കണ്ണൂര്‍: ഹോട്ടലുകളില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുമ്പോള്‍ ഇഷ്ടവിഭവങ്ങള്‍ നമുക്ക് മുന്‍പിലെത്തിക്കുന്നത് റോബോട്ടുകളായാലോ? യന്ത്രക്കൈകളാല്‍ അവര്‍ ഭക്ഷണം വിളമ്പുന്നത് ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ… എന്നാല്‍ ഇനി ആ കാലം വിദൂരമല്ല. മണിയന്‍പിള്ള രാജുവിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന കേരളത്തിലെ ആദ്യ റോബോട്ടിക് റെസ്റ്റൊറന്റ് ‘ബി അറ്റ് കിവ്വിസോ’ ഞായറാഴ്ച കണ്ണൂരില്‍ പ്രവര്‍ത്തനം തുടങ്ങും. യന്ത്രക്കൈകളില്‍ ഭക്ഷണം വിളമ്പാന്‍ അലീനയും ഹെലനും ജെയിനും ഇവിടെ തയാറായിക്കഴിഞ്ഞു. ചൂടാറാത്ത വിഭവങ്ങളുമായി അവര്‍ ഇനി നിങ്ങളുടെ മുമ്പിലേക്കെത്തും.
മൂന്നുറോബോട്ടുകളാണ് ഇവിടെ ഭക്ഷണം വിളമ്പുക. നിര്‍ദേശം നല്‍കുന്നതിനനുസരിച്ച് ഓരോ തീന്‍മേശകള്‍ക്കരികിലേക്കും അവര്‍ എത്തും. വഴിയില്‍ ആരെങ്കിലും തടസ്സം നിന്നാല്‍ സ്നേഹത്തോടെ മാറിനില്‍ക്കൂ സുഹൃത്തേ എന്നു പറയും. ഭക്ഷണം വിളമ്പാന്‍ മാത്രമല്ല ഹോട്ടലിലെത്തുന്ന കുട്ടികളോടൊത്തു കളിക്കാനും ഇവിടെ ഒരു റോബോട്ടുണ്ട്. കുട്ടികളോടൊത്തു നൃത്തം ചെയ്യുകയും അവരെ കൈപിടിച്ചു നടത്തുകയും ചെയ്യും ഈ കുഞ്ഞുറോബോ. അലീന, ഹെലന്‍, ജെയിന്‍ എന്നിങ്ങനെയാണ് വെയിറ്റര്‍ റോബോട്ടുകളുടെ പേര്.
നൂറോളം പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ജ്യൂസുകളും സാന്‍വിച്ചുകളും ഉള്‍പ്പെടുത്തി ജ്യൂസ് ബോക്സ് എന്ന കഫേയും പത്തുവനിതകള്‍ ചേര്‍ന്നു നടത്തുന്ന ബേക്കിങ് മമ്മി എന്ന ഹോംലി ബേക്കറിയും ഇതിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കും. കണ്ണൂരിലാദ്യമായി മൊബൈല്‍ ആപ്പുവഴി ഭക്ഷണവിതരണം തുടങ്ങിയത് കിവ്വിസോ ആണെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments