ജമ്മു കാശ്മീർ ……. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പലതുകൊണ്ടും വളരെ പ്രാധാന്യമുള്ള സംസ്ഥാനമാണത്. കാശ്മീർ കുറേക്കാലമായി പ്രശ്ന സങ്കീർണമാണ്; കേന്ദ്രത്തിലെ നരേന്ദ്ര മോദിയുടെ രണ്ടാം സർക്കാരിന് മുന്നിലുയരുന്ന വലിയ ഒരു പ്രശ്നം കാശ്‌മീർ ആവും എന്ന് കരുതുന്ന ഒരാളാണ് ഞാൻ. കാശ്മീരിൽ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുക മാത്രമല്ല, അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനം ഉൾപ്പടെ തടഞ്ഞുകൊണ്ട് ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അതിനെ നിലനിർത്തുകയും വേണം. നരേന്ദ്ര മോദിക്ക് മാത്രമല്ല അതിനേക്കാളുപരി പുതിയ ആഭ്യന്തര മന്ത്രി അമിത് ഷാക്കും ഇത് വെല്ലുവിളിയാണ്. എന്നാൽ അവിടെയൊക്കെ കാര്യങ്ങൾ നേരാം വണ്ണമാക്കാനുള്ള സുവർണ്ണ അവസരം ഇതാണ് എന്നത് മറക്കാനും വയ്യ. അതുകൊണ്ട് ദേശീയവാദികൾ, ഇന്ത്യയെ സ്നേഹിക്കുന്നവർ, തീർച്ചയായും അവിടെ ഉണ്ടാവാൻ പോകുന്ന മാറ്റങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കും എന്നതിൽ ഒരു സംശയവുമില്ല.
ഈ ലേഖനം കുറിക്കാനിരിക്കുമ്പോൾ എന്റെ മുന്നിൽ വന്ന ഒരു ട്വീറ്റ് ഉണ്ട്; ഇന്ത്യയിലെ ഒരു പ്രമുഖ ടിവി ചാനലിന്റെ സ്ട്രാറ്റജിക് എഡിറ്ററുടേതാണത്. അദ്ദേഹം കാശ്മീരി പണ്ഡിറ്റ് ആണ്; വർഷങ്ങൾക്ക് മുൻപ് ,1990 ൽ, കാശ്മീരിൽ നിന്ന് ജീവനും കൊണ്ട് ഓടിപ്പോയ വേളയിലെ ആ ലേഖകന്റെ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നു. ഒൻപത് വയസ്സുള്ള ബാലൻ; അമ്മ സമ്മാനിച്ച ചിത്രമാണ് എന്ന കുറിപ്പോടെ. അന്ന് കാശ്മീർ വിട്ടതാണ്, ഇനിയും തിരിച്ചുപോകാൻ കഴിഞ്ഞിട്ടില്ല……… ഇത് ഒരാൾ മാത്രമല്ല, അങ്ങിനെ ആയിരങ്ങൾ രാജ്യത്തിൻറെ വിവിധ ഭാഗാനങ്ങളിലുണ്ട്. 1990- കളിലും പിന്നീടും ഡൽഹിയിൽ കഴിഞ്ഞുകൂടിയിരുന്ന പണ്ഡിറ്റുകളെ കണ്ടിട്ടുണ്ട്. പലരുടെയും വാസം താൽക്കാലിക ടെന്റുകളിൽ. അവർ ചെയ്ത തെറ്റെന്താണ്?. കാശ്മീരി പണ്ഡിറ്റായി ജനിച്ചുപോയി എന്നത് മാത്രം. കാശ്മീരിൽ ഒരു വംശീയ ക്ലീനിങ് നടത്താൻ പാക് ഭീകരർ തീരുമാനിച്ചപ്പോൾ അതിനൊപ്പം നിൽക്കുകയാണ് കാശ്മീർ താഴ്വരയിലെ രാഷ്ട്രീയക്കാർ ചെയ്തത്. തങ്ങളുടെ സ്വത്തുക്കൾ, ക്ഷേത്രങ്ങൾ, കന്നുകാലികൾ ……… അങ്ങിനെ സർവസ്വവും അവർക്ക് ഉപേക്ഷിക്കേണ്ടിവന്നു. ജീവൻ വേണോ അതോ പിറന്ന ഭൂമിയിൽ തന്നെ ജീവിക്കണോ എന്ന ചോദ്യമുയരുമ്പോൾ സ്വാഭാവികമായും ആരും ജീവിക്കാനല്ലേ ആഗ്രഹിക്കൂ. ആ ഒരു വംശീയ ആക്രമണത്തിന് പരിഹാരം നിർദ്ദേശിച്ചിട്ടു കാലമേറെയായി. പണ്ഡിറ്റുകളുടെ പുനരധിവാസം മോഡി സർക്കാർ ഒരു അജണ്ടയാക്കി, അതിന് പണം അനുവദിച്ചു. എന്നിട്ടും അത് ഇനിയും വേണ്ടപോലെയായില്ല. അതാണ് ഈ പത്രപ്രവർത്തകന്റെ ട്വീറ്റിൽ നിഴലിച്ചത്. സൂചിപ്പിച്ചത്, ഈ കേന്ദ്ര സർക്കാരിന്റെ മുന്നിലുള്ള ഒരു പ്രധാന വിഷയത്തെക്കുറിച്ചാണ്.
