റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ജാമ്യം. ദേവ്ഘര്‍ ട്രഷറിയില്‍ നിന്ന് അനധികൃതമായി 89.27 ലക്ഷം പിന്‍വലിച്ചുവെന്ന കേസില്‍ ശിക്ഷാ കാലാവധിയായ മൂന്നര വര്‍ഷത്തിന്റെ പകുതി ജയിലില്‍ കഴിഞ്ഞുവെന്ന വസ്തുത പരിഗണിച്ചാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ദേവ്ഘര്‍, ദുംക, ചൈബാസ ട്രഷറികളില്‍ നിന്ന് പണം പിന്‍വലിച്ച നാലു കേസുകളില്‍ ലാലു ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ദേവ്ഘറിനു പുറമെ ചൈബാസയിലെ രണ്ട് കേസുകളില്‍ ഒന്നിലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ വ്യാജരേഖകള്‍ ചമച്ച് പണം തട്ടിയെടുത്തുവെന്നാണ് ലാലുവിനെതിരായ കേസ്. 2017 ഡിസംബര്‍ മുതല്‍ ജയിലിലായിരുന്ന അദ്ദേഹം നിലവില്‍ ചികിത്സയിലാണ്. മറ്റു കേസുകളില്‍ കൂടി ശിക്ഷിക്കപ്പെട്ടതിനാല്‍ അദ്ദേഹത്തിന് പുറത്തിറങ്ങാനാവില്ല.
ബിഹാറിലെ വിവിധ ട്രഷറികളില്‍ നിന്ന് വ്യാജരേഖയുണ്ടാക്കി ഉദ്യോഗസ്ഥര്‍ പണം തട്ടിയത് മുഖ്യമന്ത്രിയായിരുന്ന ലാലുവിന്റെ അറിവോടെയായിരുന്നു എന്നാണ് അദ്ദേഹത്തിനെതിരായ കേസ്. എന്നാല്‍, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ആദ്യം നടപടിയെടുത്തത് താനാണെന്നും കേസുകള്‍ തന്നെ ഒതുക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്നും ലാലു പറയുന്നു.
Post Your Comments