ആലപ്പുഴ: ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ കഴിയാതിരുന്ന കായംകുളം സ്വദേശി മറിയാമ്മ ഫിലിപ്പിന്റെ മൃതദേഹം സംസ്‌കരിച്ചു. സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കും ഭരണകൂടത്തിന്റെ ഇടപെടലുകള്‍ക്കും ഒടുവില്‍ ഒരാഴ്ചയ്ക്ക് ശേഷമാണ് മൃതദേഹം സംസ്‌കരിക്കുന്നത്. കാദിശ പള്ളി സെമിത്തേരിക്ക് പുറത്ത് സ്വന്തം സ്ഥലത്ത് കല്ലറ ഒരുക്കി സംസ്‌കാരം നടത്തണമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. ഇത് യാക്കോബായ സഭ അംഗീകരിച്ചതോടെയാണ് ഒരാഴ്ചയിലധികം നീണ്ടുനിന്ന തര്‍ക്കത്തിന് പരിഹാരമായത്.
84-കാരിയായ മറിയാമ്മ ഫിലിപ്പിന്റെ മൃതദേഹം സംസ്‌കരിക്കാത്ത വിഷയത്തില്‍ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിരുന്നു. എത്രയും വേഗം സംസ്‌കാരം നടത്താന്‍ സംസ്ഥാന ചീഫ് സെക്രട്ടറി കമ്മീഷന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് യാക്കോബായ വിഭാഗവും ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് സെമിത്തേരിക്ക് പുറത്തുള്ള സ്ഥലത്ത് കല്ലറ ഒരുക്കി സംസ്‌കാരം നടത്താന്‍ തീരുമാനത്തിലെത്തിയത്. യാക്കോബായ സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കല്ലറ ഒരുക്കിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്.
അന്ത്യകര്‍മ്മങ്ങള്‍ ഓര്‍ത്തഡോക്സ് വിഭാഗം വൈദികന്‍ നടത്തട്ടെയെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഇത് യാക്കോബായ വിഭാഗത്തിന് സ്വീകാര്യമായിരുന്നില്ല. ഈ പ്രശ്‌നമാണ് തര്‍ക്കത്തിനിടയാക്കിയത്. തര്‍ക്കത്തിനൊടുവില്‍ സംസ്‌കാരം നടത്താന്‍ പുതിയ സ്ഥലം സാജമായതോടെ കാദീശ പള്ളികള്‍ തമ്മില്‍ ഏറെകാലമായുള്ള തര്‍ക്കത്തിനുകൂടിയാണ് താല്‍കാലികമായെങ്കിലും പരിഹാരമാകുന്നത്.
കായംകുളത്തെ കാദീശ ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളികള്‍ കാലങ്ങളായി ഒരു സെമിത്തേരിയാണ് ഉപയോഗിച്ചുവരുന്നത്. സഭാതര്‍ക്ക കേസില്‍ 2013 ല്‍, ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ വിധി വന്നശേഷം ഇടവകയില്‍ ഓരോ മരണം ഉണ്ടാകുമ്പോഴും യാക്കോബായ വിഭാഗം ഹൈക്കോടതിയെ സമീപിച്ച് സംസ്‌കാരം നടത്താനുള്ള ഉത്തരവ് വാങ്ങുകയാണ് പതിവ്. എന്നാല്‍ പുതിയ സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി യാക്കോബായ സഭയ്ക്ക് അനുകൂല ഉത്തരവ് നല്‍കിയില്ല.
Post Your Comments