വേറൊന്ന്, 1947- ലെ വിഭജനത്തിന്റെ വേളയിൽ പാക്കിസ്ഥാനിൽ നിന്ന് എത്തിപ്പെട്ട ഹിന്ദുക്കളുടെ കാര്യമാണ്. അവർക്ക് ഇന്നും അവിടെ വോട്ട് ഇല്ല; അവർക്കവിടെ ഒരു അവകാശവുമില്ല. റോഹിൻഗ്യൻസിനു വേണ്ടി രാപകൽ സംസാരിക്കുന്നവരുള്ള നാട്ടിലാണ് സ്വാതന്ത്ര്യത്തിന്റെ അത്രയും കാലത്തെ അടിമത്തവുമായി കുറെ ആയിരങ്ങൾ ജമ്മുവിലും പരിസരത്തും ഇന്നും ജീവിക്കുന്നത്. കാശ്മീരി പണ്ഡിറ്റുകൾ ജീവനും കൊണ്ട് താഴ്‌വരയിൽ നിന്ന് ഓടിപ്പോയി എങ്കിൽ ഇവർക്ക് അത് വേണ്ടിവന്നില്ല എന്നുമാത്രം. ഏതാണ്ട് ആറായിരത്തിനടുത്ത് കുടുംബങ്ങൾ അവിടെ ഉണ്ട് എന്നാണ് ഒരു ഏകദേശ കണക്ക്; ഒന്നേകാൽ ലക്ഷത്തോളം പേരും. 2014- ലെ പ്രകടന പത്രികയിൽ അവരുടെ കാര്യം ബിജെപി പരാമർശിച്ചിരുന്നു. ഇതും മോഡി സർക്കാരിന്റെ മുന്നിലെ പ്രധാനവിഷയമാണ്. ഇവർക്കൊപ്പം കാണേണ്ട മറ്റു ചിലരുണ്ട്. കശ്മീർ രാജാവിന്റെ സൈനികരായിരുന്ന ഗൂർഖകൾ; അവർ കാശ്മീരിൽ തന്നെയാണ് കുടുംബത്തോടെ താമസം, ദശാബ്ദങ്ങളായിട്ട് . ഫാറൂഖ് അബ്ദുള്ള ഭരണകാലത്ത് അടിച്ചുതളിക്കാരായി കൊണ്ടുവന്നവരാണ് ‘സഫായ് കർമ്മചാരിസ്’ എന്ന് അറിയപ്പെടുന്നവർ. പഞ്ചാബികളാണ് അവരിലേറെയും. എത്രയോ കാലമായി, തലമുറകളായി, അവർ അവിടെ പാർക്കുന്നു. ഇവരുടെ അവസ്ഥയും പടിഞ്ഞാറൻ പാകിസ്ഥാനിൽ നിന്ന് ഓടിയെത്തിയവരുടേതിന് സമാനമാണ്. ഇനി വേറൊന്ന് നോക്കൂ, കാശ്മീരിലുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ ഐഎഎസ്, ഐപിഎസ്, സൈനിക ഉദ്യോഗസ്ഥരുണ്ട്. അവരിൽ ചിലരൊക്കെ സർവീസിന് ശേഷം അവിടെ താമസമാക്കിയിട്ടുണ്ട്. ഇപ്പോൾ ജോലി ചെയ്യുന്നവരുമുണ്ട്. അവർക്കും സമാനമായ അനാഥാവസ്ഥയാണ്. ഇത് ഇപ്പോൾ പരിഹരിച്ചില്ലെങ്കിൽ ഇനി എന്ന് എന്ന് ചോദിക്കുന്നവരെ ഇന്നിപ്പോൾ നമുക്ക് കാണാതെ പോകാനാവുകയില്ല. എന്തായാലും ഈ പാർലമെന്റ് സമ്മേളനകാലത്ത് തന്നെ ഇക്കാര്യത്തിൽ ചില നടപടികൾ ഉണ്ടായി എന്നത് ശുഭസൂചകമാണ്.
