നെടുങ്കണ്ടം: കരിങ്കല്‍ ക്വാറിയില്‍ നിന്നും ജലറ്റിന് സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും അടക്കമുള്ള സ്ഫോടക വസ്തുക്കള്‍ മോഷണം പോയതായി പരാതി. കേരള-തമിഴ്നാട് അതിര്‍ത്തി വനമേഖലയിലെ ചതുരംഗപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ നിന്നാണ് 1000 സ്ഫോടകവസ്തുക്കളും പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന വെടിക്കോപ്പുകളും കാണാതായത്. ഇവയില്‍ 800 ജലറ്റിന് സ്റ്റിക്കുകളും 200 ഡിറ്റനേറ്ററുകളും പാറ പൊട്ടിക്കുന്ന വിവിധ തരത്തിലുള്ള വെടിക്കോപ്പുകളുമുണ്ടെന്നാണ് പരാതി. 30,000 രൂപ വിലപിടിപ്പുള്ള പാറ പൊട്ടിക്കുന്ന ഉപകരണങ്ങളാണു കാണാതായെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം. സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. പൊലീസ് പരിശോധനയില്‍ സംഭവസ്ഥലത്തുനിന്നും രണ്ടുപേരുടെ ബൂട്ട് പ്രിന്റുകളും തമിഴ്നാട് വനമേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കടലാസ് കഷണങ്ങളും കണ്ടെത്തി. മോഷ്ടിച്ച ഡിറ്റനേറ്ററുകളും മറ്റും വനത്തിനുള്ളിലേക്കു കടത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. കരിങ്കല്‍ ക്വാറി ഉടമയുടെ പരാതിയെത്തുടര്‍ന്നു ജില്ലാ പൊലീസ് മേധാവി ടി.നാരായണന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
പാറമടയ്ക്കു സമീപം 200 മീറ്റര്‍ മാറി സ്ഫോടകവസ്തുക്കള്‍ ശേഖരിച്ചിരുന്ന മുറിയുടെ പൂട്ടു തകര്‍ത്താണു സ്ഫോടക വസ്തുക്കള്‍ മോഷ്ടിച്ചത്. സംഭവം നടന്ന ദിവസം പുലര്‍ച്ചെ 2 ബൈക്കുകളില്‍ 4 പേരും തൊട്ടുപിന്നിലായി ഒരു ജീപ്പും പാറമടയില്‍ എത്തിയതായി ഒരു വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഇവര്‍ ഒരു മണിക്കൂറിനു ശേഷം മടങ്ങിപ്പോയതായും ഈ ദൃശ്യങ്ങളിലുണ്ട്. 3 വര്‍ഷം മുന്‍പു നെടുങ്കണ്ടം പാമ്പാടുംപാറയില്‍ നിന്നു മാവോയിസ്റ്റ് നേതാവിനെ പൊലീസ് പിടികൂടിയിരുന്നു. പാറമടയെക്കുറിച്ചു വ്യക്തമായി അറിയാവുന്നവരാണ് ഈ കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം.
സംഭവത്തെ തുടര്‍ന്ന്, ജില്ലാ ഡോഗ് സ്ക്വാഡിന്റെ ട്രാക്കര്‍ ഡോഗ് ആയ സ്റ്റെഫിയെ സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തിയിരുന്നു. ജില്ലയിലെ സുരക്ഷയും പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ഉടുമ്പന്‍ചോല സിഐ അനില്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ചു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. സുരക്ഷിതമായ കേന്ദ്രത്തിലാണു ജലറ്റിന് സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും സൂക്ഷിച്ചിരുന്നത്. ഇവ ഐഎസ് ഭീകരരോ മാവോയിസ്റ്റുകളോ മോഷ്ടിച്ചിരിക്കാമെന്ന സംശയത്തെത്തുടര്‍ന്നാണു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്.
Post Your Comments