംഖ് ഇരുന്ന വീട്ടിലേക്ക് പുറപ്പെട്ടത്. കിടപ്പുമുറിയില്‍ വച്ചായിരുന്നു കച്ചവടത്തിനുള്ള ശ്രമം നടന്നത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി.
Post Your Comments