അഞ്ചുകൊല്ലം കൊണ്ട് ഇതൊക്കെ പരിഹരിക്കാൻ കഴിഞ്ഞില്ല എന്നത് ശരിയാണ്. അതാണ് കാശ്മീരിലെ സാഹചര്യം. എന്നാൽ അഞ്ചു വര്ഷം കൊണ്ട് എന്തൊക്കെ വലിയ കാര്യങ്ങൾ മോഡി സർക്കാർ ചെയ്തു. കാശ്മീരിലേതിന് നേരത്തെ സൂചിപ്പിച്ചത് പോലെ സ്വാതന്ത്ര്യത്തോളം പഴക്കമുണ്ട്; അത് പരിഹരിക്കാൻ സമയം അഞ്ചു വര്ഷം പോരാ. എന്നാൽ അതിനെക്കുറിച്ചു മനസ്സ് തുറന്നു ചിന്തിക്കാൻ സന്നദ്ധമായ, അതിനായി നടപടികൾ എടുക്കുന്ന ഒരു സർക്കാരായിരുന്നു ഇത് എന്നത് മറന്നും കൂടാ. അടുത്ത വർഷങ്ങളിൽ കാശ്മീരിൽ നമുക്ക് മാറ്റങ്ങൾ കാണാനാവും, സംശയമില്ല.
കാശ്മീരിൽ ഇന്ത്യക്കാരെ ഇന്ത്യക്കാരായി കാണാനും അവർക്കുള്ള അധികാരങ്ങളും അവകാശങ്ങളും സ്വാതന്ത്ര്യവും അനുവദിക്കുന്നതിലും തടസം നിൽക്കുന്നത് ഷെയ്ഖ് അബ്ദുള്ളക്ക് വേണ്ടി പണ്ഡിറ്റ് നെഹ്‌റു ഉണ്ടാക്കിയ ചില വ്യവസ്ഥകളാണ്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ അനുച്ഛേദം 370 , 35എ എന്നിവ. ഇത് മാറ്റുമെന്നത് ബിജെപിയുടെ പ്രഖ്യാപിത നയമാണ്. അതിൽ അനുച്ഛേദം 35എ-യെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീം കോടതി മുന്പാകെയാണ്. അതിൽ എന്താണ് കോടതി പറയുക എന്നത് സർക്കാരിന് അറിയാനുണ്ട്. തീർച്ചയായും അനുച്ഛേദം 35എ ഇല്ലാതായാൽ കാശ്മീരിലെ 90 ശതമാനം പ്രശ്നങ്ങൾ തീരും എന്ന് കരുതുന്ന ഒരാളാണ് ഞാൻ. സൂചിപ്പിച്ചത്, ഇക്കാര്യതിൽ കേന്ദ്രം അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത് എന്ന ആക്ഷേപത്തിൽ കഴമ്പില്ല; അത്യുന്നത നീതിപീഠം പരിശോധിക്കുന്ന ഒരു വിഷയത്തിൽ ഓടിക്കയറി എന്തെങ്കിലും ചെയ്യാൻ സർക്കാരുകൾക്ക് പരിമിതികളുണ്ടല്ലോ. ഭാവാത്മകമായ ഒരു നിലപാട് സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാം.
