IndiaNews

ഡല്‍ഹി കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്; ഷീല ദീക്ഷിതിനെതിരെ ഒരു വിഭാഗം

 

നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഡല്‍ഹി പി.സി.സിയില്‍ നേതാക്കളുടെ തമ്മില്‍ തല്ല് തുടരുന്നു. ജില്ലാ – ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ച് വിട്ട് നിരീക്ഷകരെ നിയമിച്ച അധ്യക്ഷ ഷീല ദീക്ഷിതിന്റെ തീരുമാനം ഏകപക്ഷീയമായിരുന്നുവെന്ന് പി.സി ചാക്കോ. ഡല്‍ഹി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി 29 മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിക്കേണ്ട സമയം കഴിഞ്ഞു. അപ്പോഴും പി.സി.സിയിലെ നേതൃ തര്‍ക്കങ്ങളില്‍ പരിഹാരമായിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി – കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകളോടെയാണ് തര്‍ക്കം രൂക്ഷമായത്. സഖ്യം വേണ്ടെന്ന് വാദിച്ചവര്‍ അധ്യക്ഷ ഷീലാ ദീക്ഷിതിനൊപ്പവും ശേഷിച്ചവര്‍ ഡല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോക്കൊപ്പവും അണിനിരന്നു.

തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റും ബി.ജെ.പി നേടിയതോടെ തര്‍ക്കം ഉച്ചസ്ഥായിയിലെത്തി. തൊട്ട് പിന്നാലെ കൂടിയാലോചന കൂടാതെ 14 ജില്ലാ കമ്മിറ്റികളും 280 ബ്ലോക്ക് കമ്മിറ്റികളും ഷീലാ ദീക്ഷിത് പിരിച്ചുവിട്ടു. ഈ കമ്മിറ്റികള്‍ക്ക് പകരമായി നിരീക്ഷകരെയും നിയമിച്ചു. ഇതാണ് നിലവില്‍ പ്രതിഷേധം ശക്തമാക്കിയത്. കൂടിയാലോചനകള്‍ കൂടാതെ ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത് എങ്ങനെയെന്ന് ചോദിച്ച് വര്‍ക്കിങ് പ്രസിഡണ്ടുമാരും പി.സി ചാക്കോയും ഷീല ദീക്ഷിതിന് കത്തയച്ചു.

കത്ത് ലഭിച്ചിട്ടില്ലെന്നാണ് ഷീലാ ദീക്ഷിതിന്റെ ഓഫീസിന്റെ മറുപടി. തുടര്‍ന്നാണ് 29 മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചത്. നിലവില്‍ ഷീലാ ദിക്ഷിത് ചികിത്സയിലാണെന്നിരിക്കെ പാര്‍ട്ടിയെ നയിക്കുന്നതിനും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും അധികാരം ആര്‍ക്കാണ് എന്നതില്‍ അവ്യക്തതയുണ്ട് എന്ന് കാണിച്ചാണ് കത്ത്. ഷീലാ ദീക്ഷിതിന്റെ നീക്കങ്ങള്‍ പലതും ബി.ജെ.പിയെയും ആം ആദ്മി പാര്‍ട്ടിയെയും സഹായിക്കുന്നതാണെന്നും കത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button