കൊച്ചി: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എറണാകുളം—ചെന്നൈ, എറണാകുളം—വേളാങ്കണ്ണി പാതയില്‍ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. എറണാകുളം ജങ്ഷന്‍–ചെന്നൈ സെന്‍ട്രല്‍ പ്രത്യേക പ്രതിവാര എക്‌സ്പ്രസ് (06038) ഈ മാസത്തെ ഞായറാഴ്ചകളില്‍ രാത്രി ഏഴിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.20ന് ചെന്നൈ സെന്‍ട്രലിലെത്തും. ചെന്നൈ സെന്‍ട്രല്‍—എറണാകുളം ജങ്ഷന്‍ പ്രത്യേക പ്രതിവാര ട്രെയിന്‍ (06037) ഈ മാസത്തെ വെള്ളിയാഴ്ചകളില്‍ രാത്രി 8.10ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 8.45ന് എറണാകുളത്തെത്തും. 12 സ്ലീപ്പര്‍ ക്ലാസും നാല് എസി കോച്ചുകളുമുള്ള ട്രെയിനില്‍ ജനറല്‍ കോച്ചുകളുണ്ടാകില്ല.
പാലക്കാട്, തൃശൂര്‍, ആലുവ എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്‌റ്റോപ്പുകള്‍. ചെന്നൈ സെന്‍ട്രല്‍—എറണാകുളം ജങ്ഷന്‍ (06037) സര്‍വീസിന് എറണാകുളം ടൗണിലും (നോര്‍ത്ത്) സ്‌റ്റോപ്പ് ഉണ്ടാകും.
നിലവില്‍ പ്രത്യേക സര്‍വീസ് നടത്തുന്ന എറണാകുളം—വേളാങ്കണ്ണി ട്രെയിനുകള്‍ ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലും സര്‍വീസ് തുടരും. ആഗസ്ത് 3, 10, 17, 24, 31, സെപ്തംബര്‍ 7, 14, 21, 28 തീയതികളില്‍ (എല്ലാ ശനിയാഴ്ചകളിലും) പകല്‍ 11ന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന എറണാകുളം—വേളാങ്കണ്ണി പ്രത്യേക ട്രെയിന്‍ (06015) പിറ്റേ ദിവസം രാവിലെ ഏഴിന് വേളാങ്കണ്ണിയിലെത്തും. എല്ലാ ഞായറാഴ്ചകളിലുമാണ് എറണാകുളത്തേക്കുള്ള മടക്ക സര്‍വീസ്.
ആഗസ്ത് 4, 11, 18, 25, സെപ്തംബര്‍ 1, 8, 15, 22, 29 തീയതികളില്‍ വൈകിട്ട് 6.15ന് വേളാങ്കണ്ണിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06016) പിറ്റേന്ന് പകല്‍ രണ്ടിന് എറണാകുളം ജങ്ഷനിലെത്തും. മൂന്ന് എസി കോച്ചുകള്‍ക്കും ഏഴ് സ്ലീപ്പര്‍ കോച്ചുകള്‍ക്കും പുറമെ രണ്ട് ജനറല്‍ ക്ലാസ് കോച്ചുകളും ട്രെയിനില്‍ ഉണ്ടാകും. തൃപ്പൂണിത്തുറ, കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍ എന്നീ സ്‌റ്റേഷനുകളിലാണ് കേരളത്തിലെ സ്‌റ്റോപ്പുകള്‍.
Post Your Comments