അനുച്ഛേദം 35എ എന്താണ് എന്നത് പരിശോധിക്കേണ്ടതുണ്ട് . ജമ്മു കാശ്മീരിലെ സ്ഥിരവാസക്കാർ ആരാണ് എന്ന് തീരുമാനിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്നതാണ് അത്. കാശ്മീരിന്റെ പൗരൻ ആരാണ് എന്ന് അവർ നിശ്ചയിക്കുന്നു. ഒരു രാജ്യത്തിനുള്ളിൽ മറ്റൊരു പൗരത്വം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ആ ഗണത്തിൽ പെടുന്നവർക്കേ കാശ്മീരിൽ സർക്കാർ ജോലി ലഭിക്കുകയുള്ളൂ; അവർക്കേ അവിടെ സ്ഥലം സ്വന്തമാക്കാനാവു, വോട്ട് ചെയ്യാനാവൂ, അവർക്കേ സ്കോളർഷിപ്പ്, മറ്റ് സർക്കാർ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കു. രാജ്യത്ത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുകയാണ് അതിലൂടെ ചെയ്തത്. 1950- ൽ ഇന്ത്യൻ ഭരണഘടന രൂപമെടുക്കുമ്പോൾ അതിൽ ഉൾപ്പെടുത്താൻ കഴിയാതെപോയത് പിൻവാതിലിലൂടെ ഷെയ്ഖ് അബ്ദുള്ളക്ക് പണ്ഡിറ്റ് നെഹ്‌റു സ്വർണ്ണ തളികയിൽ സമ്മാനിക്കുകയായിരുന്നു എന്ന് വ്യക്തം. പാർലമെന്റ് അംഗീകരിക്കാതെ ഒരു എക്സിക്യൂട്ടീവ് ഓർഡറിലൂടെയാണ് ഇത് നെഹ്‌റു സർക്കാർ കൊണ്ടുവന്നത്. ഡോ. രാജേന്ദ പ്രസാദ് ആയിരുന്നു അന്ന് രാഷ്‌ട്രപതി. അദ്ദേഹം രാജ്യതാല്പര്യം മറന്നുകൊണ്ട് നെഹ്രുവിന്റെ താളത്തിനൊത്ത് തുള്ളി എന്നു പറയേണ്ടിവരും . അനുച്ഛേദം 370 തന്നെ താൽക്കാലികമാണ് എന്നതായിരുന്നു ഭരണഘടനാ നിർമ്മാണ സഭയിലെ സമവായം. അത് ഇന്ത്യൻ ഭരണഘടനയിൽ എഴുതിവെച്ചിട്ടുമുണ്ട്. അത്തരത്തിൽ താൽക്കാലികമായിട്ടുള്ള ഒരു അനുച്ഛേദത്തിന്റെ മറവിൽ രാജ്യത്തെ വിഭജിക്കുന്ന മറ്റൊരു ഭരണഘടനാ വ്യവസ്ഥ നെഹ്‌റു കൊണ്ടുവന്നു. അനുച്ഛേദം 368(1) പ്രകാരം പാർലമെന്റിന് മാത്രമേ ഭരണഘടന ഭേദഗതി ചെയ്യാൻ അധികാരമുള്ളൂ. അവിടെയാണ് ഇത്തരത്തിലൊന്ന് നെഹ്‌റു ചെയ്തുകൂട്ടിയത്. കാശ്മീർ രാജ്യത്തെ, ഒരു വ്യവസ്ഥയുമില്ലാതെ, ഇന്ത്യയിൽ ലയിപ്പിച്ച ഹരി സിങ് മഹാരാജാവ് ചിന്തിക്കാത്തത്, എന്തിനാണ് നെഹ്‌റു അനുവദിച്ചത് എന്നത് ഇന്നും ദുരൂഹമാണ്. അത്രമാത്രം അപകടകരമായിരുന്നു ഷെയ്ഖ് അബ്ദുള്ള – നെഹ്‌റു ബന്ധം എന്നതാണ് ഓർക്കേണ്ടത്.
