ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിറകെ കോണ്‍ഗ്രസിന് തിരിച്ചടിയായി കടുത്ത സാമ്പത്തിക പ്രതിസന്ധിയും. ഇതേ തുടര്‍ന്ന് ശമ്പളം മുടങ്ങുമോയെന്ന ആശങ്കയിലാണ് എഐസിസി ജീവനക്കാര്‍. ഇപ്പോള്‍ നേരിടുന്ന കനത്ത ആഘാതത്തെ മറികടക്കാന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ഉള്‍പ്പെടെയുള്ള ഘടകങ്ങളോട് ചെലവ് ചുരുക്കാന്‍ നിര്‍ദ്ദേശം നല്‍കി. യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, വിദ്യാര്‍ത്ഥി യൂണിയന്‍ എന്നീ ഘടകങ്ങളോട് പരമാവധി ചെലവു ചുരുക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുള്ളത്.
കര്‍ണ്ണാടക, ഗോവ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടയിലാണ് ഇരുട്ടടിയായി സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നത്. തുടര്‍ച്ചയായി രണ്ടാം തവണയും ലോക്സഭയില്‍ കോണ്‍ഗ്രസ് തകര്‍ന്നതും രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലത്തില്‍ പോലും പരാജയപ്പെട്ട് രാജി വെച്ചതുമൊക്കെയാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം വിരലിലെണ്ണാവുന്നതായി കുറഞ്ഞതും തിരിച്ചടിയായി കണക്കാക്കപ്പെടുന്നു.
എഐസിസി ഓഫീസില്‍ ജോലി ചെയ്യുന്ന നൂറ്റമ്പതോളം ജീവനക്കാരില്‍ നൂറിലധികം പേരും സ്ഥിരം ജീവനക്കാരാണ്. സ്ഥിരം ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നില്ലെങ്കിലും താല്‍ക്കാലിക ജീവനക്കാരില്‍ പലരുടേയും ശമ്പളത്തില്‍ മൂന്നുമാസത്തെ വരെ കുടിശികയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments