KeralaLatest News

വൈകിവന്ന വസന്തം; മൂന്നാര്‍ മലനിരകളില്‍ ‘ക്രൊക്കോസ്മിയ’ പൂവിട്ടു

കടുംചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളില്‍ ചേര്‍ന്ന് തീ പോലെ തോന്നിപ്പിക്കുന്നതിനാല്‍ ഫയര്‍ കിംഗ്, ഫയര്‍ സ്റ്റാര്‍ എന്നിങ്ങനെയും ഈ പൂക്കള്‍ അറിയപ്പെടുന്നു

ഇടുക്കി: നീലക്കുറിഞ്ഞിയും ജക്രാന്തയമൊന്നുമല്ല, മൂന്നാര്‍ മലനിരകളിലെ ഇപ്പോഴത്തെ താരം ക്രൊക്കോസ്മിയ പൂക്കളാണ്. വര്‍ണ്ണവസന്തമൊരുക്കുന്ന മൂന്നാറില്‍ അപൂര്‍വ്വതയുടെ മിഴിച്ചെപ്പ് തുറന്ന് ക്രൊക്കോസ്മിയ വസന്തം വിരുന്നെത്തിയത് അല്‍പ്പം വൈകിയാണെന്ന് മാത്രം. മധ്യവേനലില്‍ പൂക്കുന്ന ക്രൊക്കോസ്മിയ പൂക്കള്‍ പക്ഷേ മഴക്കാലം പാതി പിന്നിട്ടപ്പോഴാണ് പൂത്തത്. മൂന്നാര്‍ ടൗണിനോട് ചേര്‍ന്നുള്ള മൗണ്ട് കാര്‍മ്മല്‍ ദേവാലയത്തിന്റെ സമീപത്തുള്ള ചെരിവിലാണ് ഈ പൂക്കള്‍ കാഴ്ചയുടെ നിറവസന്തമൊരുക്കുന്നത്. വര്‍ണ്ണാഭമായ ഓറഞ്ച്. കടുംചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളില്‍ ചേര്‍ന്ന് തീ പോലെ തോന്നിപ്പിക്കുന്നതിനാല്‍ ഫയര്‍ കിംഗ്, ഫയര്‍ സ്റ്റാര്‍ എന്നിങ്ങനെയും ഈ പൂക്കള്‍ അറിയപ്പെടുന്നു.

ഐറിസ് കുടുംബത്തിലെ ഇറിഡേസിയ വിഭാഗത്തിലുള്ള പൂച്ചെടികളുടെ ഒരു ചെറിയ ജനുസ്സാണ് ക്രോക്കോസ്മിയ. ഉണങ്ങിയ ഇലകളില്‍ നിന്ന് കുങ്കുമം പോലെ ശക്തമായ മണം ഇവയ്ക്കുണ്ട്. ഗ്രീക്ക് പദങ്ങളായ ക്രോക്കോസ്, ‘കുങ്കുമം’, ‘ദുര്‍ഗന്ധം’ എന്നര്‍ത്ഥമുള്ള ഓസ്മെ എന്നിവയില്‍ നിന്നാണ് ഈ ചെടിക്ക് പേര് കിട്ടിയത്. മോണ്ട്ബ്രെഷ്യ എന്ന പേരിലും ഈ പൂക്കള്‍ അറിയപ്പെടുന്നുണ്ട്.

മലനിരകളില്‍ വ്യാപകമായി പൂത്ത് നില്‍ക്കുന്ന ക്രൊക്കോസ്മിയ പൂക്കള്‍ ദൂരെ നിന്ന് കാണുമ്പോള്‍ തീ പടര്‍ന്നു പിടിച്ചതു പോലെയുള്ള കാഴ്ചയാണ്. വാള്‍ ആകൃതിയിലുള്ള ഇലകളോട് കൂടിയ പൂക്കള്‍ മുപ്പത് മുതല്‍ നൂറ്റിയമ്പത് സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. ദക്ഷിണാഫ്രിക്ക മുതല്‍ സുഡാന്‍ വരെയുള്ള തെക്ക് കിഴക്കന്‍ ആഫ്രിക്കയിലെ പുല്‍മേടുകളിലാണ് ഇത്തരം പൂക്കള്‍ വ്യാപകമായി കാണപ്പെടാറ്. പൂന്തോട്ടങ്ങളില്‍ അലങ്കാര പൂക്കളായും വേലികള്‍ക്കായും ഇവ ഉപയോഗിക്കാറുണ്ട്. പ്രാണികള്‍, പക്ഷികള്‍, കാറ്റ് എന്നിവ വഴിയാണ് പ്രധാനമായും പരാഗണം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button