യഥാർഥത്തിൽ അനുച്ഛേദം 35എ നീക്കം ചെയ്യപ്പെട്ടാൽ, നേരത്തെ സൂചിപ്പിച്ച, കശ്മീരിന്റെ ബഹുഭൂരിപക്ഷം പ്രശ്നങ്ങൾക്കും പരിഹാരമാവും. അത് നീക്കം ചെയ്യാൻ ഒരു സർക്കാർ ഉത്തരവ് മതിയാവും എന്നതാണ് പല വിദഗ്ദ്ധരും ചൂണ്ടിക്കാണിച്ചത്. കാരണം പാർലമെന്റിൽ ഭരണഘടന ഭേദഗതി ചെയ്യുന്നത് പോലെയല്ല അത് ഭരണഘടനയിൽ ചേർത്തത്. നേരത്തെ സൂചിപ്പിച്ചത് പോലെ, അന്ന് രാഷ്ട്രപതി ഒരു ഉത്തരവിലൂടെ അത് കൊണ്ടുവന്നുവെങ്കിൽ ഇന്ന് രാഷ്ട്രപതിക്ക് അത് അതുപോലെ നീക്കം ചെയ്യുകയുമാവാം എന്നതാണ് ചിന്ത. അപ്പോഴാണ് ആ പ്രശ്നം കോടതിയിലെത്തിയത്. സുപ്രീം കോടതി അക്കാര്യം അനുകൂലമായി തീരുമാനിച്ചാൽ പിന്നെ പ്രശ്നമില്ലല്ലോ. കോടതിവിധിക്കായി സർക്കാർ കാത്തിരിക്കുന്നു എന്നെ ഇപ്പോൾ കരുതേണ്ടതുള്ളൂ.
കാശ്മീരിൽ ഇന്നിപ്പോൾ രാഷ്‌ട്രപതി ഭരണമാണ്. അത് ജൂലൈ ആദ്യം അവസാനിക്കും. ആറ് മാസത്തേക്ക് കൂടി രാഷ്‌ട്രപതി ഭരണം ദീർഘിപ്പിക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. അതിനകം തിരഞ്ഞെടുപ്പ് നടത്താൻ കഴിയും. അതുകൊണ്ട്, അടുത്ത ആറു മാസക്കാലത്ത് ചിലതൊക്കെ പ്രതീക്ഷിക്കാം. വേറൊന്ന്, പ്രസിദ്ധമായ അമർനാഥ് തീർത്ഥാടനം തുടങ്ങേണ്ട സമയമാണിത്. ജൂലൈ ഒന്ന് മുതൽ കശ്മീർ ഹിമ ശൃംഗങ്ങളിൽ ‘ഓം നമഃശിവായ, ഹരഹര മഹാദേവ’ തുടങ്ങിയ നാമജപ ഘോഷമാണ് ഉയർന്നു കേൾക്കുന്നത്. 46 നാൾ നീളുന്നതാണ് ഈ ഭക്തജന പ്രവാഹം. അതിനുള്ള തയ്യാറെടുപ്പുകൾ നേരത്തെ തന്നെ സംസ്ഥാന സർക്കാരും സൈന്യവും സുരക്ഷാ ഏജൻസികളും ഏറെക്കുറെ പൂർത്തിയാക്കിയിരുന്നു. 40,000 സുരക്ഷാ ഭടന്മാരെയാണ് അതിനായി നിയോഗിച്ചിരിക്കുന്നത്. പാക് ഭീകരർ ഇത്തവണയും തീർത്ഥാടകർക്കെതിരെ തിരിയാനിടയുണ്ട് എന്നത് സർക്കാരിനറിയാം. കഴിഞ്ഞ വര്ഷങ്ങളിലൊക്കെ കനത്ത സുരക്ഷക്കിടയിലും അവർ ചാവേറുകളായെത്തി കുഴപ്പമുണ്ടാക്കിയതാണ്. ഇന്നിപ്പോൾ കാശ്മീർ സർക്കാരിന്റെ പ്രധാന അജണ്ട ഈ തീർത്ഥാടനം സുഗമമായി നടത്തുക എന്നതാണ്. അതിനുശേഷമാവും മറ്റു കാര്യങ്ങളിലേക്ക് കടക്കുക എന്നതാണ് വിലയിരുത്തൽ.
