തൊടുപുഴ: ജില്ലിയിലെ പ്ലാസ്റ്റിക്- റീ സൈക്ലിങ് പാര്‍ക്കിനായുള്ള സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായി. പാരിസ്ഥിതിക നിയമപ്രകാരമുള്ള മാലിന്യ നിര്‍മാര്‍ജന ജില്ലാതല സമിതിയുടെ പ്രഥമയോഗത്തിലാണ് കലക്ടര്‍ എച്ച് ദിനേശന്‍ ഇക്കാര്യം അറിയിച്ചത്. കുമളി, നെടുങ്കണ്ടം, അടിമാലി പഞ്ചായത്തുകളില്‍ പാരിസ്ഥിതിക നിയമപ്രകാരമുള്ള മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ മുന്നേറുകയാണ്. ആറുമാസത്തിനകം ഈ പഞ്ചായത്തുകളില്‍ പാരിസ്ഥിതിക നിയമങ്ങള്‍ അനുശാസിക്കുന്ന എല്ലാ നടപടികളും സംവിധാനങ്ങളും ഒരുക്കാനാണ് തീരുമാനം. ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും പദ്ധതി നടപ്പിലാക്കും. മാലിന്യങ്ങള്‍ വന്‍തോതില്‍ വനമേഖലയില്‍ തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന പാരിസ്ഥിതിക നിയമാവലോകന സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള പറഞ്ഞു.
മാലിന്യം തള്ളുന്നത് തടയാന്‍ വനംവകുപ്പ് ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ആശുപത്രിയിലെ ജൈവ മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതിന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നടപ്പാക്കിയ സംവിധാനം മാതൃകയാക്കാമെന്ന് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. എല്ലാ മാസവും മൂന്നാമത്തെ ആഴ്ചയില്‍ സമിതി യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും.
Post Your Comments