Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

ഇറിഡിയം നല്‍കാമെന്ന് വാഗ്ധാനം; ലക്ഷങ്ങളുടെ തട്ടിപ്പില്‍ കുടുങ്ങി മലപ്പുറം സ്വദേശികള്‍

വര്‍ക്കല: ലക്ഷങ്ങള്‍ വിലയുള്ള ഇറിഡിയം കോപ്പര്‍ അടങ്ങിയ വിളക്ക് നല്‍കാമെന്നു പറഞ്ഞ് മലപ്പുറം സ്വദേശികളെ വര്‍ക്കലയിലേക്ക് വിളിച്ചു വരുത്തി ബന്ദികളാക്കി 1.42 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ മുഖ്യ പ്രതിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയിലായി. ഏപ്രില്‍ 18 നാണ് സംഭവം നടന്നത്. മലപ്പുറം പൊന്നാനി വട്ടക്കുളം കുറ്റിപാലം ചക്കരപള്ളി വീട്ടില്‍ ഹോട്ടല്‍ ഉടമയായ ഷാഹുല്‍ ഹമീദിനെയും(59) സുഹൃത്ത് മലപ്പുറം നടുവട്ടം സ്വദേശി അബ്ദുല്‍ കരീമിനെയുമാണ്(36) ആറംഗ സംഘം ബന്ദികളാക്കി പണം തട്ടിയെടുത്തത്.

മുഖ്യപ്രതി കൊല്ലം മയ്യനാട് തെക്കുംകര ചേരിയില്‍ സെവന്‍ ഹെവന്‍ വീട്ടില്‍ നിന്നു വര്‍ക്കല തൊട്ടിപാലം കനാല്‍പുറമ്പോക്കില്‍ താമസിക്കുന്ന മുഹമ്മദ് റിയാസ് എന്ന നിവിന്‍ (36), കൂട്ടുപ്രതി ചിലക്കൂര്‍ കനാല്‍പുറമ്പോക്കില്‍ നിസാം(18) എന്നിവരെയാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഏപ്രില്‍ 18ന് മലപ്പുറത്ത് നിന്നു ട്രെയിന്‍ മാര്‍ഗം വര്‍ക്കലയിലെത്തിയ ഷാഹുല്‍ ഹമീദിനെയും അബ്ദുള്‍ കരീമിനെയും മുഖ്യപ്രതിയുടെ നേതൃത്വത്തില്‍ ആറംഗ സംഘം ചിലക്കൂര്‍ ആലിയിറക്കത്തെ ആള്‍ താമസമില്ലാത്ത വീട്ടിലെത്തിച്ചു.

പിന്നീട് കൈയും കാലും കെട്ടിയിട്ടു കഴുത്തില്‍ വാള്‍ കാട്ടി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്ന ഫോട്ടോകള്‍ ഷാഹുല്‍ ഹമീദിന്റെ ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തു പണം ആവശ്യപ്പെട്ടു. ഷാഹുല്‍ ഹമീദിന്റെ പക്കലുണ്ടായിരുന്ന ഒരു ലക്ഷംരൂപ തട്ടിയെടുത്തതിനു പുറമേ വിളക്കിന് പത്തു ലക്ഷം രൂപയാണെന്നും ബാക്കി തുക അക്കൗണ്ട് വഴി നല്‍കണമെന്നായിരുന്നു ആവശ്യം. ഒടുവില്‍ 42,000 രൂപ കൂടി അക്കൗണ്ട് വഴി ബന്ധുക്കള്‍ നല്‍കിയതിനെ തുടര്‍ന്നു അന്നേ ദിവസം രാത്രി ഇരുവരെയും മോചിപ്പിച്ചു പാരിപ്പള്ളി വഴി തൃശൂര്‍ ഭാഗത്തേക്കുള്ള ബസില്‍ കയറ്റി വിട്ടു.

പിറ്റേദിവസം ഷാഹുല്‍ ഹമീദ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു കേസ് റജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്വേഷണം കാര്യമായി നീങ്ങിയില്ല. മൂന്നു മാസത്തിന് ശേഷം കേസ് ഫയല്‍ വര്‍ക്കല പൊലീസിന് കൈമാറിയതിനു പിന്നാലെയായിരുന്നു പ്രതികളില്‍ രണ്ടു പേരെ പിടികൂടിയത്. മുഖ്യപ്രതി റിയാസ് കടയ്ക്കല്‍, പള്ളിക്കല്‍, ചാവക്കാട്, കൊട്ടിയം, വര്‍ക്കല, ചവറ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു യുവതികളെ പല പേരുകളില്‍ പരിചയപ്പെട്ട് വിവാഹത്തട്ടിപ്പ് നടത്തിയിട്ടുമുണ്ട്. കൂടാതെ ഇറിഡിയം കോപ്പര്‍, വെള്ളിമൂങ്ങ, ഇരുതലമൂരി എന്നിവ നല്‍കാമെന്നു പറഞ്ഞ് തൃശൂര്‍, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ ഒട്ടേറെപ്പേരെ ഇയാള്‍ വഞ്ചിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ബന്ദിയാക്കല്‍ കേസിലെ നാലു പേര്‍ക്കായി അന്വേഷണം തുടരുന്നതായി ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍ അറിയിച്ചു.

പത്തു ലക്ഷം രൂപയായിരുന്നു പ്രതികള്‍ വിളക്കിന് ചാര്‍ത്തിയ വില. പ്രാരംഭ തുകയായ ഒരു ലക്ഷവുമായി വര്‍ക്കലയിലെത്തിയപ്പോഴാണ് ഇരുവരെയും കെട്ടിയിട്ടു ബന്ദിയാക്കിയത്.ഷാഹുല്‍ ഹമീദിനെ ബന്ദിയാക്കിയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ഫോണിലൂടെ വാട്‌സാപ്പ് വഴി മകന് അയച്ചു നല്‍കി. ഇവരില്‍ നിന്നു തട്ടിയെടുത്ത ഒരു ലക്ഷത്തിന് പുറമേ കൂടുതല്‍ പണം അക്കൗണ്ട് വഴി തട്ടിയെടുക്കലായിരുന്നു ലക്ഷ്യം. ഒടുവില്‍ ബന്ധുക്കള്‍ 42,000 രൂപ വര്‍ക്കലയിലെ ഫെഡറല്‍ ബാങ്ക് അക്കൗണ്ട് വഴി അയച്ചു കൊടുത്തതിന് ശേഷമാണ് ഇരുവരെയും പോകാന്‍ അനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button