ജമ്മു കശ്മീരിലെ മറ്റൊരു പ്രധാന പ്രശ്നം അവിടത്തെ നിയോജക മണ്ഡലങ്ങളുടെ പുനർനിർണയം യഥാസമയം നടക്കാത്തതാണ്. 1951 -ൽ തന്നെ അവിടത്തെ കാര്യങ്ങൾ തീരുമാനിക്കാൻ നെഹ്‌റു സർക്കാർ ഷെയ്ഖ് അബ്ദുള്ളയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇന്ത്യയിൽ മണ്ഡല പുനർനിർണയം നടന്നത് 1952 -ലാണ്. അതിന് മുൻപായി കാശ്മീരിൽ എത്ര മണ്ഡലം വേണം, അത് എവിടെ എന്തൊക്കെ എന്ന് ഷെയ്ഖ് അബ്ദുള്ള തീരുമാനിച്ചിരുന്നു എന്നർത്ഥം. നൂറ് നിയമസഭാ മണ്ഡലങ്ങൾ; അതിൽ 43 എണ്ണം കാശ്മീർ താഴ്‌വരയിൽ; വെറും രണ്ടെണ്ണം ലഡാക്കിൽ; മുപ്പത് ജമ്മു മേഖലയിൽ. പാക് അധീന കാശ്മീരിൽ 25 എണ്ണവും. പിഒകെ ഒഴിവാക്കി 75 മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പും. അതായാത് മുസ്ലിം ഭൂരിപക്ഷമുള്ള താഴ്വരക്ക് വാരിക്കോരി കൊടുക്കുന്ന സമ്പ്രദായം തുടങ്ങിവെച്ചത് നെഹ്രുവാണ്, ഷെയ്ഖ് അബ്ദുള്ളയാണ്. 1962, 1972, 2002 എന്നീ വർഷങ്ങളിലൊക്കെ മണ്ഡല പുനർനിർണയം നടന്നുവെങ്കിലും ജമ്മു കാശ്മീരിൽ നീതിപൂർവം കാര്യങ്ങൾ നടന്നില്ല. 1993 ൽ ജഗ്‌മോഹൻ ഗവര്ണറായിരിക്കെ മണ്ഡലങ്ങൾ മാറ്റി കുറിച്ചിരുന്നു. അതായത് അന്ന് മണ്ഡലങ്ങളുടെ എണ്ണം 111 ആക്കി. പിഒകെ -യിൽ 24 , താഴ്‌വരയിൽ 46 , ലഡാക്കിൽ നാല്, ജമ്മു മേഖലയിൽ 37 എന്നിങ്ങനെ. അതും യാഥാർഥ്യ ബോധത്തോടെയോ സത്യസന്ധമായിട്ടോ ആയിരുന്നില്ല.
2015 ലെ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ ഉണ്ടായിരുന്ന വോട്ടർമാരുടെ എണ്ണം നോക്കിയാൽ ക്രമക്കേടുകൾ, കുഴപ്പങ്ങൾ എളുപ്പത്തിൽ മനസിലാവും. കാശ്മീർ താഴ്വരയിലെ 22 മണ്ഡലങ്ങളിൽ താരതമ്യേന വോട്ടർമാരുടെ എണ്ണം കുറവായിരുന്നു. ഉദാഹരണമായി ഒരു മണ്ഡലത്തിൽ ഉണ്ടായിരുന്ന അകെ വോട്ടർമാർ 17,554 മാത്രം; മറ്റൊരിടത്ത് അത് 32,794, പിന്നെ 50,843 , 54484 എന്നിങ്ങനെ. ലേ -യിലെ ഒരു മണ്ഡലത്തിൽ അതെ സമയമുള്ളത് 67,736 വോട്ടർമാർ. ഇനി ജമ്മു മേഖലയിലേക്ക് വന്നാലോ?. അവിടത്തെ ജമ്മു വെസ്റ്റ് മണ്ഡലത്തിലുണ്ടായിരുന്നത് 1,51,311 വോട്ടർമാരാണ്; ഗാന്ധിനഗർ മണ്ഡലത്തിലേത് 1,66,133 വോട്ടർമാർ, രജൗരിയിൽ അത് 1,12,732 ആയിരുന്നു. സൂചിപ്പിച്ചത്, ജമ്മുവിലെ ഒരു നിയമസഭാ മണ്ഡലത്തെ മൂന്നും നാലുമാക്കി വിഭജിക്കേണ്ടത് ഒഴിവാക്കപ്പെടുകയാണ് ചെയ്തത്. കുറച്ചുമാത്രം വോട്ടുള്ള താഴ്വരക്ക് കൂടുതൽ മണ്ഡലങ്ങൾ നൽകുകയും ചെയ്തു. യഥാർഥത്തിൽ മണ്ഡല പുനർനിർണയം നടന്നാൽ ജമ്മു മേഖലക്കാവും കൂടുതൽ മണ്ഡലങ്ങൾ ലഭിക്കുക; അതായത് ഹിന്ദു മേഖലയിൽ നിന്ന് കൂടുതൽ എംഎൽഎ-മാരുണ്ടാവും. ഒരു കണക്കനുസരിച്ച്, ഇത്തരത്തിൽ കാര്യങ്ങൾ നടന്നാൽ, ജമ്മുവിൽ 50 മണ്ഡലങ്ങൾ ഉണ്ടാവും. കാശ്മീർ താഴ്വരയിലേത് കുറയും; ലഡാക്കിലും മണ്ഡലം കൂടും. മാത്രമല്ല അവിടെ ഇന്നിപ്പോൾ പട്ടികജാതി, പട്ടിക വർഗ സംവരണ മണ്ഡലങ്ങളില്ല; അതൊക്കെയും കാശ്മീർ താഴ്‌വരയിൽ ഉണ്ടാവും. അതായത് കാശ്മീരിന്റെ സ്വാഭാവം തന്നെ മാറ്റിമറിക്കുന്നതാവും ഫലം.
