റിയാദ്: വിദേശികളായ അക്കൗണ്ടന്റുമാര്‍ക്ക് സൗദി അറേബ്യയില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. അക്കൗണ്ടിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാനും സ്വദേശിവത്കരണം നടപ്പാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യാനുമാണ് ഇത്തരത്തില്‍ ഒരു നടപടിക്കൊരുങ്ങുന്നത്. അക്കൗണ്ടിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും രജിസ്‌ട്രേഷന്‍ സംവിധാനം സഹായിക്കുമെന്ന് സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് വ്യക്താവ് അബ്ദുള്ള അല്‍ രാജ്ഹി പറഞ്ഞു.
സൗദിയില്‍ ജോലിചെയ്യുന്ന വിദേശികളായ മുഴുവന്‍ അക്കൗണ്ടന്റുമാര്‍ക്കും ഓഡിറ്റര്‍മാര്‍ക്കും പ്രൊഫഷണല്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാനാണ് അധികൃതരുടെ നീക്കം. തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയവുമായി സഹകരിച്ചു പദ്ധതി നടപ്പിലാക്കാനാണ് സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സ് ആലോചിക്കുന്നത്.വ്യാജ സര്‍ട്ടിഫിക്കേറ്റുകള്‍ ഉപയോഗിച്ച് അക്കൗണ്ടന്റുമാരായും ഓഡിറ്റര്‍മാരായും ജോലി ചെയ്യുന്നവരെ കണ്ടെത്താനും വ്യാജ സര്‍ട്ടിഫിക്കേറ്റുകള്‍ ഉപയോഗിച്ചു സൗദിയില്‍ ജോലിക്കായി ശ്രമിക്കുന്നവരെ പിടികൂടാനും ഇതിലൂടെ കഴിയും. ആവശ്യമായ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ലഭ്യമാക്കി ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Post Your Comments