2002 ൽ രാജ്യമെമ്പാടും മണ്ഡല പുനർനിർണയം നടത്തിയത് ജസ്റ്റിസ് കുൽദീപ് സിങ് കമ്മീഷനാണ്. എന്നാൽ ആ കമ്മീഷന്റെ പരിധിയിൽ നിന്നും കാശ്മീർ ഒഴിവാക്കപ്പെട്ടു. അതിനായി കാശ്മീർ സർക്കാർ ഉത്തരവിറക്കി; നിയമസഭ കാശ്മീരിലെ ഭരണഘടന അതിനനുസൃതമായി ഭേദഗതിയും ചെയ്തു. അത് പ്രകാരം അവിടെ ഇനി 2026- ൽ മാത്രമേ മണ്ഡല പുനർനിർണയം നടക്കാവൂ. ഫാറൂഖ് അബ്ദുള്ള സർക്കാരിന്റെ കാലത്താണ് ഈ ഭേദഗതികൾ നടത്തിയത് എന്നതുമോർക്കുക. ഇക്കാര്യത്തിലും ചില നടപടികൾ ഇനിയുള്ള നാളുകളിൽ ബിജെപി സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഇതുവരെ ഇക്കാര്യം ആലോചിച്ചിട്ടില്ല എന്നതാണ് കേന്ദ്ര സർക്കാരും സംസ്ഥാന ഗവർണറും പറഞ്ഞിട്ടുള്ളത്. ഇതുവരെ തീരുമാനമായിട്ടില്ല എന്നതേ അതുകൊണ്ട് അർത്ഥമാക്കേണ്ടതുള്ളൂ എന്ന് കരുതുന്ന ഒരാളാണ് ഞാൻ. പിന്നെ ഒരു പ്രശ്നമുണ്ട്. 2002 ൽ മണ്ഡല പുനർനിർണയം വേണ്ടെന്ന് വെച്ചത് ചോദ്യം ചെയ്തുകൊണ്ട് ചിലർ കോടതിയിൽ പോയിരുന്നു; അന്ന് ആ നടപടിയെ സുപ്രീം കോടതി ശരിവെച്ചു. അപ്പോൾ ഇനി എന്തെങ്കിലും അക്കാര്യത്തിൽ ചെയ്യണമെങ്കിൽ കോടതിയുടെ അനുമതി വേണമെന്ന വാദവുമുണ്ട്. അതൊക്കെ സർക്കാരും കാശ്മീർ ഗവർണറും വേണ്ടവിധത്തിൽ വേണ്ട സമയത്ത് പരിശോധിക്കും എന്ന് കരുതാം. ജമ്മു കാശ്മീരിനെ നാളെകളിൽ ഇന്ത്യയോട് ചേർത്ത് നിർത്തുന്നതിലും അവിടത്തെ ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എന്നെന്നേക്കുമായി അറുതി വരുത്തുന്നതിലും ഈ മണ്ഡല പുനര്നിര്ണയത്തിനും വലിയ റോളുണ്ട് എന്നത് മറന്നുകൂടല്ലോ.
Post Your Comments